വിവാഹ ദിവസം രാവിലെ ഒരുങ്ങി ബ്യൂട്ടി പാര്‍ലറിലേക്ക് പോയ യുവതിയുടെ മൃതദേഹം വേമ്പനാട്ടുകായലില്‍ നിന്ന് കണ്ടെത്തി. എളങ്കുന്നപ്പുഴ പെരുമാള്‍പടി ആശാരി പറമ്പില്‍ മാനം കണ്ണേഴത്ത് വിജയന്റെ മകള്‍ കൃഷ്ണപ്രിയ (21)യുടെ മൃതദേഹം മുളവുകാട് സഹകരണ റോഡ് കടവിലാണ് കാണപ്പെട്ടത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പറവൂര്‍ കാളികുളങ്ങരയിലെ യുവാവുമായി എളങ്കുന്നപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ കഴിഞ്ഞ ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്നതാണ്. രാവിലെ 6.45ന് വീടിന് അടുത്തുള്ള ബ്യൂട്ടിപാര്ലറിയില് യുവതിയെ ബന്ധു കൊണ്ടാക്കുകയും ചെയ്തു. ബന്ധു മടങ്ങിയ ശേഷം കുടുംബ ക്ഷേത്രത്തില്‍ പോയ് വരാമെന്ന് പറഞ്ഞ് ബ്യൂട്ടി പാര്‍ലറില്‍ നിന്നിറങ്ങിയ യുവതി തിരിച്ചെത്തിയില്ല. വീട്ടില്‍ അറിയിച്ചതോടെ വ്യാപക തിരച്ചില്‍ നടത്തി. ഇതോടെ പോലീസില്‍ പരാതി നല്കി. യുവതി ഗോശ്രീ പാലത്തിലൂടെ നടക്കുന്നത് ചിലര്‍ കണ്ടിരുന്നു. പാലത്തില്‍ നിന്നാണ് കായലില്‍ ചാടിയതെന്ന് സംശയം.
വരന്റെ വീട്ടുകാര്‍ ബഹളം വച്ചതോടെ നാലുലക്ഷം നഷ്ടപരിഹാരം നല്‍കാമെന്ന് വധുവിന്റെ വീട്ടുകാര്‍ അറിയിച്ചു. ഒരു ലക്ഷം നല്‍കുകയും ചെയ്തു. മുളവുകാട് കണ്ടെത്തിയ അജ്ഞാത മൃതദേഹം പിന്നീട് ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കാരം നടത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു. മൊബൈലില്‍ നിന്നു അവസാനം വിളിച്ചതും വന്നതുമായ കോളുകള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് .