Wednesday October 27th, 2021 - 2:02:am

കോവിഡ് 19: മലയാളത്തിന് വിഷുക്കൈനീട്ടമായി മലപ്പുറത്തു നിന്ന് ആറു പേര്‍ പുതു ജീവിതത്തിലേക്ക്

Anusha Aroli
കോവിഡ് 19: മലയാളത്തിന് വിഷുക്കൈനീട്ടമായി മലപ്പുറത്തു നിന്ന് ആറു പേര്‍ പുതു ജീവിതത്തിലേക്ക്

മലപ്പുറം : ആഗോള ഭീഷണിയായ കോവിഡ് 19 ന് എതിരെ കേരളത്തിന്റെ പ്രതിരോധം ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുമ്പോള്‍ മലയാളത്തിന് വിഷുക്കൈനീട്ടമായി മലപ്പുറത്തു നിന്ന് ആറു പേര്‍ പുതു ജീവിതത്തിലേക്ക്. വൈറസ് ബാധിച്ച് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തരായ ആറുപേര്‍ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്നു പുറത്തെത്തിയപ്പോള്‍ അത് നാട് കാത്തിരുന്ന പ്രതീക്ഷയുടെ പൊന്‍കണിയായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാറും ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്നൊരുക്കിയ പ്രതിരോധത്തിലൂടെ ജീവിതം തിരിച്ചു പിടിച്ച് രോഗമുക്തി നേടിയവര്‍ വിഷുത്തലേന്ന് വീട്ടിലേക്ക് മടങ്ങിയത് അവിസ്മരണീയമായി.

malappuram covid recovered 6 people

ജില്ലയിലെ ആദ്യ കോവിഡ് ബാധിതരില്‍ ഒരാളായ അരീക്കോട് ചെമ്രക്കാട്ടൂര്‍ വെള്ളേരി സ്വദേശിനി അറുപതുകാരിയായ ഫാത്തിമയാണ് ആദ്യം പുറത്തേക്ക് വന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും സംസ്ഥാന സര്‍ക്കാരിനും നന്ദി പറഞ്ഞുകൊണ്ട് വിതുമ്പലോടെയാണ് അവര്‍ മടങ്ങിയത്. ന്യുമോണിയ ബാധിതയായിരുന്ന ഇവര്‍ പൂര്‍ണ ആരോഗ്യവതിയായാണ് വീട്ടിലേക്ക് തിരിച്ചു പോയത്. മാര്‍ച്ച് 13നാണ് ഇവര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചത്.

വേങ്ങര കൂരിയാട് സ്വദേശി അബ്ദുള്‍ കരീം (31), താനാളൂര്‍ മീനടത്തൂര്‍ സ്വദേശി അലിഷാന്‍ സലീം (22), മാര്‍ച്ച് 22ന് രോഗബാധ കണ്ടെത്തിയ വള്ളിക്കുന്ന് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി മുഹമ്മദ് സഹദ് (24), മാര്‍ച്ച് 29 ന് രോഗബാധ കണ്ടെത്തിയ മഞ്ചേരി പയ്യനാട് സ്വദേശി മുഹമ്മദ് ബഷീര്‍ (41), ഏപ്രില്‍ ഒന്നിന് കോവിഡ് ബാധ സ്ഥിരീകരിച്ച എടപ്പാള്‍ സ്വദേശി ഫാസില്‍ (31) എന്നിവര്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് പിന്നാലെയെത്തി. കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ചികിത്സയും പരിചരണവുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സംസ്ഥാന സര്‍ക്കാരിനും നിറഞ്ഞ മനസ്സോടെ നന്ദി പറയുന്നുവെന്നും ഇവര്‍ പ്രതികരിച്ചു.

അബുദാബിയില്‍ ജോലി തേടി വിസിറ്റിങ്ങ് വിസയില്‍ പോയ വേങ്ങര കൂരിയാട് സ്വദേശി അബ്ദുള്‍ കരീം (31) മാര്‍ച്ച് 19 നാണ് നാട്ടിലെത്തിയത് 21 ന് വൈറസ്ബാധ സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്‌കോട്ലന്‍ഡില്‍ എം.ബി.എ വിദ്യാര്‍ത്ഥിയായിരുന്ന താനാളൂര്‍ മീനടത്തൂര്‍ സ്വദേശി പാറപ്പുറത്ത് അലിഷാന്‍ സലീം (22) മാര്‍ച്ച് 18 നാണ് നാട്ടിലേക്കെത്തിയത.് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സാംപിള്‍ പരിശോധിച്ച ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ രോഗം സ്ഥിരീകിച്ച് മാര്‍ച്ച് 21 ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ദുബായില്‍ ജോലിയുടെ ആവശ്യത്തിന് വേണ്ടി വിസിറ്റിംഗ് വിസയില്‍ പോയ കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി പുതിയ നാലകത്ത് മുഹമ്മദ് സഹദ് (24) മാര്‍ച്ച് 21 ന് പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തിയത്. അവിടെ നിന്നും ആംബുലന്‍സില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന സഹദിനെ മാര്‍ച്ച് 22 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

malappuram covid recovered people

ദുബായില്‍ നിന്ന് മാര്‍ച്ച് 19ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ മഞ്ചേരി പയ്യനാട് സ്വദേശി മുഹമ്മദ് ബഷീര്‍ (41) പരിശോധനകള്‍ പൂര്‍ത്തിയാക്കി വീട്ടില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതു സമ്പര്‍ക്കമില്ലാതെ സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. 24 ന് രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു.

എടപ്പാള്‍ സ്വദേശി ഫാസില്‍ (31) മാര്‍ച്ച് 19 നാണ് ഷാര്‍ജയില്‍ നിന്ന് ജില്ലയിലെത്തിയത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം സ്വയം നിരീക്ഷണം ആരംഭിച്ചു. മാര്‍ച്ച് 30 ന് രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് 108 ആംബുലന്‍സില്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തി സാമ്പിള്‍ നല്‍കിയ ശേഷം വീട്ടിലേക്കു മടങ്ങി. ഏപ്രില്‍ ഒന്നിന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ഇവര്‍ വീട്ടിലേക്കു മടങ്ങുന്നതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം എട്ടായി. ജില്ലയിലെ ആദ്യ കോവിഡ് ബാധിത വണ്ടൂര്‍ വാണിയമ്പലം സ്വദേശിനി മറിയക്കുട്ടി, തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശി പന്നിക്കോറ മുഹമ്മദ് മുസ്തഫ എന്നിവര്‍ കോവീഡ് രോഗവിമുക്തരായി നേരത്തെ വീട്ടിലേക്ക് മടങ്ങിയിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി. ശശി, സൂപ്രണ്ടും കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസറുമായ ഡോ. കെ.വി. നന്ദകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ് ബാബു തുടങ്ങിയവര്‍ ചേര്‍ന്നാണ് ഇവരെ യാത്രയച്ചത്.

English summary
malappuram covid 19 recovered people
topbanner

More News from this section

Subscribe by Email