Thursday September 23rd, 2021 - 8:12:am

ദുബായിലെത്തിച്ച അഞ്ഞൂറോളം മലയാളി യുവതികള്‍ പെണ്‍വാണിഭ സംഘത്തിലെത്തിയതായി സൂചന

NewsDesk
ദുബായിലെത്തിച്ച അഞ്ഞൂറോളം മലയാളി യുവതികള്‍ പെണ്‍വാണിഭ സംഘത്തിലെത്തിയതായി സൂചന

കൊച്ചി: വന്‍ ശമ്പളത്തില്‍ വീട്ടുജോലി വാഗ്ദാനം ചെയ്ത് കേരളത്തില്‍ നിന്നും ദുബായിലെത്തിച്ച അഞ്ഞൂറോളം യുവതികളെ പെണ്‍വാണിഭ സംഘങ്ങള്‍ക്കു വിറ്റതായി സൂചന.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന മനുഷ്യക്കടത്തു കേസിന്റെ അന്വേഷണത്തിലാണു മലയാളി യുവതികളെ വീട്ടുതടങ്കലിലാക്കി പെണ്‍വാണിഭം നടത്തുന്ന റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്.

സംഭവം നടന്നത് വിദേശത്തായതിനാല്‍ കേസ് അന്വേഷിക്കുന്ന സിബിഐയ്ക്ക് കാര്യമായി ഇടപെടാന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ അജ്മാനിലും മറ്റും കുടുങ്ങിയവരെപ്പറ്റി കുടുതല്‍ അന്വേഷിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവതികള്‍ ഇവരുടെ വലയില്‍ പെട്ടിട്ടുണ്ട്. രക്ഷപ്പെട്ടു നാട്ടിലെത്തിയ യുവതികളുടെ മൊഴിയനുസരിച്ചു ഷാര്‍ജയിലും അജ്മാനിലും തെളിവെടുപ്പു നടത്താനും മഹസര്‍ തയാറാക്കാനും കഴിഞ്ഞില്ല.

സിബിഐ അയച്ചുകൊടുത്ത ചോദ്യാവലിക്കു ദുബായ് പൊലീസ് നല്‍കിയ മറുപടികളുടെ അടിസ്ഥാനത്തിലാണു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിദേശത്തേക്കു സിബിഐക്കു പ്രവേശനം ലഭിച്ചതു മുഖ്യപ്രതി കെ.വി. സുരേഷിനെ ഏറ്റുവാങ്ങാന്‍ മാത്രം.

കേസിലെ വിദേശ പൗരന്മാരായ കുറ്റവാളികളെക്കുറിച്ചു വിവരം ലഭിച്ചിട്ടും ഇവരെ കണ്ടെത്തി ചോദ്യം ചെയ്യാന്‍ അവസരമുണ്ടായില്ല. കേസില്‍ പിടിക്കപ്പെട്ടതു മലയാളികളായ ഇടനിലക്കാര്‍ മാത്രം. പെണ്‍വാണിഭ കേന്ദ്രങ്ങളുടെ യഥാര്‍ഥ നടത്തിപ്പുകാരെ വെളിപ്പെടുത്താന്‍ വിചാരണ നേരിടുന്ന പ്രതികളും തയാറായിട്ടില്ല.

20,000 മുതല്‍ 25,000 രൂപ വരെ ശമ്പളത്തില്‍ വീട്ടുജോലി വാഗ്ദാനം ചെയ്താണ് യുവതികളെ വിദേശത്തേക്കു കടത്തിയത്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പെണ്‍വാണിഭ സംഘത്തിന്റെ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിബിഐക്കു വിവരം ലഭിച്ചു.

മനുഷ്യക്കടത്ത് ഇപ്പോഴും തുടരുന്നതായി കേസിലെ പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു യുവതിയെ കൈമാറുമ്പോള്‍ ഏജന്റുമാര്‍ക്ക് 50,000 രൂപയാണു കമ്മീഷന്‍. ശരിയായ പാസ്‌പോര്‍ട്ട് പോലുമില്ലാത്ത യുവതികളെ കടത്തിയിരുന്നത് വ്യാജ യാത്രാരേഖകള്‍ വച്ചാണ്. പിടിക്കപ്പെട്ടാല്‍ വിദേശത്തു ജയിലില്‍ കഴിയേണ്ടിവരുന്ന സാഹചര്യം പെണ്‍വാണിഭ സംഘങ്ങളുടെ നിര്‍ദേശങ്ങള്‍ക്കു വിധേയരാകാന്‍ ഇവരെ നിര്‍ബന്ധിതരാക്കുകയായിരുന്നു.

Read more topics: Malayali, woman, trafficking, Dubai
English summary
more than 500 Malayali women trafficked to Dubai
topbanner

More News from this section

Subscribe by Email