Sunday April 5th, 2020 - 3:29:am
topbanner

ഗദ്ദിക പട്ടിക വിഭാഗക്കാരുടെ പ്രതീക്ഷയുടെ ഉത്സവം: മുഖ്യമന്ത്രി

Anusha Aroli
ഗദ്ദിക പട്ടിക വിഭാഗക്കാരുടെ പ്രതീക്ഷയുടെ ഉത്സവം: മുഖ്യമന്ത്രി

കണ്ണൂർ : പട്ടിക വിഭാഗക്കാരുടെ പ്രതീക്ഷയുടെ ഉല്‍സവമാണ് ഗദ്ദികയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഷം മുഴുവന്‍ കാത്തിരുന്ന് തയ്യാറാക്കുന്ന അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇതുപോലുള്ള മേളകള്‍ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

10 ദിവസം നീളുന്ന ഗദ്ദിക നാടന്‍ കലാമേളയും ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയും കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പൊതുവിപണികള്‍ കണ്ടെത്താനും മറ്റുള്ള ഉല്‍പ്പന്നങ്ങളുമായി മല്‍സരിച്ച് വിപണികള്‍ കീഴടക്കുവാനും പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പ്രയാസമാണ്. തനതായ പാരമ്പര്യ കലകള്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് വേദികളും കുറവാണ്. ഇതിന് പരിഹാരം കാണുകയെന്ന നിലയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഗദ്ദിക മേളകള്‍ സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടിലെ അടിയ ഗോത്രവിഭാഗത്തിന്റെ ആചാരമാണ് ഗദ്ദിക. നന്മയുടെ വരവിന് നാന്ദികുറിക്കുന്ന ആചാരമാണത്. പട്ടികവിഭാഗങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുകയും അവരുടെ പാരമ്പര്യ കലാപരിപാടികള്‍ക്ക് വേദിയൊരുക്കുകയും ചെയ്യുന്ന മേളയ്ക്ക് ഗദ്ദികയെന്ന പേരിട്ടത് അതിനാലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗോത്രവിഭാഗങ്ങളുടെ പാരമ്പര്യവും ചരിത്രവും തിരിച്ചറിയാന്‍ സഹായിക്കുന്നുവെന്നതാണ് മേളയുടെ സവിശേഷത.

മറ്റു മേളകളില്‍ നിന്ന് വ്യത്യസ്തമാണ് ഗദ്ദിക. പട്ടികവിഭാഗങ്ങള്‍ നിര്‍മിക്കുന്ന മായംകലരാത്തതും പൊതുവിപണിയില്‍ ലഭിക്കാത്തതുമായ ഉല്‍പ്പന്നങ്ങള്‍, പരമ്പരാഗത ഭക്ഷണങ്ങള്‍, തലമുറകളായി കൈമാറി ലഭിച്ച പാരമ്പര്യ ചികില്‍സാ രീതികള്‍ എന്നിവ ഇവിടെ ലഭിക്കും. അതോടൊപ്പം ഗോത്രകലകളും പാചക രീതികളും ജനങ്ങളെ പരിചയപ്പെടുത്താനുള്ള പ്രദര്‍ശന വേദികളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ പുലര്‍ത്തിവരുന്നത്. പരമ്പരാഗത രീതികള്‍ക്കൊപ്പം നൂതന സാങ്കേതികവിദ്യയിലുള്ള പരിശീലനം, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികള്‍, പോഷകാഹാര ലഭ്യതയും ആരോഗ്യ സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടപ്പിലാക്കാനായി.

വിദ്യാഭ്യാസ രംഗത്തെ അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പ്രാഥമിക വിദ്യാഭ്യാസം ഗോത്രഭാഷയില്‍ തന്നെ നല്‍കുന്നതിന് ഗോത്ര ബന്ധു എന്ന പേരില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി വന്‍ വിജയമായിരുന്നു. ഇതിന്റെ ഭാഗമായി പട്ടികവിഭാഗക്കാരായ അധ്യാപകരെ എല്‍പി ക്ലാസുകളില്‍ നിയമിച്ചു. അധ്യാപക യോഗ്യതയുള്ള എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും ജോലി ലഭ്യമാക്കാനും ഇതിലൂടെ സാധ്യമായി.

പട്ടികവിഭാഗ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സൗകര്യമൊരുക്കുന്നതിന് 500 കേന്ദ്രങ്ങളില്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ട സാമൂഹ്യപഠന മുറികള്‍ 125 കേന്ദ്രങ്ങളില്‍ ഒരുങ്ങിക്കഴിഞ്ഞു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം സുരക്ഷ ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഗോത്രവാല്‍സല്യ നിധി ഇന്‍ഷൂറന്‍സ് പരിരക്ഷാ പദ്ധതിയില്‍ 1576 പേര്‍ അംഗങ്ങളായി. പോലിസിലും എക്‌സൈസിലും മറ്റും പട്ടികവര്‍ഗക്കാര്‍ക്ക് പ്രത്യേകം നിയമനം നല്‍കി.

നൈപുണ്യ വികസന പരിശീലനത്തിലൂടെ 2037 പേര്‍ക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിനേടിക്കൊടുക്കാന്‍ സാധിച്ചു. അട്ടപ്പാടിയിലെ 200ലധികം യുവതികള്‍ക്ക് വസ്്ത്രനിര്‍മാണത്തില്‍ പരിശീലനം നല്‍കി അപ്പാരല്‍ പാര്‍ക്കില്‍ തൊഴില്‍ സംരംഭമൊരുക്കി. അട്ടപ്പാടിയിലെ 15 ഊരുകളില്‍ കെഎസ്‌ഐഡിസിയുടെ സഹായത്തോടെ പരമ്പരാഗത കൃഷി ചെയ്യുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കി വരികയാണ്.

വീട് നിര്‍മാണത്തിന്റെ കാര്യത്തിലും അടുത്തകാലത്തായി നല്ല പുരോഗതിയുണ്ടായി. 2016-17ല്‍ 6709 പുതിയ വീടുകളാണ് സര്‍ക്കാര്‍ ഇവര്‍ക്കായി അനുവദിച്ചത്. അവയുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ലൈഫ് മിഷന്‍ മുഖേന 11,000ത്തോളം വീടുകള്‍ പൂര്‍ത്തീകരിക്കാനായി. 4190 പേര്‍ക്ക് 3693 ഏക്കര്‍ ഭൂമിയാണ് ഈ സര്‍ക്കാര്‍ വിതരണം ചെയ്തത്. ഇതില്‍ 1126 പേര്‍ക്ക് 1552 ഏക്കര്‍ ഭൂമിയുടെ വനാവകാശ രേഖയും നല്‍കി. ഇതിനുപുറമെ, 454 പേര്‍ക്ക് 169 ഏക്കര്‍ ഭൂമിയാണ് വാങ്ങിനല്‍കിയത്.

നിക്ഷിപ്ത വനഭൂമി വിതരണ പദ്ധതി പ്രകാരം 2089 പേര്‍ക്ക് 1575 ഏക്കര്‍ ഭൂമി നല്‍കി. എറണാകുളത്ത് 10 സെന്റ് വീതം 99 പേര്‍ക്ക് 9 ഏക്കര്‍ റവന്യൂ ഭൂമി നല്‍കി. ഇനി പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ 10448 പേരാണ് ഭൂരഹിതരായിട്ടുള്ളത്. വനാവകാശ നിയമപ്രകാരം 8122 അപേക്ഷകര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 100 തൊഴില്‍ദിനങ്ങള്‍ക്ക് പുറമെ പട്ടിക വര്‍ഗക്കാര്‍ക്ക് 100 അധിക തൊഴില്‍ദിനങ്ങള്‍ നല്‍കുന്ന ട്രൈബല്‍ പ്ലസ് പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കി. അതിനുള്ള അധിക വിഹിതം പട്ടികവര്‍ഗ വികസന വകുപ്പാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ അടിസ്ഥാന ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുന്ന വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കലക്ടറേറ്റ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായി. മേളയിലെ വിപണനോദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു.

ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ മുഖ്യാതിഥിയായി. മേയര്‍ സുമ ബാലകൃഷ്ണന്‍, കെ കെ രാഗേഷ് എംപി, എംഎല്‍എമാരായ ജെയിംസ് മാത്യു, ടി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ്, പട്ടികജാതി വികസന വകുപ്പ് ഡയരക്ടര്‍ പി ഐ ശ്രീവിദ്യ, പട്ടികവര്‍ഗ വികസന വകുപ്പ് ഡയരക്ടര്‍ പി പുഗഴേന്തി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ പി ജയ ബാലന്‍ മാസ്റ്റര്‍, ടി ടി റംല, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ വെള്ളോറ രാജന്‍, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം സി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
cm pinarayi vijayan about kannur gadhika 2020
topbanner

More News from this section

Subscribe by Email