Wednesday September 23rd, 2020 - 6:24:pm

ഇവിടെ തെരുവ് നായ്ക്കള്‍ക്ക് വിശപ്പില്ല: കൊറോണ കാലത്തും ഭക്ഷണം വിളമ്പാന്‍ വേലിക്കാത്ത് രാഘവനുണ്ട്

NewsDesk
ഇവിടെ തെരുവ് നായ്ക്കള്‍ക്ക് വിശപ്പില്ല: കൊറോണ കാലത്തും ഭക്ഷണം വിളമ്പാന്‍ വേലിക്കാത്ത് രാഘവനുണ്ട്

തളിപ്പറമ്പ്: കെഎല്‍-13 എബി-801 നമ്പര്‍ വെളുത്ത എറ്റിയോസ് കാര്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസ് ഗേറ്റ് കടക്കുമ്പോള്‍ തന്നെ അവിടെ തമ്പടിച്ച തെരുവ് നായ്ക്കളും പൂച്ചകളും സ്വന്തം രക്ഷകനെ തിരിച്ചറിയും. ഓടിയെത്തി കാറിന് ചുറ്റും വട്ടംകൂടി നില്‍ക്കുന്ന അവ സ്‌നേഹം കൊണ്ട് ആയാളെ വീര്‍പ്പുമുട്ടിക്കും. ഇത് വേലിക്കാത്ത് രാഘവന്‍. കല്യാശേരിയിലെ വീട്ടില്‍ നിന്ന് അദ്ദേഹം കാറോടിച്ച് തളിപ്പറമ്പിലെത്തുന്നതിന് ഒരു ലക്ഷ്യം മാത്രമേയുള്ളൂ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തന്റെ അരുമകളായ താലൂക്ക് ഓഫീസ് വളപ്പിലെ മുപ്പതോളം വരുന്ന ഈ മൃഗങ്ങള്‍ വിശന്നിരിക്കരുത് എന്നത്. കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി ഈ മൃഗസംരക്ഷണ പ്രവര്‍ത്തകന്‍ ഇവരോടൊപ്പമുണ്ട്. ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ് എന്ന തളിപ്പറമ്പിലെ മൃഗക്ഷേമ സംഘടനയുടെ അമരത്തും ഇദ്ദേഹം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ദീര്‍ഘകാലം സിപിഐ തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച രാഘവന്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ ജില്ലാ സെക്ട്രട്ടേറിയേറ്റ് അംഗമാണ്.

കോറോണ രേഗബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തന്റെ പ്രിയപ്പെട്ട മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ദിവസേന വന്നുപോകാന്‍ അനുമതിക്കായി ഇദ്ദേഹം തളിപ്പറമ്പ് ഡിവൈഎസ്പിയെ സമീപിക്കുകയും കാര്‍ യാത്രക്കായി പ്രത്യേകം പാസ് നേടുകയും ചെയ്തിട്ടുണ്ട്. നിത്യേന 800 രൂപയോളമാണ് മുപ്പതിലേറെ വരുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനായി ചെലവഴിക്കുന്നത്. കെഎസ്ആര്‍ടിസിയിലെ റിട്ട.ഇന്‍സ്‌പെക്ടറായ വേലിക്കാത്ത് രാഘവന്‍ തന്റെ പെന്‍ഷനില്‍ നിന്നാണ് ഇതിനാവശ്യമായ തുക കണ്ടെത്തുന്നത്.

ഭാരിച്ച ചെലവ് കാരണം കടക്കാരനായ ഇദ്ദേഹം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞ തെരുവ് പട്ടികളെ ഭക്ഷണം നല്‍കി സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന പ്രസ്താവനയെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഇത് സംബന്ധിച്ച് ഇന്ന് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദിനെ നേരില്‍ കണ്ട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

സര്‍ക്കാറില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചാലുടനെ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ചെയര്‍മാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഭക്ഷണം ശരിയായി ലഭിക്കാത്തതുകൊണ്ടാണ് തെരുവ്പട്ടികള്‍ അക്രമാസക്തരാകുന്നതെന്നും, ആവശ്യത്തിന് ഭക്ഷണം ലഭിക്കുകയും കുത്തിവെപ്പ്, വന്ധ്യംകരണം എന്നിവ മുറയ്ക്ക് നടത്തുകയും ചെയ്താല്‍ കേരളത്തില്‍ തെരുവ്‌നായ്ക്കള്‍ ഒരു പ്രശ്‌നമേ ആവില്ലെന്നാണ് അദ്ദേഹം പറയുന്നത്.

English summary
corona time Velikkath Raghavan also serves food for stray dog
topbanner

More News from this section

Subscribe by Email