Saturday September 21st, 2019 - 10:53:am
topbanner
Breaking News
jeevanam

കൈയ്യടിയ്ക്കാം കെ ടി ജലീലിന് ; താലിയെടുത്ത് നല്‍കി അച്ഛന്റെ സ്ഥാനത്ത് നിന്ന് അവരെ വിവാഹം കഴിപ്പിച്ച് നല്‍കിയതിന് ...

suji
കൈയ്യടിയ്ക്കാം കെ ടി ജലീലിന് ; താലിയെടുത്ത് നല്‍കി അച്ഛന്റെ സ്ഥാനത്ത് നിന്ന് അവരെ വിവാഹം കഴിപ്പിച്ച് നല്‍കിയതിന് ...

അനാഥത്വം ആരുടേയും തെറ്റല്ല. ഒറ്റപ്പെട്ടുപോകുന്നവര്‍ക്ക് നിസഹായരായി ജീവിക്കേണ്ടിവരുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ കഴിഞ്ഞാല്‍ അതു വലിയ കാര്യം തന്നെ. മന്ത്രി ഡോ കെ ടി ജലീലിന്റെ ഈ സഹായ ഹസ്തങ്ങള്‍ കൈയ്യടി നേടുകയാണ്.

തവനൂരിലെ മഹിളാ മന്ദിരത്തിലെ രണ്ട് യുവതികള്‍ക്ക് പുതിയ ജീവിതം കൈവന്നിരിക്കുകയാണ്. സുഗന്ധിയും കല്യാണിയും ജീവിതത്തിലേക്ക്.കൈ പിടിച്ചു നല്‍കിയത് ഡോ. ജലീലും,
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

ആത്മഹര്‍ഷത്തിന്റെ ദിനമായിരുന്നു ഇന്ന് . തവനൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ട് ഏഴു വര്‍ഷമാകാന്‍ മൂന്ന് മാസവും കൂടിയേ വേണ്ടു . ഇതിനകം ആരോരുമില്ലെന്ന് കരുതപ്പെട്ട ആറു സഹോദരികള്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കാന്‍ കഴിഞ്ഞുവെന്നത് മറേറതൊരു നേട്ടത്തേക്കാളും വലിയ നേട്ടമായാണ് ഈയുള്ളവന്‍ കാണുന്നത് . പൊന്നാനി ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ് തവനൂര്‍ മഹിളാമന്ദിരം പ്രവര്‍ത്തിക്കുന്നത് . ഇവിടുത്തെ അന്തേവാസികള്‍ എനിക്കെന്റെ കൂടപ്പിറപ്പുകള്‍ക്ക് തുല്യരാണ് . ഓരോരുത്തരുടേയും ജീവിത കഥകള്‍ അറിയുന്നത് കൊണ്ടാകാം അത്തരമൊരു മാനസികാവസ്ഥ ഞങ്ങളില്‍ പലര്‍ക്കും ഉണ്ടായത് . ഉദാരമതികളുടെ സന്മനസ്സ് കൂട്ടിനുണ്ടായതോടെ ഒന്നും അസാദ്ധ്യമല്ലെന്ന് വന്നു .

എട്ടുംപൊട്ടും തിരിയാത്ത കാലത്ത് പെണ്ണായി എന്ന ഒരേഒരു കാരണത്താല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് വലിയ പ്രതീക്ഷകളൊന്നും വെച്ച്പുലര്‍ത്താനുള്ള അര്‍ഹതയോ അവകാശമോ ഇല്ലെന്നാണല്ലോ ? തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് ഒരുതരം ജയില്‍ വാസത്തിന് വിധിക്കപ്പെട്ട ജന്മങ്ങള്‍ക്ക് പ്രതീക്ഷയുടെ ചിറകേറി ഇണയുമൊത്ത് പറക്കാന്‍ നിമിത്തമാകുന്നതിലും വലിയ നന്‍മ ലോകത്ത് വേറെയില്ലെന്ന് ഉറച്ച് കരുതുന്ന ഒരാളാണ് ഞാന്‍ . കല്ല്യാണി ജന്‍മനാ സംസാര ശേഷിയില്ലാത്ത കുട്ടിയാണ് . വിവാഹം കാണാമറയത്ത് പോലും കൊതിക്കാത്ത അവള്‍ക്ക് ജീവിതം കൊടുക്കാന്‍ സന്നദ്ധനായ മനോജിന് ദൈവദൂതന്റെ ഛായ ഉള്ളത്‌പോലെ തോന്നി . അവന്റെ കയ്യിലേക്ക് ഒരു രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത് നിന്ന് താലിമാല കൈമാറിയപ്പോള്‍ കൈ ശരിക്കും വിറച്ചിരുന്നു . ഉരിയാടാപെണ്ണിന് ഉരിയാടും പയ്യനെ കിട്ടിയ സന്തോഷത്തിലായിരുന്നു സദസ്സ് മുഴുവന്‍ .

കൊച്ചു കുട്ടിയായിരുന്നപ്പോഴാണ് സുഗന്ധി മഹിളാമന്ദിരത്തിന്റെ സ്‌നേഹത്തണലിലെത്തിയത്. കുട്ടിത്തം വിട്ട് ഇന്നവളൊരു കല്യാണപ്പെണ്ണായത് വിശ്വസിക്കാനാകാതെ അന്തിച്ചുനില്‍ക്കുകയാണ് അവളെ വളര്‍ത്തിയവരും അവളുടെ കൂട്ടുകാരികളും. വണ്ടൂര്‍ എളങ്കൂര്‍ പ്രഭേഷാണ് സുഗന്ധിയെ ജീവിത പങ്കാളിയാക്കിയത് . ഒരു മുനിവര്യന്റ മനസ്സാണവനെന്ന് എനിക്കുറപ്പുണ്ട് . വധുവിന്റെ കഴുത്തിലണിയാനുള്ള വരണമാല്യം എടുത്ത് നല്‍കിയപ്പോള്‍ മനസ്സില്‍ സന്തോഷം അണപൊട്ടിയൊഴുകിയത് മറക്കാനാകാത്ത അനുഭവം തന്നെ .

വിവാഹാഘോഷം കെങ്കേമമായി നടന്നു . തലേദിവസം വിവാഹ വേദിയായ വൃദ്ധസദനം ദീപാലങ്കൃതമായിരുന്നു . ഗസലും മാപ്പിളപ്പാട്ടും സിനിമാ ഗാനങ്ങളും സമ്മിശ്രമാക്കി അവതരിപ്പിച്ച ഗാനമേള ഏവരേയും ആകര്‍ഷിച്ചു . ബഡ്ജറ്റ് അവതരണത്തിന് ശേഷം ഉടനെതന്നെ റോഡുമാര്‍ഗ്ഗം നാട്ടിലേക്ക് തിരിച്ചത് ഈ ആഘോഷത്തില്‍ പങ്ക് കൊള്ളാന്‍ മാത്രമായിരുന്നു . പഴയ കാലത്തെയും ഇപ്പോഴത്തെയും സുഹൃത്തായ ടി.വി.ഇബ്രാഹിം MLA എന്റെ എളിയ ക്ഷണം സ്വീകരിച്ച് യാത്രയില്‍ ഒപ്പമുണ്ടായിരുന്നു . ഞങ്ങള്‍ കൃത്യം എട്ടുമണിക്ക് ഓള്‍ഡേജ് ഹോമിലെത്തി . ബ്ലോക്ക്പ്രസിഡണ്ട് ലക്ഷ്മിയേടത്തി , വൈസ് പ്രസിഡണ്ടു് അഡ്വ: മോഹന്‍ദാസ് , പഞ്ചായത്തംഗം ശിവദാസന്‍ എന്ന ബാബു , ജ്യോത്യേട്ടന്‍ , കുട്ടേട്ടന്‍ , ശ്രീജിത്ത് , മുന്‍മെമ്പര്‍ നാസര്‍ തവനൂര്‍ വേണു , മഹിളാമന്ദിരം സൂപ്രണ്ട് സൈനബ , മറ്റു ഉദ്യോഗസ്ഥ സുഹൃത്തുക്കള്‍ തുടങ്ങി വലിയൊരു നിര തന്നെ വീട്ടുകാരെപ്പോലെ ഓടിനടന്ന് എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് കണ്ട് ഇബ്രാഹിം അല്‍ഭുതം കൂറി .

രണ്ട് മണവാട്ടികള്‍ക്കും അയ്യഞ്ച് പവന്‍ സ്വര്‍ണ്ണാഭരണം സംഘടിപ്പിച്ചിരുന്നു . ഇത്തരമൊരാവശ്യം പറഞ്ഞപ്പോള്‍ തന്നെ ആവശ്യമായ പണം നല്‍കിയ ഖത്തറിലെ അലി ഇന്റെര്‍നാഷണലിന്റെ CMD കെ. മുഹമ്മദ്ഈസ സാഹിബിനോടും നാട്ടുകാരനായ പി.കെ. രഞ്ജിത്തിനോടും നന്ദി പറയാന്‍ വാക്കുകളില്ല . ബഹുമാന്യനായ നിയമസഭാ സ്പീക്കര്‍ ശ്രീരാമകഷ്ണന്റെ സാന്നിദ്ധ്യം വിവാഹ വേദിയെ പതിന്‍മടങ്ങ് മികവുറ്റതാക്കി . രണ്ട് ദിവസവും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയത് കല്‍പകഞ്ചേരിയിലെ ബിസിനസ്സുകാരായ പുറ്റേക്കാട്ടില്‍ സഹോദരന്മാരാണ് . സ്വന്തം വീട്ടിലെ കല്ല്യാണം പോലെ ഭക്ഷണം വെച്ച് വിളമ്പി സല്‍ക്കരിക്കാന്‍ അവരുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു . ഹൃദയംകൊണ്ടും പങ്കാളിത്തം കൊണ്ടും സഹായങ്ങള്‍ ചെയ്തും സഹകരിച്ച എല്ലാവര്‍ക്കും നന്ദി നന്ദി നന്ദി

 

Viral News

Read more topics: kt jaleel, facebook post
English summary
kt jaleel facebook post most touching
topbanner

More News from this section

Subscribe by Email