Tuesday July 14th, 2020 - 9:27:am

യഥാര്‍ഥ ചാരസുന്ദരി മാലിക്കാരി മറിയം റഷീദയായിരുന്നില്ല; ചാരക്കേസില്‍ കഥകള്‍ ചമച്ചത് രത്തന്‍ സെഗാള്‍, നമ്പി നാരായണന്റെ തുറന്നു പറച്ചില്‍

Jikku Joseph
യഥാര്‍ഥ ചാരസുന്ദരി മാലിക്കാരി മറിയം റഷീദയായിരുന്നില്ല; ചാരക്കേസില്‍ കഥകള്‍ ചമച്ചത് രത്തന്‍ സെഗാള്‍, നമ്പി നാരായണന്റെ തുറന്നു പറച്ചില്‍

തിരുവനന്തപുരം: ചാരക്കേസില്‍ ഉള്‍പ്പെടുത്തി തേജോവധം ചെയ്തവര്‍ക്കെതിരെ തുറന്ന് പറച്ചിലുമായി ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജന്‍ നമ്പി നാരായണന്റെ ആത്മകഥ. അറസ്റ്റിന് മുന്‍കയ്യെടുത്ത അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ് പിന്നീട് മാപ്പിരന്നതടക്കം വന്‍ കോളിളക്കമുണ്ടാക്കാവുന്ന വെളിപ്പെടുത്തലുകളാണ് പുസ്‌കതത്തിന്റെ ഉള്ളടക്കം. ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍ എന്ന് പേരിട്ട പുസ്തകം ആത്മകഥ ഇന്നു വൈകിട്ട് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ എം.പി. പ്രകാശനം ചെയ്യും. എം.ജി. രാധാകൃഷ്ണന്‍ ആദ്യപ്രതി ഏറ്റുവാങ്ങും. ''അവരാണ് യഥാര്‍ത്ഥ ചാരന്മാര്‍; കൂടെ അവളും'' എന്ന 38-ാം അധ്യായത്തിലാണ് ചാരക്കേസിലെ കനലുകള്‍ നമ്പി നാരായണന്‍ ഊതി ജ്വലിപ്പിക്കുന്നത്.

യഥാര്‍ഥ ചാരസുന്ദരി മാലിക്കാരി മറിയം റഷീദയായിരുന്നില്ല, അത് അമേരിക്കക്കാരിയായ യുവതിയായിരുന്നു. ഇന്റലിജന്‍സ് ബ്യൂറോയുടെ ക്രാക്ക് കൗണ്ടര്‍ മേധാവിയായിരുന്ന രത്തന്‍ സെഗാള്‍ ചമച്ച കഥകളാണ് വാര്‍ത്തകളായി മാധ്യമങ്ങളില്‍ നിറഞ്ഞതെന്നും ഓര്‍മകളുടെ ഭ്രമണപഥം എന്ന ആത്മകഥയില്‍ അദ്ദേഹം പറയുന്നു.

ചാരക്കേസ് വന്നപ്പോള്‍ ഐ.എസ്.ആര്‍.ഒ. ക്രയോജനിക് എന്‍ജിന്റെ പണിപ്പുരയിലായിരുന്നു. കേസിന്റെ പിന്നാമ്ബുറങ്ങള്‍ അന്വേഷിച്ചു പോയാല്‍ ആരും ഇതുവരെ കാണാത്ത ഒരു ചാരസുന്ദരിയും രാജ്യം കണ്ട വലിയ ചാരന്മാരും ഉറങ്ങിക്കിടക്കുന്നതു കാണാം. സി.ഐ.എ. ഏജന്റായിരുന്ന യുവതിയെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം തകരാതിരിക്കാന്‍ വേണ്ടി വിട്ടയച്ചു. സി.ഐ.എയുടെ ചാരനാണെന്നു ബോധ്യപ്പെട്ടതോടെ രത്തന്‍ സെഗാളിനെ നിര്‍ബന്ധപൂര്‍വം രാജിവയ്പിച്ചു.

വിസ കാലാവധി തീര്‍ന്നെന്ന് അറിയിക്കാനായി പാസ്‌പോര്‍ട്ടുമായി പോലീസ് സ്റ്റേഷനില്‍ വന്നതായിരുന്നു മറിയം റഷീദ. ചാരന്മാര്‍ സ്വന്തം പാസ്‌പോര്‍ട്ടുമായി വരില്ലെന്ന സാമാന്യധാരണപോലും പോലീസുകാര്‍ക്ക് ഉണ്ടായില്ല. ഐ.എസ്.ആര്‍.ഒ. എന്ന ഗവേഷണ കേന്ദ്രത്തെ നിലംപൊത്തിച്ച ചാരക്കേസിനു പിന്നിലുള്ളത് ഒരു മുഖ്യമന്ത്രിയെ തള്ളിയിടാനായി ആസൂത്രണം ചെയ്ത അന്തര്‍നാടകം മാത്രമല്ല.

രത്തന്‍ സെഗാളിന്റെ സേവനം അവസാനിപ്പിച്ചിടത്തുനിന്ന് പോലീസ് നായ മണപ്പിച്ചുതുടങ്ങിയാല്‍ ഐ.ബിയിലെ പലരുടെയും തൊപ്പികളില്‍ ആ അന്വേഷണമെത്തും. ഐ.ബി. ഉദ്യോഗസ്ഥരുമായി നേരിട്ടു സംവദിച്ച കേരള പോലീസിലെ സിംഹങ്ങളെക്കൂടി ചോദ്യംചെയ്താല്‍ സി.ഐ.എയും രത്തന്‍ സെഗാളും സഹപ്രവര്‍ത്തകനായിരുന്ന എം.കെ. ധറും ഒരുമിച്ചിരുന്ന് സംവിധാനം ചെയ്തതാണ് ചാരക്കേസെന്ന് നിസംശയം തെളിയുമെന്നും നമ്പി നാരായണന്‍ എഴുതുന്നു.

ആരോപണം ഉയര്‍ന്നത് മുതല്‍ 52 ദിവസത്തെ ജയില്‍വാസവും ഒടുവില്‍ കുറ്റവിമുക്തനാകുന്നത് വരെയുള്ള ഒട്ടേറെ സംഭവങ്ങളും ഓര്‍ത്തെടുക്കുകയാണ് നമ്പി നാരായണന്‍. പുറത്തിറങ്ങും മുന്‍പെ വാര്‍ത്തയാകുന്ന പുസ്‌കതത്തിലെ ആദ്യ വിവാദം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസിനെതിരായ വെളിപ്പെടുത്തലാണ്. അറസ്റ്റിന് മുന്‍കയ്യെടുത്ത സിബി മാത്യൂസ് പിന്നീട് സുഹൃത്ത് സൂര്യാകൃഷ്ണമൂര്‍ത്തിയുടെ വീട്ടില്‍ വച്ച് മാപ്പിരന്നെന്ന് നമ്പി നാരായണന്‍ വ്യക്തമാക്കുന്നു.

എന്നാല്‍ സംസാരിച്ചത് സത്യമാണെങ്കിലും ക്ഷമാപണമോ മാപ്പപേക്ഷയോ ഉണ്ടായിട്ടില്ലെന്നാണ് സിബി മാത്യൂസ് പറയുന്നത്.  കൂടിക്കാഴ്ച സൂര്യാ കൃഷ്ണമൂര്‍ത്തിയും ശരിവയ്ക്കുന്നുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
former isro scientist nambi narayanan talks about 1994 spy case ordeal in tell all autobiography
topbanner

More News from this section

Subscribe by Email