കണ്ണൂര്‍: ഒരു വര്‍ഷത്തിനിടെ പതിനേഴ് ലക്ഷത്തോളം ആളുകളെ അംഗമാക്കിയ 'ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ അന്വേഷണം.
ജിഎന്‍പിസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗ്രൂപ്പില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതായി മദ്യവിരുദ്ധ സംഘടനകള്‍ ആരോപിക്കുന്നു. ഇതേതുടര്‍ന്ന് ഇക്കാര്യം പരിശോധിച്ചുവരികയാണെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് വ്യക്തമാക്കി.
മദ്യപിക്കുന്ന ചിത്രങ്ങളും അതുമായി ബന്ധപ്പെട്ടകാര്യങ്ങളുമാണ് ഗ്രൂപ്പില്‍ നിറയെ. പുതിയ ബ്രാന്‍ഡുകള്‍, മദ്യത്തിനൊപ്പം കഴിക്കേണ്ട ഭക്ഷണങ്ങള്‍, കേരളത്തിലെ കള്ളുഷാപ്പുകള്‍, വിദേശ നാടുകളിലെ മദ്യശാലകള്‍ തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ ഗ്രൂപ്പ് വഴി പരിചയപ്പെടുത്തുന്നു.
2017 മേയ് ഒന്നിനാണ് ഗ്രൂപ്പ് ആരംഭിച്ചത്. തിരുവനന്തപുരം സ്വദേശിയും ബ്ലോഗറുമായ ടി.എല്‍ അജിത്ത്കുമാറാണ് ഗ്രൂപ്പ് അഡ്മിന്. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഗ്രൂപ്പില്‍ ആകര്‍ഷിക്കപ്പെടുന്നത്. ഇതോടെ ഫേസ്ബുക്ക് പേജ് നീക്കാനായി മദ്യനിരോധന സംഘടനകള്‍ നിയമനടപടികള്‍ ആലോചിക്കുകയാണ്.
എന്നാല്‍, മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരാന് ശീലിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നുമാണ് കൂട്ടായ്മയുടെ അവകാശവാദം.
കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് ജിഎന്‍പിസിയെന്നാണ് അജിത്ത് കുമാറിന്റെ അവകാശവാദം.
ജിഎന്‍പിസി എന്ന കൂട്ടായ്മ സ്വന്തമായി ലോഗോയും പുറത്തിറക്കിയിട്ടുണ്ട്. ജിഎന്‍പിസി കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് സംസ്ഥാനത്തെ ചില മദ്യശാലകളില്‍ പത്ത് ശതമാനം വിലക്കുറവില്‍ മദ്യം ലഭിക്കുകയും ചെയ്യുന്നുണ്ട്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക