Thursday June 17th, 2021 - 10:14:pm

കോവിഡ് 19 : കൊല്ലത്ത് 7,925 പേര്‍ ഗൃഹ നിരീക്ഷണത്തില്‍ : പതിനായിരത്തിലധികം പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

Anusha Aroli
കോവിഡ് 19 : കൊല്ലത്ത് 7,925 പേര്‍ ഗൃഹ നിരീക്ഷണത്തില്‍ : പതിനായിരത്തിലധികം പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

കൊല്ലം : ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 9) 7,925 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. ഇന്നലെ പുതുതായി ഗൃഹനിരീക്ഷണത്തില്‍ 187 പേര്‍ പ്രവേശിച്ചു. എന്നാല്‍ ആശുപത്രിയില്‍ പുതിയതായി വന്ന നാലു പേര്‍ ഉള്‍പ്പെടെ 11 പേര്‍ മാത്രമേ നിരീക്ഷണത്തില്‍ ഉള്ളൂ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1,041 സാമ്പിളുകളില്‍ 13 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത ഒരു കേസ് ഉള്‍പ്പെടെ നിലവില്‍ ജില്ലയില്‍ പോസിറ്റീവായി ഏഴു കേസുകള്‍ മാത്രമാണുള്ളത്. രണ്ടുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഫലം വന്നതില്‍ 1018 എണ്ണം നെഗറ്റീവാണ്.

കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്‌സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

അതേസമയം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഒരാള്‍ കൂടി പോസിറ്റീവായി ( P8 ). നിലമേല്‍ കൈതോട് സ്വദേശിയായ 21 വയസുകാരനായ ഇദ്ദേഹം നേരത്തെ പോസിറ്റീവായ P7 ന്റെ മകനാണ്. അധികൃതരുമായി പങ്കുവച്ച വിവരമനുസരിച്ച് വീട്ടിലെത്തിയ മാര്‍ച്ച് 23 ന് ശേഷം ഇയാള്‍ അധികം യാത്ര ചെയ്തിട്ടില്ല.

24 വൈകിട്ട് 6.30 മുതല്‍ 6.45 വരെ തൊട്ടടുത്തുള്ള കൈതോട് നൂറുല്‍ ഹുദാ മസ്ജിദില്‍ നിസ്‌ക്കാരത്തിന് പോയി. അവിടെ അഞ്ചോളം പേരുണ്ടായിരുന്നു. മാര്‍ച്ച് 25 മുതല്‍ കര്‍ശനമായ ഗൃഹനിരീക്ഷണത്തിലാണ്. ഏപ്രില്‍ ഏഴിന് രോഗലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ത്തന്നെ സാമ്പിള്‍ ശേഖരിച്ചു.

ഇന്നലെ(ഏപ്രില്‍ 9) ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം പോസിറ്റീവായതോടെ വിദഗ്ധ പരിചരണത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി ഇടപെട്ട പ്രൈമറി, സെക്കന്ററി കോണ്ടാക്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.

നിലവില്‍ പോസിറ്റീവായി പരിചരണത്തിലുള്ള എഴുപേരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും കമ്യൂണിറ്റി വ്യാപനം ഉണ്ടായിട്ടില്ലെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

കോവിഡ് 19: പതിനായിരത്തിലധികം പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

ജില്ലയില്‍ കോവിഡ് ഗൃഹനിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു. ഇന്നലെ മാത്രം 1,491 പേര്‍ ഗൃഹനിരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ആകെ 10,821 പേരാണ് ഇതുവരെ ഗൃഹനിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. ഇനി 7,925 പേര്‍ മാത്രമാണ് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളത്.

ജില്ലയ്ക്ക് ആശ്വാസം പകരുന്നതാണ് ഈ കണക്കുകള്‍. സാമൂഹിക വ്യാപനമില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. സര്‍വെയ്ലന്‍സിന്റെ ഭാഗമായി 1,670 ടീമുകളായി 3,586 വോളന്റിയര്‍മാര്‍ 17,268 വീടുകളില്‍ സന്ദര്‍ശനം നടത്തി. 91 റാപ്പിഡ് റെസ്പോണ്‍സ് ടീമുകളും 13 റെയില്‍വേ-റോഡ് സ്‌ക്വാഡുകളും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.

കണക്കുകളില്‍ രോഗവിമുക്തി നേടിയവര്‍ കൂടി വരുന്നുവെങ്കിലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണ്ടതുണ്ട്. എല്ലാ നിയമങ്ങളും ആരോഗ്യ മാനദണ്ഡങ്ങളും അനുസരിച്ച് സാമൂഹിക അകലം പാലിച്ച് ജീവിതം സുരക്ഷിതമാക്കുന്നതിനായി സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

Read more topics: covid 19,recovered people,kollam
English summary
covid 19 recovered people in kollam
topbanner

More News from this section

Subscribe by Email