Tuesday June 2nd, 2020 - 2:16:pm

ലോക്ക് ഡൗൺ അടുത്ത 21 ദിവസം കൂടി തുടരണമെന്ന് ഐഎംഎ

JB
ലോക്ക് ഡൗൺ  അടുത്ത 21 ദിവസം കൂടി തുടരണമെന്ന് ഐഎംഎ

തിരുവനന്തപുരം;  കൊവിഡ് 19 രോഗം  പടർന്ന് പിടിക്കുന്നത്  നിയന്ത്രിക്കുന്നതിനായി  രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക്ക് ഡൗൺ പദ്ധതി ഇപ്പോഴത്തെ കാലാവധിക്ക് ശേഷം  അടുത്ത 21 ദിവസം കൂടി തുടരണമെന്ന് ഇന്ത്യൻ  മെഡിക്കൽ അസോസിയേഷന്റെ വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഈക്കാര്യം ചൂണ്ടിക്കാട്ടി  ഐഎംഎ   മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി ഐഎംഎ യുടെ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസും, സെക്രട്ടറി ഡോ.  ഗോപികുമാറും അറിയിച്ചു.

കേരളത്തിലേയും, രാജ്യത്തിലേയും , രാജ്യാന്തര തലത്തിലേയുമുള്ള വിദഗ്ധരുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തി വന്ന ചർച്ചകൾക്കൊടുവിലാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം ഐഎംഎ നൽകിയത്.

 ഇംഗ്ലണ്ട്, അമേരിക്ക, ഇറ്റലി, ജർമ്മനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലേയും , ഭാരതത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി  ചെയ്യുന്ന പൊതുജനാരോഗ്യ വിദഗ്ധരുമായും, കേരളത്തിലെ 50 ഓളം പൊതുജനാരോഗ്യ വിദഗ്ധരുമായും ഐഎംഎ ചർച്ചകൾ നടത്തിയിരുന്നു.  ഇതിൽ നിന്നും ഉണ്ടായ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാട് ഐഎംഎ  സ്വീകരിക്കുന്നത്

 കൊവിഡ് പകർച്ചവ്യാധി നിയന്ത്രണത്തിൽ  കേരള സർക്കാർ മറ്റ്  സംസ്ഥാനങ്ങളേയും , രാജ്യങ്ങളേയും അപേക്ഷിച്ച് മികച്ച നടപടികളാണ് സ്വീകരിച്ചുവരുന്നത്.  അതിനാൽ തന്നെ, അത് കാരണം ഉണ്ടായ നേട്ടം, നിലനിർത്തുന്നതിന് അടുത്ത  21 ദിവസവും കൂടി ലോക്ക് ഡൗൺ തുടരേണ്ടതാണ്. കേരളത്തിലെ പ്രത്യേക സാഹചര്യം വെച്ച് വളരെ അധികം ആളുകൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്ന സാഹചര്യം ലോക്ക് ഡൗൺ മാറ്റുമ്പോൾ ഉണ്ടായേക്കാം. അത്തരം സാഹചര്യം സമൂഹവ്യാപനം ഉണ്ടാകുന്ന രീതിയിലേക്ക്  കേരളത്തെ തള്ളി വിടാം.  അത് മാത്രമല്ല രാജ്യത്ത് ഉടനീളം നടപ്പിലാക്കിയ ലോക്ക് ഡൗൺ മറ്റ് രാജ്യങ്ങളുമായി താര്യതമ്യം  ചെയ്യുമ്പോൾ  രോഗ സംക്രമണ ഘട്ടങ്ങളിൽ ആദ്യമേ തന്നെയായിരുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. മറ്റ് രാജ്യങ്ങളിൽ  പലതും പതിനായിരക്കണക്കിന് കേസുകൾ വന്നതിന് ശേഷം മാത്രം ലോക്ക് ഡൗൺ നടപ്പിലാക്കിയപ്പോൾ ഭാരതത്തിൽ ഉടനീളം 500 ൽ താഴെ കേസുകൾ വന്നപ്പോൾ തന്നെ  ലോക്ക് ഡൗൺ നടപ്പിലാക്കിയത്  സമൂഹ വ്യാപനത്തെ ഒരു പരിധി  വരെ തടഞ്ഞതായും വിദഗ്ധസമിതി വിലയിരുത്തി.എന്നാലും പരിപൂർണമായ നിയന്ത്രണം  നേടുന്നതിനായി കടുത്ത നടപടി തുടരണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു..

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
lock down continue for 21 more days says ima
topbanner

More News from this section

Subscribe by Email