Saturday September 19th, 2020 - 8:15:am

മലപ്പുറത്ത് നാല് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് ബാധ : വൈറസ് ബാധ സ്ഥിരീകരിച്ചത് മഞ്ചേരി പയ്യനാട് സ്വദേശിയായ പെണ്‍കുഞ്ഞിന്

Anusha Aroli
മലപ്പുറത്ത് നാല് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് ബാധ : വൈറസ് ബാധ സ്ഥിരീകരിച്ചത് മഞ്ചേരി പയ്യനാട് സ്വദേശിയായ പെണ്‍കുഞ്ഞിന്

മലപ്പുറം : ജില്ലയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മഞ്ചേരി പയ്യനാട് സ്വദേശിയുടെ മകള്‍ക്കാണ് രോഗബാധ. കുട്ടി ഇപ്പോള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയ്ക്ക് വൈറസ് ബാധയേല്‍ക്കാനിടയായ സാഹചര്യമെന്തെന്ന് പരിശോധിച്ചുവരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹൃദ്‌രോഗവും വളര്‍ച്ചാ കുറവുമുള്‍പ്പടെ വിവിധ രോഗങ്ങളുള്ള കുട്ടി കഴിഞ്ഞ മൂന്ന് മാസമായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയിലായിരുന്നു. ഏപ്രില്‍ 17 ന് പയ്യനാടുള്ള വീട്ടില്‍വച്ച് ശ്വാസ തടസം അനുഭവപ്പെട്ട കുട്ടിയെ ഉച്ചയ്ക്ക് 12 മണിയ്ക്ക് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കി.

ന്യുമോണിയ കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പനിയും ശ്വാസ തടസവും അനുഭവപ്പെട്ട കുട്ടിയെ ഏപ്രില്‍ 17 മുതല്‍ 21 വരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി. അപസ്മാരമുണ്ടായതിനെ തുടര്‍ന്ന് 21 ന് പുലര്‍ച്ചെ 3.30 ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. രാവിലെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു.

ഇന്നലെ (ഏപ്രില്‍ 22) കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ കുട്ടിയുള്ളത്.

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 33 പേര്‍ കൂടി നിരീക്ഷണത്തില്‍ : ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 4,126 പേര്‍

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 22) മുതല്‍ 33 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 4,126 ആയി. 30 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് 30 പേരും ഐസൊലേഷനിലുള്ളത്. 4,028 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 68 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.

ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് ഏഴ് പേര്‍

ജില്ലയില്‍ ഏഴ് പേരാണ് കോവിഡ് ബാധിതരായി ഐസൊലേഷനില്‍ ചികിത്സയില്‍ തുടരുന്നത്. ആറ് പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും നാല് മാസം പ്രായമുള്ള കുട്ടി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. 20 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 12 പേര്‍ വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തരായി ആശുപത്രി വിട്ടു. ഒരാള്‍ രോഗമുക്തനായ ശേഷം ആശുപത്രിയില്‍ തുടര്‍ ചികിത്സയിലിരിക്കെ മരിച്ചു.

20 പേര്‍ക്ക് കൂടി കോവിഡ് ബാധയില്ല

കോവിഡ് 19 ബാധിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ നിന്ന് സാമ്പിളുകള്‍ പരിശോധനയ്ക്കു നല്‍കിയ 20 പേര്‍ക്ക് കൂടി കോവിഡ് ബാധയില്ലെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതുവരെ 1,602 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 37 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ജില്ലയില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരുന്നു

• ദ്രുത കര്‍മ്മ സംഘങ്ങള്‍ ഇന്നലെ സന്ദര്‍ശിച്ച പ്രത്യേക നിരീക്ഷണത്തിലുള്ളവര്‍ കഴിയുന്ന വീടുകള്‍ - 1,937
• നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്ന് 2,194 സ്‌ക്വാഡുകള്‍ പരിശോധിച്ച് ഉറപ്പാക്കുന്നു.
• ഇന്നലെ കണ്‍ട്രോള്‍ സെല്ലുമായി ഫോണില്‍ ബന്ധപ്പെട്ടവര്‍ - 112
• മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാക്കിയത് - 145
• കൗണ്‍സലിങ് നല്‍കിയത് - ആറ്
• നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി പാലിയേറ്റീവ് നഴ്‌സുമാര്‍ ഇന്നലെ കണ്ടെത്തിയ മുതിര്‍ന്ന പൗരന്മാര്‍ - 320

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്നലെ സാമൂഹിക അടുക്കളകളില്‍നിന്ന് 8,215 പേര്‍ക്ക് സൗജന്യമായി ഉച്ച ഭക്ഷണം നല്‍കി

ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭക്ഷണ ലഭ്യത ഉറപ്പു വരുത്താന്‍ സാമൂഹിക അടുക്കളകള്‍ വഴി ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 22) 8,215 പേര്‍ക്ക് സൗജന്യമായി ഉച്ച ഭക്ഷണം നല്‍കി. അവശ വിഭാഗങ്ങള്‍ക്കും നിത്യ രോഗികള്‍ക്കും അഗതികള്‍ക്കുമെല്ലാം സൗജന്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥപനങ്ങള്‍ വഴി ഭക്ഷണ പൊതികള്‍ നല്‍കുന്നത്. ഇതുള്‍പ്പെടെ 9,361 പേര്‍ക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. 3,476 പേര്‍ക്ക് അത്താഴവും 1,127 പേര്‍ക്ക് പ്രാതലും ഇന്നലെ വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

ഇന്നലെ ഗ്രാമ പഞ്ചായത്തുകളില്‍ 5,243 പേര്‍ക്കാണ് ഉച്ചഭക്ഷണം നല്‍കിയത്. ഇതില്‍ 4,848 പേര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. 757 പേര്‍ക്ക് പ്രാതലും 2,804 പേര്‍ക്ക് അത്താഴവും നല്‍കി. നഗരസഭകളില്‍ വിതരണം ചെയ്ത 4,118 ഉച്ചഭക്ഷണ പൊതികളില്‍ 3,367 പേര്‍ക്കുള്ള ഉച്ച ഭക്ഷണം സൗജന്യമായിരുന്നു. 273 പേര്‍ക്ക് പ്രാതലും 672 പേര്‍ക്ക് അത്താഴവും നഗരസഭാ പരിധികളില്‍ നല്‍കി.
(എം.പി.എം 1453/2020)

കോവിഡ് 19: മലപ്പുറം ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്ക് 1,65,262 ഭക്ഷ്യോത്പന്ന കിറ്റുകള്‍ വിതരണം ചെയ്തു

കോവിഡ് 19 ന്റെ ഭാഗമായി ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഇതുവരെ 1,65,262 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യോത്പന്ന കിറ്റുകള്‍ വിതരണം ചെയ്തായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇന്നലെ (ഏപ്രില്‍ 22) 5,840 ഭക്ഷ്യോത്പന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ഏഴു താലൂക്കുകളിലായി വില്ലേജ് ഓഫീസുകളുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജുവിന്റെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ സെല്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.

ആദ്യഘട്ടത്തില്‍ കിറ്റുകള്‍ നല്‍കിയ തൊഴിലാളികള്‍ക്കും പുതുതായി കണ്ടെത്തിയ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും തുടര്‍ ഘട്ടങ്ങളില്‍ ഭക്ഷ്യോത്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. താലൂക്ക് തലത്തില്‍ ഇന്നലെ വിതരണം ചെയ്ത കിറ്റുകളുടെ എണ്ണം ചുവടെ പറയുന്നു,

രണ്ടാം ഘട്ടം

• നിലമ്പൂര്‍ - 350

മൂന്നാം ഘട്ടം

• ഏറനാട് - 496
• പെരിന്തല്‍മണ്ണ - 449
• കൊണ്ടോട്ടി - 777
• തിരൂര്‍ - 2,690
• തിരൂരങ്ങാടി - 422
• പൊന്നാനി - 656
(എം.പി.എം 1454/2020)

നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 68 പുതിയ കേസുകള്‍

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പൊലീസ് 68 കേസുകള്‍ കൂടി ഇന്നലെ (ഏപ്രില്‍ 22) രജിസ്റ്റര്‍ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 101 പേരെ ഇന്നലെ അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 57 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2,139 ആയി. 2,850 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 1,112 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,862 ചരക്ക് വാഹനങ്ങള്‍ക്ക് പാസ് അനുവദിച്ചു

ജില്ലയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി ഇന്നലെ (ഏപ്രില്‍ 22) 118 ചരക്ക് വാഹനങ്ങള്‍ക്കുകൂടി യാത്രാ പാസുകള്‍ അനുവദിച്ചു. സംസ്ഥാനത്തിനു പുറത്തു നിന്ന് ചരക്കെത്തിക്കുന്നതിന് 83 വാഹനങ്ങള്‍ക്കും ജില്ലയ്ക്കകത്തും മറ്റ് ജില്ലകളില്‍ നിന്നും ചരക്കെടുക്കുന്ന 35 വാഹനങ്ങള്‍ക്കുമാണ് പാസ് അനുവദിച്ചത്. ഇതോടെ ജില്ലയില്‍ നിന്ന് ഇതുവരെ ചരക്ക് വാഹനങ്ങള്‍ക്ക് അനുവദിച്ച പാസുകള്‍ 1,862 ആയി. അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ യാത്രാ അനുമതി നല്‍കുന്ന ചരക്ക് വാഹനങ്ങള്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നും ഡ്രൈവറും സഹായിയും മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 'സഞ്ജീവനി' പദ്ധതിയിലൂടെ 115 പേര്‍ക്ക് അവശ്യ മരുന്നുകള്‍ ലഭ്യമാക്കി

ലോക് ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ അവശ്യ മരുന്നുകള്‍ ലഭിക്കാന്‍ മലപ്പുറം ജില്ലയില്‍ ആരംഭിച്ച 'സഞ്ജീവനി' പദ്ധതി പ്രകാരം 115 പേര്‍ക്ക് ഇതുവരെ അവശ്യ മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇതില്‍ 14 പേര്‍ക്ക് ജില്ലയ്ക്ക് പുറത്തു നിന്നാണ് മരുന്നുകളെത്തിച്ചത്. മരുന്ന് ലഭ്യതയ്ക്ക് പ്രയാസം നേരിടുന്നവര്‍ മാത്രം ഈ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അഭ്യര്‍ഥിച്ചു.

കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന 'സഞ്ജീവനി' കണ്‍ട്രോള്‍ റൂമില്‍ 1,343 ഫോണ്‍ കോളുകളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ 122 പേര്‍ മരുന്നുകള്‍ക്ക് അര്‍ഹരാണെന്ന് കണ്ടെത്തി. ഇങ്ങനെ കണ്ടെത്തുന്നവര്‍ക്ക് മരുന്നുകള്‍ എത്തിക്കാന്‍ ഡ്രഗ് ഇന്‍സ്‌പെട്കറുടെ കാര്യാലയവും ആരോഗ്യ വിഭാഗവും പൊലീസും അഗ്നി രക്ഷാ സേനയും പാലിയേറ്റീവ് വളണ്ടിയര്‍മാരും ഉള്‍പ്പെടുന്ന വിപുലമായ സംവിധാനമാണ് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഫാര്‍മസിസ്റ്റ്, ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഓഫീസ് ജീവനക്കാരന്‍, റവന്യൂ വകുപ്പിലെ രണ്ട് ജീവനക്കാര്‍, പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ എന്നിവരാണ് കണ്‍ട്രോള്‍ റൂമില്‍ സേവനത്തിലുള്ളത്.

മരുന്നുകള്‍ ആവശ്യമുള്ളവര്‍ക്ക് 6282 10 2727, 0483 2739571 എന്നീ നമ്പറുകളില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കുകയോ ഡോക്ടര്‍മാര്‍ നല്‍കിയ കുറിപ്പടി ഫോട്ടോ എടുത്ത് വാട്‌സാപ്പ് സന്ദേശം അയക്കുകയോ ചെയ്യാം. ജില്ലയില്‍ ലഭ്യമായ മരുന്നുകള്‍ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ ശേഖരിച്ച് വീടുകളില്‍ എത്തിച്ചുകൊടുക്കും. ജില്ലയ്ക്കു പുറത്തു നിന്നുള്ള മരുന്നുകള്‍ പൊലീസിന്റേയും അഗ്നി രക്ഷാ സേനയുടേയും സഹായത്തോടെയാണ് എത്തിക്കുക. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെയാണ് 'സഞ്ജീവനി' കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.

ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജു, എ.ഡി.എം എന്‍.എം. മെഹറലി, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ.വി. നന്ദകുമാര്‍, ലെയ്സണ്‍ ഓഫീസര്‍ ഡോ. ഷാഹുല്‍ ഹമീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ കോവിഡ് പ്രതിരോധ ജില്ലാതല മുഖ്യ സമിതി അവലോകന യോഗത്തില്‍ പങ്കെടുത്തു.

English summary
malappuram collector about corona virus in baby
topbanner

More News from this section

Subscribe by Email