കണ്ണൂര്‍: റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ അധ്യാപികയുടെ ജീവിതം അമ്പരപ്പിക്കുന്നതാണെന്ന് പോലീസ്. നാറാത്ത് യുപി സ്കൂള്‍ അധ്യാപിക കെ എന്‍ ജ്യോതിലക്ഷ്മി (47)യാണ് വളപട്ടണം കഴിഞ്ഞദിവസം പൊലീസ് പിടിയിലായത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
2015ല്‍ അഴീക്കോട്ടെ മുകുന്ദനില്‍നിന്ന് 42 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസിലാണ് പയ്യാമ്പലം ഗസ്റ്റ്ഹൌസിന് സമീപത്തുനിന്നു ഇവരെ അറസ്റ്റുചെയ്തത്. സ്ഥലം വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് മുകുന്ദനില്നിന്നു പണംവാങ്ങിയത്.
പലതവണ ആവശ്യപ്പെട്ടെങ്കിലും സ്ഥലം രജിസ്റ്റര്‍ ചെയ്ത് നല്‍കാനുള്ള നടപടിയുണ്ടായില്ല. പണം തിരിച്ചുചോദിച്ചപ്പോള്‍ ഭീഷണി മുഴക്കി. പല ആളുകളില്‍നിന്നും ഇതേനിലയില്‍ പണംവാങ്ങി വഞ്ചിച്ചതിനും ജ്യോതി ലക്ഷ്മിക്കെതിരെ കേസുണ്ട്.
കതിരൂരിലെ കുഞ്ഞിക്കണ്ണന് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ പങ്കാളിത്തം നല്‍കാമെന്ന് പറഞ്ഞാണ് 23 ലക്ഷം തട്ടിയത്. ഏറെനാള്‍ കാത്തിരുന്നിട്ടും പണമോ കച്ചവട പങ്കാളിത്തമോ നല്കാന് തയ്യാറാകാതെ ഇയാളെ വഞ്ചിക്കുകയായിരുന്നു. ഇതില്‍ മനംനൊന്ത് കുഞ്ഞിക്കണ്ണന് ആത്മഹത്യ ചെയ്തു.
തളിപ്പറമ്പിലും സമാനമായ തട്ടിപ്പ് നടത്തി. ഭര്‍ത്താവുമായി അകന്നുകഴിയുന്ന ഇവര്‍ ആര്‍ഭാട ജീവിതമാണ് നയിച്ചിരുന്നത്. ഊട്ടി, കൊടൈക്കനാല്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് കാര്‍ യാത്ര നടത്തിയതിന് നാലുലക്ഷം രൂപ വാടക നല്‍കിയിട്ടില്ലെന്നും പരാതിയുണ്ട്. ടാക്സി ഡ്രൈവര്‍ അയൂബ് നല്കിയ പരാതിയില്‍ കണ്ണൂര്‍ ടൌണ്‍ പൊലീസിലും കേസുണ്ട്. അനധികൃതമായി അവധിയെടുത്തതിനാല്‍ സ്കൂളില്‍നിന്ന് പുറത്താക്കല്‍ നടപടി നേരിടുകയാണിപ്പോള്‍.
തട്ടിപ്പിലൂടെ കിട്ടിയ പണം പ്രതി ആഡംബര ജീവിതത്തിനും മക്കളുടെ മെഡിസിന് പഠനത്തിനും ഉപയോഗിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ആകര്‍ഷകമായി വസ്ത്രം ധരിക്കുകയും ഭംഗിയായി സംസാരിക്കുകയും ചെയ്യുന്ന ജ്യോതിലക്ഷ്മി ആരെയും തട്ടിപ്പില്‍ വീഴ്ത്താന്‍ മിടുക്കിയായിരുന്നു.
മകളുടെ വിവാഹത്തിനു വേണ്ടി പണം തിരികെ ചോദിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നാണ് കുഞ്ഞിക്കൃഷ്ണന് കണ്ണൂര്‍ നഗരത്തിലെ ലോഡ്ജ്മുറിയില്‍ കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്തത്.
തുടര്‍ന്ന് ജ്യോതിലക്ഷ്മി നഗരത്തില്‍ പല ഫ് ളാറ്റുകളിലായി മാറിമാറി താമസിക്കുകയായിരുന്നു. കക്കാട് കോര്‍ജാന്‍ സ്കൂളിനു സമീപവും ബെല്ലാര്‍ഡ് റോഡിലും താമസിച്ചു. കോയമ്പത്തൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലും തട്ടിപ്പു നടത്തിയിട്ടുണ്ട്.
വല്ലപ്പോഴും മാത്രമാണു സ്കൂളില്‍ പോയിരുന്നത്. പ്രൊട്ടക്റ്റഡ് അധ്യാപികയായതിനാല്‍ അഴീക്കല്‍ ഗവ. ഫിഷറീസ് എല്‍പി സ്കൂളിലും കുറച്ചുകാലം ജോലി ചെയ്തിരുന്നു. അവിടെ നിന്നു നാറാത്ത് സ്കൂളിലേക്കു തിരിച്ചുപോയ ശേഷം കൃത്യമായി ജോലിക്കു ഹാജരായിരുന്നില്ല.
അനധികൃതമായി അവധിയെടുത്തതിന് ഡിഇഒ വിശദീകരണം ചോദിച്ചെങ്കിലും മറുപടി കൊടുത്തില്ല. ജ്യോതിലക്ഷ്മിയുടെ രണ്ടു മക്കള്‍ എംബിബിഎസ് വിദ്യാര്‍ഥിനികളാണ്.
ചില പണമിടപാടുകളില്‍ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു. ജ്യോതിലക്ഷ്മിയെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. തട്ടിയെടുത്ത പണം ഉപയോഗിച്ച് അടിച്ചുപൊളിച്ചു ജീവിച്ച ജ്യോതിലക്ഷ്മി പതിവായി വിനോദയാത്ര നടത്തിയിരുന്നതായി പൊലീസ് പറയുന്നു.
കാര്‍ വാടകയ്ക്കെടുത്താണു യാത്ര. മുന്തിയ ഹോട്ടല്‍മുറികളില്‍ താമസിക്കും. വില കൂടിയ വസ്ത്രങ്ങളാണു ധരിക്കുക. ഭക്ഷണം മുന്തിയ ഹോട്ടലുകളില്‍ നിന്ന്. പക്ഷേ ടാക്സിക്കാര്‍ക്കു കൃത്യമായി കാശു കൊടുക്കാറില്ല.
പലപ്പോഴും ഇന്ധനം നിറയ്ക്കാനുള്ള പണം മാത്രമേ കൊടുക്കൂ. ഇതേ തടര്‍ന്നാണ് ടാക്സി ഡ്രൈവര്‍ പരാതി നല്‍കിയത്. അറസ്റ്റിലാകുമ്പോള്‍ ഒപ്പം ബന്ധുവെന്ന് അവകാശപ്പെട്ട യുവാവുണ്ടായിരുന്നു. വിനോദയാത്രകളില്‍ വനിതാ സുഹൃത്തുക്കളാണു കൂടെയുണ്ടായിരുന്നതെന്നാണു ടാക്സി ഡ്രൈവര്‍മാരുടെ മൊഴി.