Monday August 10th, 2020 - 2:43:pm

പുതു തലമുറയുടെ അറിവും സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്താൻ കരിയർ നയം വഴി സാധിക്കും : മന്ത്രി ടി. പി. രാമകൃഷ്ണൻ

Anusha Aroli
പുതു തലമുറയുടെ അറിവും സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്താൻ കരിയർ നയം വഴി സാധിക്കും : മന്ത്രി ടി. പി. രാമകൃഷ്ണൻ

കേരളത്തിൽ രൂപീകരിക്കാനുദ്ദേശിക്കുന്ന കരിയർ നയത്തിന്റെ കരട് രേഖയിൻമേലുള്ള ചർച്ചയ്ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടന്ന ഏകദിന ശില്പശാല തൊഴിൽവകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആധുനിക കാലത്തിനനുസൃതമായ വ്യക്തിത്വവികാസവും നൈപുണ്യശേഷിയും നേടുന്നതിന് യുവാക്കളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കരിയർ നയം രൂപീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പുതു തലമുറയുടെ അറിവും സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്താൻ കരിയർ നയം വഴി സാധിക്കും. വ്യക്തിത്വവികസനവും നൈപുണ്യശേഷിയുമാണ് ഇന്നത്തെ തൊഴിൽമേഖലയുടെ ആവശ്യം. ഇതിന് യൂവാക്കളെ പ്രാപ്തമാക്കാനുള്ള ശ്രമങ്ങളാണ് തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നത്. ഇന്ന് സംസ്ഥാനത്ത് ലഭ്യമായിക്കൊണ്ടിരിക്കുന്ന കരിയർ ഡവലപ്മെന്റ് സേവനങ്ങൾ സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾക്കും വിലയിരുത്തലുകൾക്കും വിധേയമാക്കേണ്ട സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു.

ഈ മേഖലയിലെ അനന്തസാധ്യതകൾ പലവിധത്തിൽ ചൂഷണം ചെയ്യപ്പെടുന്നു. തൊഴിൽപരിശീലനരംഗത്തും നൈപുണ്യശേഷി വികസനത്തിലും സർക്കാർ കാതലായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ സ്ഥാപനങ്ങളും കോഴ്സുകളും ആരംഭിക്കുന്നതും ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ്. കരിയർ ഡവലപ്മെന്റ് സെന്ററുകൾ എന്ന നൂതന പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചു. സർക്കാർ മേഖലയിൽ രാജ്യത്ത് ആദ്യത്തെ കരിയർ ഡവലപ്മെന്റ് സെന്റർ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് തുടങ്ങിയത്.

തുടർന്ന് ചിറ്റൂർ, നെയ്യാറ്റിൻകര, പാലോട്, കായംകുളം, എന്നിവിടങ്ങളിലും സെന്റർ തുടങ്ങി. അടൂർ, വൈക്കം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ സെന്റർ തുടങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസുകളോടനുബന്ധിച്ച് എംപ്ലോയബിലിറ്റി സെന്ററുകളും പ്രവർത്തിക്കുന്നു. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിനെ സംസ്ഥാന നൈപുണ്യവികസന മിഷനായി പ്രഖ്യാപിച്ചു. ചവറയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആന്റ് കൺസ്ട്രക്ഷൻ ആരംഭിച്ചു. 17 പുതിയ സർക്കാർ ഐ.ടി.ഐകളും ഈ കാലയളവിൽ ആരംഭിച്ചു. സ്ത്രീ സൗഹൃദ തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തി വരുന്നു.

എല്ലാവർക്കും ഇരിപ്പിടം അവകാശമാക്കാനും സാധിച്ചു. സർക്കാർ, അർധസർക്കാർ, സ്വകാര്യ മേഖലകളിലെ തൊഴിവസരങ്ങൾക്ക് തൊഴിൽമേളകൾ സംഘടിപ്പിച്ചതായും മന്ത്രി വിശദീകരിച്ചു. കരിയർ വികസന പദ്ധതിയുടെ പ്രയോജനം ഗ്രാമീണ മേഖലയ്ക്ക് കൂടി ലഭ്യമാക്കാനും തൊഴിൽപരവും വ്യക്തിപരവുമായ വികാസം ഏവർക്കും ഉറപ്പു വരുത്താനും കരിയർ നയത്തിലൂടെ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.

ശില്പശാലയിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ കരട് കരിയർ നയം പ്രഖ്യാപിക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇതിനായി സ്വീകരിക്കും. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം കരിയർ നയം രൂപീകരിക്കുന്നത്.കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ് ചെയർമാൻ വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

കെ. എസ്. ശബരീനാഥൻ എം. എൽ.എ., തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജീത് രാജൻ, നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് (കേരള) ഡയറക്ടർ ചന്ദ്രശേഖർ എസ്., കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ എം. ഷജീന തുടങ്ങിയവർ സംബന്ധിച്ചു. ജോർജ് കെ. ആന്റണി (കിലെ), കെ. എസ്. ശബരീനാഥൻ എം. എൽ. എ., സത്യജീത് രാജൻ, (അഡീ. ചീഫ് സെക്രട്ടറി), എൻ. പി. ചന്ദ്രശേഖരൻ(കൈരളി), ജെ. പ്രസാദ് (എസ്. സി. ഇ. ആർ.ടി), അഹമ്മദ്കുട്ടി ഉണ്ണികുളം എന്നിവരായിരുന്നു മോഡറേറ്റർ പാനൽ അംഗങ്ങൾ,ആസൂത്രണ ബോർഡ് അംഗങ്ങൾ, വിദ്യാഭ്യാസ വിദഗ്ധർ, കരിയർ വിദഗ്ധർ, യുവജന പ്രതിനിധികൾ, വിദ്യാർത്ഥി-യുവജന സംഘടനാനേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ ശിൽപ്പശാലയിൽ പങ്കെടുത്തു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റും നാഷണൽ എംപ്ലോയ്മെന്റ് സർവീസസും(കേരള) സംയുക്തമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.

English summary
minister TP ramakrishnan about career policy
topbanner

More News from this section

Subscribe by Email