Thursday June 4th, 2020 - 7:53:pm

ഇന്ത്യയില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധ തൃശൂരില്‍ : രോഗി അതീവ ഗുരുതരാവസ്ഥയിലല്ലെന്ന് മന്ത്രി കെ.കെ. ശൈലജ

Anusha Aroli
ഇന്ത്യയില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധ തൃശൂരില്‍ : രോഗി അതീവ ഗുരുതരാവസ്ഥയിലല്ലെന്ന് മന്ത്രി കെ.കെ. ശൈലജ

തൃശൂർ : ചൈനയിലെ വുഹാനില്‍നിന്ന് എത്തിയ ഒരു മലയാളി വിദ്യാര്‍ഥിക്കു കൊറോണ വൈറസ് ബാധയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദ്യം വെളിപ്പെടുത്തിയത്. തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണു രോഗിയെന്ന്‌ സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗി അതീവ ഗുരുതരാവസ്ഥയിലല്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രോഗിയുടെ പേരു വെളിപ്പെടുത്തിയിട്ടില്ല. ആരോഗ്യമന്ത്രി ഉന്നതാധികാര യോഗം വിളിച്ചു. മന്ത്രി ഇന്നു രാത്രി തൃശൂരിലെത്തും. പരിശോധനയ്ക്ക് അയച്ച 11 പേരുടെ സാമ്പിളുകളില്‍ ഒരാളുടെ ഫലം വരാനുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. കൊറോണ രോഗലക്ഷണങ്ങളുള്ള 288 പേരാണ് കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്.

കൊറോണ വൈറസ് ബാധിച്ചാല്‍ തുടക്കം ജലദോഷപ്പനി പോലെ

സാധാരണ ജലദോഷപ്പനിയാണു കൊറോണ വൈറസ് ബാധയുടെ ആദ്യ ലക്ഷണം. വലിയ കൂട്ടം വൈറസുകളാണ് കൊറോണ. മൃഗങ്ങള്‍ക്കിടയില്‍ കണ്ടിരുന്ന ഈയിനം വൈറസുകള്‍ ഇപ്പോള്‍ മനുഷ്യരിലേക്കു പടര്‍ന്നിരിക്കുന്നു. നിപ്പ വൈറസ് പോലെത്തന്നെ അന്തരീക്ഷത്തിലൂടെ പടരും.
ജലദോഷത്തിനു പിറകേ ന്യൂമോണിയയാണ് ലക്ഷണം. തുടര്‍ന്ന് അവ ശ്വാസനാളിയെ ബാധിക്കും. രോഗം ഗുരുതരമായാല്‍ സാര്‍സ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം.

ലക്ഷണങ്ങള്‍
ജലദോഷ പനിയായി തുടങ്ങി ശ്വാസകോശ നാളിയെ ബാധിക്കുന്ന രോഗമാണിത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഇവ ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. പ്രതിരോധം ദുര്‍ബലമായ പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരില്‍ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങള്‍ പിടിപെടും.
വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണും. രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. തുമ്മല്‍, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും.

വൈറസ് പടരുന്നത്
ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായില്‍ നിന്ന് പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയില്‍ വൈറസുകള്‍ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകള്‍ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പര്‍ശിക്കുമ്പോഴോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം.
വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കള്‍ മറ്റൊരാള്‍ സ്പര്‍ശിച്ച് പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.

ചികിത്സ
കൊറോണ വൈറസിനു ചികിത്സയില്ല. പ്രതിരോധ വാക്സിനും ഇല്ല. രോഗിയെ ഒറ്റയ്ക്കാക്കി പകര്‍ച്ചപ്പനിക്കു നല്‍കുന്നതു പോലെ ലക്ഷണങ്ങള്‍ക്കനുസരിച്ചു പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് നല്‍കുന്നത്. രോഗിക്ക് വിശ്രമം അനിവാര്യമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായി ധാരാളം വെള്ളം കുടിക്കണം.

ജാഗ്രത വേണം
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഉറപ്പാക്കണം.
കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം.
പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങള്‍ ഉള്ളവരോട് അടുത്ത് ഇടപഴകരുത്.
മാസംവും മുട്ടയുമൊക്കെ നന്നായി വേവിച്ചശേഷം മാത്രമേ കഴിക്കാവൂ.
വളര്‍ത്തുമൃഗങ്ങളുമായി പോലും സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ ഇടപഴകരുത്.
യാത്ര ചെയ്യുന്നവര്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരില്‍നിന്ന് അകലം പാലിക്കണം.
മുഖത്തു മാസ്‌ക് ധരിക്കണം.

 

English summary
minister kk shailaja about corona virus thrissur
topbanner

More News from this section

Subscribe by Email