Tuesday January 28th, 2020 - 12:11:pm
topbanner

ആമസോണിലും ഫ്ളിപ്കാർട്ടിലും സാധനങ്ങൾ വാങ്ങിച്ചോളൂ .... പക്ഷെ ഇവരെ മറക്കരുത്

princy
ആമസോണിലും ഫ്ളിപ്കാർട്ടിലും സാധനങ്ങൾ വാങ്ങിച്ചോളൂ .... പക്ഷെ ഇവരെ മറക്കരുത്

റിയാസ് കെ എം ആർ 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രളയവും പ്രളയാനന്തര കാലവും ഒരുപാട് പുനർവിചിന്തനങ്ങളിലേക്കാണ് നമ്മളെയെല്ലാം കൂട്ടിക്കൊണ്ടു പോകുന്നത്. ഓരോ പ്രളയവും നമുക്കിടയിലെ അതിരുകൾ ഇല്ലാതാക്കി.നമുക്ക് നിരവധി സഹായ മനസ്കരെ സമ്മാനിച്ചു. മത്സ്യത്തൊഴിലാളികൾ കേരളത്തിന്റെ സൈനികരായി മാറി.നൗഷാദിനെ പോലുള്ള നന്മയുടെ സൂര്യതേജസുകൾ ഉദിച്ചുയർന്നു.

അപ്പോഴും നാം സൗകര്യപൂർവ്വം മറന്നു പോയ ചിലരുണ്ട്.സമൂഹത്തിൽ നമ്മളിൽ ഒരാളായി നമുക്കൊപ്പം എന്നും ഉണ്ടാകാറുള്ള സാധാരണ വ്യാപാരികൾ. നമുക്കൊരു ദുരിതം വന്നപ്പോൾ കേരളം സഹായം അഭ്യർത്ഥിക്കും മുമ്പ് താൻ വിൽപ്പനക്കായി എടുത്തു വെച്ച മുഴുവൻ വസ്ത്രങ്ങളും പ്രളയബാധിതർക്കായി സമ്മാനിച്ച എറണാകുളം ബ്രോഡ് വേയിലെ തെരുവ് കച്ചവടക്കാരൻ നൗഷാദും തൃശൂരിലെ കച്ചവടക്കാരൻ അബ്ദുല്ലയും മുതൽ കല്യാൺ ഗ്രൂപ്പും എം എ യൂസഫലിയും ബോബി ചെമ്മണ്ണൂർ അടക്കമുള്ളവർ ആ നന്മയുള്ള വ്യാപാര സമൂഹത്തിന്റെ പ്രതിനിധികളാണ്.

കല്യാൺ ഗ്രൂപ്പ് ഇന്നലെയും ഒരു മാധ്യമ സ്ഥാപനം വയനാട്ടിലെ പ്രളയബാധിതർക്ക് വീടുവെച്ച് നൽകുന്നതിന് വലിയ തുക സഹായം നൽകുന്ന കാഴ്ച്ച നാം കണ്ടു. അത്തരം നന്മയുടെ വലിയ മുഖമുള്ളവരാണ് നമുക്കിടയിൽ ജീവിക്കുന്ന സാധാരണ വ്യാപാരികൾ.അപ്പോഴും നാം എന്നും ആശ്രയിക്കുന്ന ചിലരെ സഹായികളുടെ കൂട്ടത്തിൽ ആരും കണ്ടില്ല. ഇ- കൊമേഴ്സിന്റെ കോർപ്പറേറ്റുകളായിരുന്നു അത്. പ്രളയബാധിതമായ കേരളത്തോട് കനിവ് കാട്ടാൻ ഇ- കോർപ്പറേറ്റുകൾ, ഓൺലൈൻ വ്യാപാരികൾ ഉണ്ടായിരുന്നില്ല എന്ന ആക്ഷേപം വലിയൊരു വസ്തുതയാണ്.

അവർക്ക് പകരം പ്രളയബാധിതരെ സഹായിക്കാൻ ഫണ്ട് നൽകിയത് നമ്മുടെ നാട്ടിൻപുറങ്ങളിലെ സാധാരണ കച്ചവടക്കാരായിരുന്നു. നമുക്ക് വേണ്ടി പരസ്പരം പിരിവിനിറങ്ങിയത് ഇവിടുത്തെ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വ്യാപാരി വ്യവസായി സമിതിയുടെയുമെല്ലാം പ്രവർത്തകരാണ്. അല്ലെങ്കിലും ഓണം വന്നാലും ഉണ്ണി പിറന്നാലും നാട്ടിലെ ഉത്സവത്തിനായാലും രാഷ്ട്രീയ പരിപാടികൾക്കായാലും ഓടിച്ചെല്ലുമ്പോൾ ഒന്നും നോക്കാതെ ഫണ്ട് നൽകുന്നത് ആ സാധാരണ വ്യാപാരികളാണ്.

അല്ലാതെ ഇ-കോർപ്പറേറ്റുകളോ ഓൺലൈൻ കച്ചവടക്കാരോ അല്ല.അങ്ങനെയുള്ള സാധാരണ വ്യാപാരികളോട് എന്താണ് നമ്മുടെ മനോഭാവം. ഇന്ന് എല്ലാം എളുപ്പമാകാൻ എന്ന പേരിൽ ഏത് സാധനവും ഓൺലൈനിൽ ഓർഡർ ചെയ്യുകയല്ലേ നമ്മുടെ ശീലം. ഉപ്പ് തൊട്ട് ആഢംബര വസ്തുക്കൾ വരെ. നാട്ടിലെ പീടികയിൽ ചെന്ന് സാധനങ്ങൾ വാങ്ങാൻ, ആ സാധാരണക്കാർക്ക് ഉപജീവനമാർഗമൊരുക്കാൻ നമ്മളിൽ എത്ര പേർ ഇന്ന് തയ്യാറാവുന്നുണ്ട്. അല്ലെങ്കിൽ പുതുവസ്ത്രങ്ങളും മറ്റും ഓൺലൈനിൽ വരുത്തിക്കുന്ന നാം എത്ര പേർ തൊട്ടടുത്ത നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ചെന്ന് അത്തരം സാധനങ്ങൾ വാങ്ങാൻ തയ്യാറാവുന്നുണ്ട്.

ഒരു കാര്യം നാം മനസിലാക്കുക. പ്രളയകാലത്തെന്നല്ല, ഏത് സമയത്തും ഒരത്യാവശ്യത്തിന് ഫണ്ട് പിരിക്കാൻ.അല്ലെങ്കിൽ സഹായ ഹസ്തം നീട്ടാൻ ആദ്യം നമുക്ക് ഓടിച്ചെല്ലാനാവുക സാധാരണക്കാരായ വ്യാപാരികൾക്കിടയിലേക്കാണ്.അല്ലാതെ ഓൺലൈൻ കുത്തക കമ്പനികൾക്ക് മുമ്പിലേക്കല്ല. ചെറുകിടക്കാർ മുതലുള്ള സാധാരണ വ്യാപാര സമൂഹം, നൗഷാദുമാർ ഒക്കെ ഇവിടെ നിലനിൽക്കണമെങ്കിൽ നമ്മുടെ പരിഗണന അവർക്കും അനിവാര്യമാണ്.

മേൽപ്പറഞ്ഞതിനർത്ഥം ഓൺലൈൻ വ്യാപാരം പൂർണ്ണമായും ബഹിഷ്കരിക്കണമെന്നല്ല.നമ്മുടെ നാടുകളിലെ സാധാരണ വ്യാപാരികളുടെ നിലനിൽപ്പ് നാടിന്റെ നട്ടെല്ല് കൂടിയാണെന്ന ഓർമ്മപ്പെടുത്തലാണ്.അവരും ഈ സമൂഹത്തിന്റെ അനിവാര്യ ഘടകമാണ്.നമുക്ക് ഒരു പ്രതിസന്ധി വന്നപ്പോൾ ആ വ്യാപാരികൾ കാട്ടിയ നന്മ നമ്മളിൽ ഒരു പുനർവിചിന്തനത്തിന് വഴിമരുന്നിടട്ടെ. പ്രളയം പഠിപ്പിച്ച ചില പാഠങ്ങളിൽ ഒരു പാഠം ഇത് കൂടിയാവട്ടെ.

Read more topics: kerala, merchants, role
English summary
importance of kerala merchants
topbanner

More News from this section

Subscribe by Email