Thursday July 18th, 2019 - 10:19:am
topbanner
topbanner

ഹോട്ടലുകളില്‍ നിന്നാണോ സ്ഥിരം ഭക്ഷണം കഴിക്കുന്നത്; എന്നാ മുരളി തുമ്മാരുകുടി പറയുന്നത് ശ്രദ്ധിേച്ചാളൂ

JB
ഹോട്ടലുകളില്‍ നിന്നാണോ സ്ഥിരം ഭക്ഷണം കഴിക്കുന്നത്; എന്നാ മുരളി തുമ്മാരുകുടി പറയുന്നത് ശ്രദ്ധിേച്ചാളൂ


കേരളത്തിലെ ഹോട്ടലുകളില്‍ നിന്ന് സ്ഥിരം ഭക്ഷണം കഴിക്കുന്നത് അപകടം വിളിച്ചു വരുത്തല്‍'; മുരളി തുമ്മാരുകുടി പറയുന്നത് ശ്രദ്ധിക്കൂ

തിരുവനന്തപുരം: തലസ്ഥാനത്തെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയിരിക്കുകയാണ്. നഗരസഭ ആരോഗ്യവിഭാഗമാണ് റെയ്ഡ് ചെയ്തു പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്. കേരളത്തിലെ ഹോട്ടലുകളില്‍ നിന്ന് സ്ഥിരം ഭക്ഷണം കഴിക്കുന്നത് അപകടം വിളിച്ചു വരുത്തലാണെന്ന് വ്യക്തമാക്കുകയാണ് മുരളി തുമ്മാരുകുടി. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഒരു മണിക്കൂറിനകം പാചകം നടത്തുന്നതിനെ പറ്റിയുള്ള തന്റെ പോസ്റ്റിന്റെ താഴെ 'ഹോട്ടലില്‍ നിന്നും ഓര്‍ഡര്‍ ചെയ്താല്‍ അതിലും കുറച്ചു സമയം മതി' എന്ന് കളിയായും കാര്യമായും പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഹോട്ടലിലെ ഭക്ഷണം.

ഒരു മണിക്കൂറിനകം പാചകം നടത്തുന്നതിനെ പറ്റിയുള്ള എന്റെ പോസ്റ്റിന്റെ താഴെ 'ഹോട്ടലില്‍ നിന്നും ഓര്‍ഡര്‍ ചെയ്താല്‍ അതിലും കുറച്ചു സമയം മതി' എന്ന് കുറച്ചു പേര്‍ കളിയായും കുറച്ചു പേര്‍ കാര്യമായും പറഞ്ഞു.

വാസ്തവത്തില്‍ എല്ലാവരും എല്ലാ ദിവസവും വീട്ടില്‍ പാചകം ചെയ്യണം എന്നെനിക്ക് ഒരു നിര്ബന്ധവും ഇല്ല. നമ്മുടെ തൊഴില്‍ വേറെ ആവുകയും എല്ലാ ദിവസവും പുറത്തു നിന്ന് കഴിക്കുകയും ചെയ്താല്‍ അതിനും ഒരു പരാതിയില്ല. പക്ഷെ കേരളത്തിലെ ഹോട്ടലില്‍ നിന്നും സ്ഥിരം ഭക്ഷണം കഴിക്കുന്നത് അപകടം വിളിച്ചു വരുത്തല്‍ ആണ്, സംശയമില്ല.


പല തരത്തില്‍ ആണ് നമ്മുടെ പൊതുവെ ഹോട്ടലുകള്‍ നമ്മുടെ ആരോഗ്യം കുഴപ്പത്തില്‍ ആക്കുന്നത്.

1. പരമാവധി ലാഭം ഉണ്ടാക്കുക എന്നതാണ് പൊതുവെ ഹോട്ടലുകാരുടെ ഉദ്ദേശം അതുകൊണ്ട് ഗുണ നിലവാരം ഉള്ളതോ ആരോഗ്യകരമായതോ ആയ വസ്തുക്കള്‍ ഉപയോഗിച്ച് പാചകം ചെയ്യാന്‍ അവര്‍ക്ക് പ്രത്യേകിച്ച് ഒരു താല്പര്യവും ഇല്ല. ഉപയോഗിക്കുന്ന എണ്ണ, നിറമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍, മസാലകള്‍ ഇതിലൊന്നും കസ്റ്റമറുടെ ആരോഗ്യം അല്ല പ്രധാനം. ലാഭം കൂട്ടുന്ന ആരോഗ്യകരമല്ലാത്ത പല പൊടിക്കൈകളും റെസ്റ്റോറന്റുകാരുടെ കയ്യില്‍ ഉണ്ട്.

2. നമ്മുടെ മിക്കവാറും ഹോട്ടലുകളില്‍ പാചകം ചെയ്യുന്നത് പാചകത്തെ പറ്റി പ്രത്യേകിച്ച് ഒരു പരിശീലനവും ഇല്ലാത്തവര്‍ ആണ്, കൂടെ നില്‍ക്കുന്നവരുടെ കാര്യം പറയാനുമില്ല. കസ്റ്റമറുടെ ആരോഗ്യത്തെ പറ്റി രണ്ടാമതൊന്നു ചിന്തിക്കാതെ ഓരോന്ന് ചെയ്യാനും അവര്‍ക്ക് ഒരു മടിയും ഇല്ല. പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന എണ്ണ അനന്തമായി പുനരുപയോഗം ചെയ്യുന്നത് കൂടാതെ അതിലേക്ക് പുതിയതായി എണ്ണ ഒഴിക്കേണ്ടി വരുമ്പോള്‍ പ്ലാസ്റ്റിഗ് ബാഗില്‍ ഉള്ള എണ്ണ ഒന്ന് പൊട്ടിച്ചൊഴിക്കാന്‍ കൂട്ടാക്കാതെ ബാഗ് മൊത്തമായി തിളച്ച എണ്ണയില്‍ ഇടുന്നത് ഞാന്‍ കണ്ടിട്ടുണ്ട് (വലിയ സദ്യ ഉണ്ടാക്കുന്ന സ്ഥലത്താണ് കേട്ടോ).

3. ഒട്ടും ആരോഗ്യകരമല്ലാത്ത സാഹചര്യത്തിലാണ് പാചകം നടക്കുന്നത്. നമ്മുടെ നല്ല ഹോട്ടലുകളുടെ പോലും അടുക്കള പോയി കണ്ടാല്‍ പിന്നെ അവിടെ നിന്ന് കഴിക്കാന്‍ തോന്നില്ല.

4. ഭക്ഷണം ഉണ്ടാക്കുന്നതിന് മുന്‍പും ഉണ്ടാക്കിയതിന് ശേഷവും മാംസവും പച്ചക്കറികളും പാചകം ചെയ്ത വിഭവങ്ങളും ഒക്കെ സ്റ്റോര്‍ ചെയ്യുന്നതും ആരോഗ്യകരമായിട്ടല്ല. എന്നാണ് ഒരു വസ്തു ഉണ്ടാക്കിയത്, എത്ര നാളായി പുറത്തോ കോള്‍ഡ് സ്റ്റോറിലോ ഫ്രിഡ്ജിലോ ഒക്കെ ഇരിക്കുന്നു എന്നതിന് പ്രത്യേകിച്ച് കണക്കുകള്‍ ഒന്നുമില്ല.

പൊതുജനങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ ഉള്ള സ്ഥലങ്ങളുടെ വൃത്തിയും സുരക്ഷയും ഒക്കെ നോക്കാന്‍ നമുക്ക് വകുപ്പുകള്‍ ഉണ്ട്, ആവശ്യത്തിന് നിയമങ്ങളും. പക്ഷെ ഈ വകുപ്പില്‍ ജീവനക്കാരുടെ എണ്ണം തീരെ കുറവാണ്, ഉള്ളവരില്‍ ഒരു ഭാഗത്ത് അഴിമതിയും ഒരു ഭാഗത്ത് സമ്മര്‍ദ്ദങ്ങളും ആണ്. കാരണം എന്താണെങ്കിലും ഈ സംവിധാനം വേണ്ട തരത്തില്‍ നടക്കുന്നില്ല എന്നതിന് തെളിവ് നമ്മുടെ ചുറ്റും എവിടേയും ഉണ്ട്. 'Proof of the pudding is in eating' എന്ന ചൊല്ലിന് ഇവിടെ പല അര്‍ത്ഥങ്ങള്‍ ആണ്.

പക്ഷെ ഒന്ന് കൂടി പറയണം, നിയമങ്ങള്‍ ഒക്കെ പാലിച്ച്, വൃത്തിയായി, നല്ല വസ്തുക്കള്‍ ഉപയോഗിച്ച്, പാചകത്തില്‍ എന്തെങ്കിലും പരിശീലനം ഉള്ളവരെ കൊണ്ട് മാത്രം പാചകം ചെയ്യിച്ച്, പാചകം ചെയ്ത് ബാക്കി വരുന്നവ അനന്തമായി സ്റ്റോര്‍ ചെയ്യാതെ, ഒരിക്കല്‍ ഉപയോഗിച്ച എണ്ണ പത്താമതും ഇരുപതാമതും ഉപയോഗിക്കാതെ ഒക്കെ ഒരു റെസ്റ്റോറന്റ് നടത്തണമെങ്കില്‍ നൂറു രൂപക്ക് ബിരിയാണിയും അമ്പത് രൂപക്ക് മസാലദോശയും കൊടുക്കാന്‍ പറ്റിയെന്ന് വരില്ല. സംവിധാനങ്ങളില്‍ അഴിമതി ഉള്ളതിനാല്‍ കുറച്ചു പേര്‍ക്ക് നിയമങ്ങള്‍ പാലിക്കാതെ പ്രസ്ഥാനങ്ങള്‍ നടത്താനുള്ള അവസരം ഉള്ളിടത്തോളം ഈ സ്ഥിതി തുടരും.

കാര്യങ്ങള്‍ മാറാന്‍ സമയം എടുക്കും, എന്നാലും ഒരു പഞ്ചായത്തിനും കോര്‍പ്പറേഷനും ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്.

1. ആരോഗ്യകരമായി ഭക്ഷണം ഉണ്ടാക്കുന്നതിനെ പറ്റി ഒരു ദിവസത്തെ പരിശീലനം മറ്റുള്ളവര്‍ക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന എല്ലാവര്‍ക്കും നിര്‍ബന്ധം ആക്കുക (കാറ്ററിങ് ആളുകള്‍ ഉള്‍പ്പടെ). ഒരു വര്‍ഷത്തിനകം ഇത്തരം സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ ഹോട്ടലുകളില്‍ പാടില്ല എന്ന് നിബന്ധന വക്കുക.

2. ഓരോ ഹോട്ടലിലും ഓരോ ദിവസവും ഒരു സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധം ആക്കുക. ഹോട്ടലിലെ വൃത്തി അളക്കാന്‍ പറ്റിയ അഞ്ചോ ആറോ വിഷയങ്ങള്‍ ഒരു ചെക്ക് ലിസ്റ്റ് ആയിട്ട് ഉണ്ടാക്കുക (ടേബിള്‍ വൃത്തിയാണോ, അടുക്കള എങ്ങനെ ഉണ്ട്, കോള്‍ഡ് സ്റ്റോറേജില്‍ എത്ര പഴയ സാധനങ്ങള്‍ ഉണ്ട്, ഭക്ഷണം എങ്ങനെയാണ് സ്റ്റോര്‍ ചെയ്തിരിക്കുന്നത്, ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ അതെങ്ങനെ ചെയ്യുന്നു എന്നിങ്ങനെ). ഇതില്‍ ഓരോന്നിലും 'വളരെ നല്ലത്' തൊട്ട് 'ഏറ്റവും അതൃപ്തികരം' വരെ ഉള്ള ഗ്രേഡിംഗ് വക്കുക. എന്നിട്ട് ഓരോ ദിവസവും ഹോട്ടലില്‍ വരുന്ന ഒരു കസ്റ്റമറെ കൊണ്ട് ഇത് പൂരിപ്പിക്കാന്‍ പറയുക, ആ സര്‍ട്ടിഫിക്കറ്റ് കസ്റ്റമറുടെ പേരും ഒപ്പും സഹിതം ഹോട്ടലില്‍ പബ്ലിക്ക് ആയി പ്രദര്‍ശിപ്പിക്കുക.

വളരെ പ്രൊഫഷണല്‍ ആയും വൃത്തിയായും നടക്കുന്ന ഹോട്ടലുകള്‍ ഇല്ല എന്നല്ല കേട്ടോ, മൊത്തത്തില്‍ നോക്കിയാല്‍ അത് കുറവാണ്. ഹോട്ടലിന്റെ ഗ്രേഡിങ്ങും, പെരുമയും രുചിയും ഒന്നുമായി അവിടുത്തെ വൃത്തിക്ക് ബന്ധമില്ല.

നാട്ടില്‍ പോകുമ്പോള്‍ സ്ഥിരമായി ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്ന ആളാണ് ഞാന്‍. ഉടനടി വയറിളക്കം ഉണ്ടാകാതെ നോക്കുക എന്നത് മാത്രമാണ് ശ്രദ്ധിക്കാറുള്ളൂ. പാചകം ചെയ്യാത്ത ഒന്നും കഴിക്കാതിരിക്കുക (സാലഡ്), ജ്യൂസ് വാങ്ങിയാല്‍ അതില്‍ ഒരിക്കലും ഐസ് ഇടാതിരിക്കുക പറ്റിയാല്‍ മധുരവും (പഞ്ചസാരയ്ക്ക് പകരം എന്താണ് ഉപയോഗിക്കുന്നത് എന്ന് പറയാന്‍ പറ്റില്ല), പച്ചവെള്ളമോ കുപ്പി വെള്ളമോ കുടിക്കാതിരിക്കുക (ചൂടാക്കിയ വെള്ളം ആണ് സേഫ്) എന്നിങ്ങനെ മിനിമം മുന്‍കരുതലുകള്‍ എടുക്കും. ചിക്കന്‍ തന്തൂരിക്ക് കളര്‍ ഉണ്ടാക്കുന്ന വസ്തുക്കളും എണ്ണയില്‍ അലിയുന്ന പ്ലാസ്റ്റിക്കും ഒക്കെ എന്നെങ്കിലും ഒക്കെ കാന്‍സര്‍ പിടിപ്പിച്ച് എന്നെ കൊല്ലും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. സ്ഥിരമായി ഹോട്ടലില്‍ നിന്നും കഴിക്കുന്നവര്‍ക്ക് ആ പേടി വേണ്ട, കാരണം അമിതാഹാരം കാരണം ഹാര്‍ട്ട് അറ്റാക്ക് വന്ന് അവരതിന് മുന്‍പേ പോകും.
മുരളി തുമ്മാരുകുടി.
(അഭിപ്രായം വ്യക്തിപരം)

English summary
murali thumarukudy aganist hotel food
topbanner

More News from this section

Subscribe by Email