Friday August 7th, 2020 - 1:05:am

മെയ് 20ഓടെ കാലവര്‍ഷം കേരളത്തിലെത്തിയേക്കും

NewsDesk
മെയ് 20ഓടെ കാലവര്‍ഷം കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: ജൂണ്‍ ആദ്യ ആരംഭിക്കുന്ന ഇടവപ്പാതി ഇത്തവണ നേരത്തെ കേരള തീരത്തെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം ഇരുപതോടെ മഴ ആരംഭിക്കാനാണ് സാധ്യതയെന്ന് കൊച്ചി സര്‍വകലാശാലാ റഡാര്‍ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. എം ജി മനോജ് പറഞ്ഞു.

ഭൂമധ്യരേഖയ്ക്ക് അഞ്ചു ഡിഗ്രി വടക്കുമാറി മണ്‍സൂണ്‍മേഘങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്. ഇത് വേഗത്തില്‍ കേരളതീരത്ത് എത്താന്‍ സാഹചര്യങ്ങളുമുണ്ട്. അന്തരീക്ഷ താപനില ഉയര്‍ന്നുനില്‍ക്കുകയാണ്.

മുന്‍ വര്‍ഷങ്ങളില്‍ മണ്‍സൂണിനെ ദോഷകരമായി ബാധിച്ചിരുന്ന സമുദ്ര പ്രതിഭാസമായ 'എല്‍നിനോ'യുടെ ഭീഷണിയും ഇത്തവണ ഇല്ല. ഇതുമൂലം സമുദ്രതാപനില താഴ്ന്നിരിക്കുകയും കരയിലേക്ക് ശക്തമായി കാറ്റുവീശാന്‍ ഇടയാകുകയും ചെയ്യും. ഈ കാറ്റാണ് മഴമേഘങ്ങളെ കൊണ്ടുവരുന്നത്.

വേനല്‍മഴ ശക്തമായ വര്‍ഷങ്ങളില്‍ കാലവര്‍ഷം പൊതുവെ ദുര്‍ബലമാകുന്നതാണ് അനുഭവം. എന്നാല്‍ ഇത്തവണ വേനല്‍മഴ മോശമില്ലാതെ ലഭിച്ചെങ്കിലും കാലവര്‍ഷത്തെ ബാധിക്കാനിടയില്ലെന്ന് ഡോ. എം ജി മനോജ് പറഞ്ഞു. ജൂണ്‍ ആദ്യ ആഴ്ചകളില്‍ മഴയ്ക്ക് നേരിയ ഇടവേള ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിന്റെ കുറവു തീര്‍ക്കുന്ന മഴ തുടര്‍ന്നുള്ള കാലയളവില്‍ ലഭിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: Monsoon, Kerala
English summary
Monsoon to hit Kerala coast on May 20
topbanner

More News from this section

Subscribe by Email