Saturday June 6th, 2020 - 3:44:am

കളി കാര്യമാവുന്നു: കണ്ണൂരിൽ ഗവർണറെ അവഹേളിച്ച സംഭവത്തിൽ കേന്ദ്രം ഇടപെടുന്നു

Anusha Aroli
കളി കാര്യമാവുന്നു: കണ്ണൂരിൽ ഗവർണറെ അവഹേളിച്ച സംഭവത്തിൽ കേന്ദ്രം ഇടപെടുന്നു

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ കണ്ണൂരിൽ ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യവേ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അരങ്ങേറിയ സംഭവങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് കേരളാ ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് അയച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം സംസ്ഥാന ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ചരിത്ര കോൺഗ്രസ് ഉദ്ഘാടനപരിപാടിയിൽ മാറ്റം വരുത്തിയതും സുരക്ഷാവീഴ്ചയുണ്ടായതുമായ കാര്യങ്ങളാണ് ഇരുവരിൽ നിന്നും ചോദിച്ചറിഞ്ഞത് ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിലെത്തി ഗവർണറെ കണ്ടു.

സംഭവത്തിൽ ഇതുവരെ കൈക്കൊണ്ട നടപടികൾ ചീഫ് സെക്രട്ടറി ധരിപ്പിച്ചു. പൊലീസ് മേധാവി ലോകനാഥ് ബെഹ്റ സ്ഥലത്തില്ലാത്തതിനാൽ ക്രമസമാധനചുമതലയുള്ള എ.ഡി.ജി.പി.ഷെയ്‌ക്ക് ദർവേഷ് സാഹിബാണ് രാജ്ഭവനിലെത്തിയത്. ഉദ്ഘാടന ചടങ്ങിന്റെ വീഡിയോയും മറ്റു വിവരങ്ങളും രാജ്ഭവനിൽ എത്തിക്കാനും ഗവർണർ ആവശ്യപ്പെട്ടു. ഇന്റലിജൻസ് മേധാവിയോടും അദ്ദേഹം വിശദീകരണം തേടി.

ചടങ്ങിൽ പ്രതിഷേധമുയരുമെന്ന് യൂണിവേഴ്സിറ്റിക്കും പരിപാടിയുടെ സംഘാടക സമിതിക്കും നേരത്തെ സൂചനയുണ്ടായിരുന്നു എന്നാണ് ഗവർണറുടെ ഓഫീസിന്റെ വിലയിരുത്തൽ. എന്നാൽ മുൻകരുതലുകൾ സ്വീകരിച്ചില്ല. സദസിൽ നിന്നും വേദിയിൽ നിന്നും പ്രതിഷേധമുണ്ടായി. ഇതിൽ സംഘാടകരുടെ ഗുരുതരമായ വീഴ്ച പരിശോധിക്കണമെന്ന് ചീഫ്സെക്രട്ടറിക്കും ഡി. ജി. പിക്കും നിർദ്ദേശം നൽകി. സംഘർഷ സമയത്തെ ഫോട്ടോകളും വീഡിയോകളും ഗവർണർ പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

പ്രതിഷേധസമയത്ത് എടുത്ത ചിത്രങ്ങളും ദൃശ്യങ്ങളും പരിശോധിക്കാനും ഡി.ജി.പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡി.ജി.പിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകാനും കേസെടുത്ത് മുന്നോട്ടുപോകാനുമാണ് ഗവർണറുടെ തീരുമാനമെന്നാണ് സൂചന. ചരിത്രകാരൻ ഇർഫാൻ ഹബീബ് തന്നെ ബലമായി തടയാനും ഉദ്ഘാടനപ്രസംഗം തടസപ്പെടുത്താനും ശ്രമിച്ചെന്ന് ഗവർണർ ശനിയാഴ്ച ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തിൽ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ആഭ്യന്തര വകുപ്പ് ആവശ്യമായ സുരക്ഷ ഏർപ്പെടുത്തിയില്ലെന്ന് ഗവർണറുടെ ഓഫീസ് വിലയിരുത്തുന്നു. ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥനെയും എ.ഡി.എസിനെയും തള്ളിമാറ്റിയാണ് ചരിത്രകാരൻ ഇർഫാൻ ഹബീബ് തട്ടിക്കയറിയത്. ഇത് സുരക്ഷാ വീഴ്‌ചയാണ്.

ബഹളമുണ്ടാക്കിയവർക്കെതിരെ പൊലീസ് കേസെടുത്തില്ല. ഗവർണറെ വിളിച്ചു വരുത്തി അപമാനിച്ചതിനു പിന്നിൽ ചില വ്യക്തികൾ ബോധപൂർവം ഇടപെട്ടതായും സംശയിക്കുന്നു. കണ്ണൂർ സർവകലാശാല വി.സി ഗോപിനാഥ് രവീന്ദ്രൻ, കെ.കെ.രാഗേഷ് എംപി, സിൻഡിക്കേറ്റ് അംഗം ബിജു കണ്ട കൈ എന്നിവർക്കെതിരെയാണ് പരോക്ഷ വിമർശനം.ഇതിൽ കണ്ണൂർ വി.സിക്കെതിരായ നടപടി ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

ഗവർണറുടെ അതൃപ്തി മനസിലാക്കി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിഷേധക്കാർക്ക് താക്കീത് നൽകിയത് ഇടതു സമരക്കാർക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം അതിരു വിടരുതെന്നും പരിധി വിട്ടുള്ള സമരങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി സർവ്വകക്ഷിയോഗത്തിൽ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്നും ഉടൻ വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പിയും എരിതീയ്യിൽ എണ്ണയൊഴിക്കാനെന്നപ്പോലെ രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഗവർണറും സംസ്ഥാനം സന്ദർശിക്കുന്ന മറ്റ് മുഖ്യമന്ത്രിമാരും ആക്രമിക്കപ്പെടുന്ന സാഹചര്യമാണെന്ന് ബി.ജെ.പി. എം.എൽ.എ ഒ.രാജഗോപാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കത്തിലൂടെ അറിയിച്ചു. ഭരണഘടനാ തകർച്ചയ്ക്ക് സമാനമായ സാഹചര്യമാണ് കേരളത്തിൽ. ഗവർണർക്കെതിരെ തുടർച്ചയായ അവഹേളനമാണ് ഉണ്ടാകുന്നതെന്നും രാജഗോപാൽ കത്തിൽ ആരോപിച്ചു.

English summary
governer arif muhammed khan Union Home Ministry
topbanner

More News from this section

Subscribe by Email