Thursday April 2nd, 2020 - 6:11:am
topbanner

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭരണകര്‍ത്താക്കളുടെ ഇടപെടല്‍ വര്‍ധിക്കുന്നെന്ന് പാരമ്പര്യ പരിചാരക സമിതി

Anusha Aroli
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭരണകര്‍ത്താക്കളുടെ ഇടപെടല്‍ വര്‍ധിക്കുന്നെന്ന് പാരമ്പര്യ പരിചാരക സമിതി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്ത്രികവൃത്തി നടക്കുന്ന വേളയില്‍ ദേവസ്വം ചെയര്‍മാനും തന്ത്രിയും തമ്മിലുണ്ടായ വാഗ്വാദത്തിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. ഗുരുവായൂരിലെ പാരമ്പര്യ പരിചാരകരായ തന്ത്രിമാര്‍, ഓതിക്കന്മാര്‍, കീഴ്ശാന്തിക്കാര്‍, വാര്യര്‍മാര്‍ എന്നിവരാണ് ഇന്നലെ ഒത്തു ചേര്‍ന്നത്. ഗുരുവായൂരിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടം വരുത്തുന്ന രീതിയില്‍ ഭരണകര്‍ത്താക്കളുടെ കടന്നുകയറ്റം കൂടിവരുന്നതായി യോഗം അഭിപ്രായപ്പെട്ടു. ഇത് ക്ഷേത്ര സംവിധാനത്തിനുതന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ക്ഷേത്രകാര്യങ്ങളില്‍ അവസാനവാക്ക് തന്ത്രിയാണെന്ന് പരമോന്നത കോടതിവരെ പലതവണ വിധിച്ചിട്ടും അതിനെ മാനിക്കാതെയാണ് ഭരണകര്‍ത്താക്കള്‍ പല തീരുമാനങ്ങളും എടുക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭഗവതി ക്ഷേത്രവാതില്‍ മാടത്തിലെ ഇടനാഴിയിലുണ്ടായ വാക്കുതര്‍ക്കത്തെക്കുറിച്ചായിരുന്നു യോഗത്തിലെ പ്രധാനചര്‍ച്ച. ആചാര്യവരണം നടക്കുന്ന സമയത്ത് അവിടേക്ക് പ്രവേശിച്ച ഭരണസമിതി ചെയര്‍മാനോട് അത് പാടില്ലെന്ന് പറയുകയാണുണ്ടായതെന്നും യോഗം വിലയിരുത്തി. എന്നാല്‍ ദേവസ്വം ഭരണസമിതിയുടെ ക്ഷണപ്രകാരമാണ് തന്ത്രി ആചാര്യ വരണത്തിന് എത്തിയതെന്നും അല്ലാതെ തന്ത്രിയുടെ ക്ഷണപ്രകാരമല്ല ചെയര്‍മാന്‍ വന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. ഇതിനുമുമ്പ് ക്ഷേത്രത്തിലെ അഷ്ടമംഗലപ്രശ്‌നം നടക്കുന്ന സമയത്തും ചെയര്‍മാന്‍ തന്ത്രിയോട് അധിക്ഷേപിച്ചു സംസാരിച്ചിട്ടുണ്ടായിരുന്നുവെന്ന് യോഗം കുറ്റപ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തിലുള്ള പ്രവൃത്തികളെല്ലാം ക്ഷേത്രചൈതന്യത്തിന് ഹാനികരമായി ബാധിക്കുന്നുണ്ടെന്നും ഭരണസമിതി അംഗങ്ങള്‍തന്നെ ഇപ്രകാരം പെരുമാറുന്നത് ഖേദകരമാണെന്നും യോഗം വിലയിരുത്തി. ക്ഷേത്ര ആചാര്യനെ വേദനിപ്പിക്കുന്ന തരത്തില്‍ പെരുമാറിയത് വളരെ ഗൗരവത്തോടെയാണ് കാണുന്ന തെന്ന് മുന്നറിപ്പ് നല്‍കിയാണ് യോഗം പിരിഞ്ഞത്. പാരമ്പര്യ പരിചാരക സമിതിയുടെ പ്രസിഡന്റായി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാടിനെയും സെക്രട്ടറിയായി കിഴിയേടം രാമന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. മുന്നൂലം ഭവന്‍നമ്പൂതിരി, മുന്നൂലം നീലകണ്ഠന്‍ നമ്പൂതിരി, നാഗേരി വാസുദേവന്‍ നമ്പൂതിരി, തിരുവെങ്കിടം രാജശേഖരവാര്യര്‍, പഴയിടം സതീശന്‍ നമ്പൂതിരി, തിരുവാലൂര്‍ അനില്‍കുമാര്‍ നമ്പൂതിരി, വടക്കേപ്പാട്ട് മുരളീധരന്‍ വാര്യര്‍ തുടങ്ങി 15 അംഗ സമിതി നിലവില്‍വന്നു. ക്ഷേത്രം മുഖ്യതന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്, തന്ത്രിമാരായ ഹരിനമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

മാറിനില്‍ക്കാന്‍ പറഞ്ഞതിന്റെ കാരണം വ്യക്തമല്ല: മോഹന്‍ദാസ്

ക്ഷേത്രം ഭഗവതിക്കെട്ടില്‍ താന്‍ നിന്ന സ്ഥലം നിരോധിത മേഖലയല്ലെന്നാണ് വിശ്വസിക്കുന്നതെന്ന് ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ക്ഷേത്രം തന്ത്രിയുമായുണ്ടായ വാക്കുതര്‍ക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമ പ്രവര്‍ത്തകരോട് മറുപടി പറയുകയായിരുന്നു അദ്ദേഹം. തന്നോട് മാറി നില്‍ക്കാന്‍ പറഞ്ഞതിന്റെ കാരണമെന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. നേരത്തേയും ഇത്തരം വേളകളില്‍ അവിടെ നിന്നിട്ടുണ്ട്. ഇനി ഇപ്പോള്‍തൊട്ട് അശുദ്ധമായെങ്കില്‍ അതിന് പരിഹാരകര്‍മങ്ങളൊന്നും ചെയ്ത് കണ്ടില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. ഭക്ത ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് താന്‍ അവിടെ കയറിനിന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read more topics: guruvayoor,Devaswom,protest
English summary
guruvayoor Devaswom protest
topbanner

More News from this section

Subscribe by Email