പാലക്കാട്: നാഗ്പുരിലെ മലയാളിയുവാവിന്റെ മരണത്തില്‍ ഭാര്യയ്ക്ക് പങ്കുണ്ടെന്ന സംശയത്തില്‍ നാഗ്പൂര്‍ പോലീസ് പാലക്കാട്ടെത്തി. ആലപ്പുഴ കായംകുളം പുല്ലുകുളങ്ങര സ്വദേശി നിതിന്നായരുടെ (27) മരണവുമായി ബന്ധപ്പെട്ടാണ് നാഗ്പുര്‍ ബജാജ് നഗര്‍ പോലീസെത്തിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പാലക്കാട് തേങ്കുറുശി വിളയംചാത്തന്നൂര്‍ ഗീതാലയത്തില്‍ സ്വാതിയാണ് നിതിന്റെ ഭാര്യ. മധ്യപ്രദേശിലെ ബേതുളില്‍ താമസിക്കുന്ന കായംകുളം പുല്ലുകുളങ്ങര സ്വദേശി നിതിന്‍നായരെ കഴിഞ്ഞ ഏപ്രില്‍ 29 നാണ് നാഗ്പൂരിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.
വീണ് തലയ്ക്ക് പരിക്കേറ്റെന്നാണ് സ്വാതി അറിയിച്ചത്. നിതിന്റെ വീട്ടുകാരെത്തിയപ്പോഴേക്കും മരിച്ചുകിടക്കുന്നതാണ് കണ്ടത്. മൃതദേഹപരിശോധനയിലാണ് ശ്വാസംമുട്ടിയാണ് മരണമെന്ന് കണ്ടെത്തിയത്.
2016ലായിരുന്നു നിതിന്റെയും സ്വാതിയുടെയും വിവാഹം. മറ്റൊരു ബന്ധത്തില്‍ വിവാഹമോചിതയായ ശേഷമാണ് സ്വാതി നിതിനുമായി അടുക്കുന്നത്. ശവസംസ്കാരച്ചടങ്ങുകള്‍ക്കുശേഷം സ്വാതി സ്വന്തം വീട്ടുകാര്‍ക്കൊപ്പം പോയിരുന്നു. സ്വാതിയും കുടുംബവും ഇപ്പോള്‍ ഒളിവിലാണ്.
ബിസിനസ് ആവശ്യത്തിനായി സ്വാതിയുടെ കുടുംബം മധ്യപ്രദേശിലായിരുന്നു. ഇങ്ങനെയുണ്ടായ പരിചയമാണ് വിവാഹത്തിലെത്തിയത്. നിതിന്റെ മരണത്തിനുപിന്നാലെ അസുഖബാധിതനായി അച്ഛന് രമേഷ്നായരും മരിച്ചു.
നിതിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസിന്റെ അന്വേഷണം. സ്വാതിയെയും കുടുംബത്തെയുംപറ്റി കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നതുവരെ നാഗ്പുര്‍ പോലീസ് പാലക്കാട്ടുണ്ടാവുമെന്നാണ് സൂചന.