പൂണെ: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പൂണെയില്‍ മലയാളിയായ ഹോട്ടലുടമ മര്‍ദനമേറ്റ് മരിച്ചു.കണ്ണൂര്‍ പെരളശ്ശേരി സ്വദേശി അബ്ദുല്‍ അസീസ് (56) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ ഖേഡ് ശിവാപുരിലാണ് സംഭവം. ഹോട്ടലിന്റെ സ്ഥലമുടമയും പെട്രോള്‍ പമ്പ് ഉടമയുമായ സഞ്ജയ് കോണ്ടേ അബ്ദുല്‍ അസീസുമായി അഴുക്ക് ചാലിനെപ്പറ്റി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഇതിനിടെ അസീസിനെ സഞ്ജയ് വടികൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തു. അബോധാവസ്ഥയിലായ അസീസിനെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. മുമ്പും സഞ്ജയ് പലതവണ തങ്ങളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് അസീസിന്റെ മകന് റയിസ് പറഞ്ഞു.
അബ്ദുല്‍ അസീസിന്റെ മൃതദേഹം പൂണെ സസൂണ്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം പെരളശേരിയിലേക്ക് കൊണ്ടു പോയി. 46 വര്‍ഷമായി സത്താറ റോഡിലെ ഖേഡ് ശിവാപുരില്‍ സാഗര്‍ ഹോട്ടല്‍ നടത്തി വരികയാണ് അബ്ദുള്‍ അസീസ്. നജ്മയാണ് ഭാര്യ. മക്കള്‍: റയിസ്, റമീസ്, നജീറ, റഹീന. ഖേഡ് ശിവാപുര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.