Friday February 28th, 2020 - 2:31:pm
topbanner

ദിലീപിനെ തിരിച്ചെടുത്തത് ഒറ്റക്കെട്ടായി : അക്രമിക്കപ്പെട്ട നടിയും ദിലീപും അമ്മയുടെ ഭാഗം: മോഹൻലാൽ

NewsDesk
ദിലീപിനെ തിരിച്ചെടുത്തത് ഒറ്റക്കെട്ടായി : അക്രമിക്കപ്പെട്ട നടിയും ദിലീപും അമ്മയുടെ ഭാഗം: മോഹൻലാൽ

കൊച്ചി: അക്രമിക്കപ്പെട്ട നടിയും ദിലീപും അമ്മയുടെ ഭാഗമാണെന്നും കുറ്റക്കാരനല്ലെന്ന് കോടതിയില്‍ തെളിഞ്ഞാല്‍ ദിലീപിന് സംഘടനയില്‍ തിരിച്ചെത്താം എന്നും അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. ജനറല്‍ ബോഡിയില്‍ എല്ലാവരുടെയും തീരുമാനപ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തത്. എന്നാല്‍ അന്നാരും അതിന് എതിരു പറഞ്ഞില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡബ്ല്യുസിസിയുമായി ചർച്ചയ്ക്കു തയാറാണെന്ന് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാൽ. ഇന്നു ചേർന്നത് അമ്മയുടെ എക്സിക്യൂട്ടീവ് യോഗമല്ല. എക്സിക്യൂട്ടീവ് ചേർന്നശേഷം ഡബ്ല്യുസിസിയുമായി ചർച്ച നടത്തും.

ജനറൽ ബോഡിയിൽ എല്ലാവരുടെയും തീരുമാനപ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തത്. ദിലീപ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിട്ടില്ലെന്ന് യോഗത്തിൽ പലരും അഭിപ്രായപ്പെട്ടിരുന്നു. ജനറൽ ബോഡി യോഗത്തിൽ ആരും ഈ അഭിപ്രായത്തിന് എതിരായി ഒന്നും പറഞ്ഞില്ല. ആർക്കുവേണമെങ്കിലും അഭിപ്രായം പറയാം. പക്ഷേ ആരും അതിനെതിരെ പറഞ്ഞില്ലെന്നും വാർത്താസമ്മേളനത്തിൽ മോഹൻലാൽ പറഞ്ഞു.

ജനറൽ ബോഡിക്കുശേഷം മാധ്യമങ്ങളെ കാണേണ്ടതായിരുന്നു. യോഗത്തിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാത്തത് തെറ്റാണ്. ദിലീപിനെ തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയെന്നു പറയുന്നവർക്ക് യോഗത്തിൽ വന്ന് ഇക്കാര്യം ഉന്നയിക്കാമായിരുന്നു.

ഒരാളെങ്കിലും ഇക്കാര്യം ഉന്നയിച്ചെങ്കിൽ തിരുത്തുമായിരുന്നു. ദിലീപ് ഇപ്പോഴും അമ്മയ്ക്കു പുറത്താണ്. പുറത്താക്കാൻ അന്ന് എക്സിക്യൂട്ടീവ് എടുത്ത തീരുമാനം നിയമപരമായി നിലനിൽക്കില്ല. അതിനാൽ ജനറൽ ബോഡി യോഗത്തിൽ വിഷയം ഉന്നയിക്കപ്പെട്ടു. അപ്പോൾ ആരും എതിരു പറഞ്ഞിട്ടില്ല. വിവാദങ്ങളെത്തുടർന്നു ദിലീപ് സംഘടനയിലേക്കു വരുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ കാർമേഘമെല്ലാം മാറി ദിലീപ് കുറ്റക്കാരനല്ലെന്നു കണ്ടെത്തിയാൽ അദ്ദേഹത്തിനു തിരിച്ചുവരാം. ആ പെൺകുട്ടിയും കുറ്റാരോപിതനും ഞങ്ങളുടെ സംഘടനയുടെ ഭാഗമാണ്. സത്യാവസ്ഥ തെളിയണം.

ഡബ്ല്യുസിസിയുടെ ഭാഗമായ നാലു പേരിൽ രണ്ടുപേർ മാത്രമേ രാജി വച്ചുള്ളൂ, ഭാവനയും രമ്യ നമ്പീശനും മാത്രമാണ് സംഘടനയ്ക്കു രാജിക്കത്ത് നൽകിയത്. ബാക്കി രണ്ടുപേരുടെ കത്ത് ഇന്ന് 11.30 വരെ ലഭിച്ചിട്ടില്ല. രാജി വച്ചവർ തിരിച്ചുവന്നാൽ അതു അമ്മ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും. അവരെന്തുകൊണ്ട് രാജി വച്ചെന്നു വിശദീകരിക്കേണ്ടവരും. ഞങ്ങളുടേത് 487 പേരുടെ സംഘടനയാണല്ലോ.

ദിലീപ് അവസരങ്ങൾ തടഞ്ഞുവെന്ന ആരോപണം നടി പരാതിയായി ഇതുവരെ കത്തു നൽകിയിട്ടില്ല. പുരുഷമേധാവിത്വം എന്നു പറയരുത്. അവർക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ സംഘടനയ്ക്ക് അകത്തു പറയാം. പുറത്തു പറഞ്ഞിട്ടു ഞങ്ങൾക്ക് സംഘടനയ്ക്ക് അകത്തു പറയാനാകില്ലെന്നു പറഞ്ഞിട്ട് എന്തു കാര്യം?.

നിഷ സാരംഗിന്റെ വിഷയത്തിൽ അമ്മ അവർക്കൊപ്പം തന്നെയാണ്. കാര്യങ്ങൾ അറിഞ്ഞപ്പോൾ ബന്ധപ്പെട്ട ആളുകളുമായി സംസാരിച്ചിരുന്നു- മോഹൻലാൽ വ്യക്തമാക്കി.

അമ്മ മഴവിൽ ഷോയിലെ സ്കിറ്റിനെക്കുറിച്ചുയർന്ന ആരോപണങ്ങളിലും മോഹൻലാൽ പ്രതികരിച്ചു. അമ്മയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾതന്നെയാണ് ആ സ്കിറ്റ് തയാറാക്കിയത്. ആരെയും അവഹേളിക്കാനായി ചെയ്തതല്ല. ഈയൊരു വിഷയം വന്നപ്പോൾ മാത്രമാണു സ്കിറ്റിനെക്കുറിച്ച് പരാതി ഉയർന്നത്. ബ്ലാക് ഹ്യൂമർ എന്ന രീതിയിൽ ആ സ്കിറ്റിനെ കണ്ടാൽ മതി. ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ടവരും അമ്മ മഴവിൽ ഷോയിൽ പാട്ടുപാടാനും മറ്റുമായി വന്നിരുന്നു.

സംഘടനയിലെ മഞ്ഞുരുകണം. അതിനു മാധ്യമപ്രവർത്തകർ സഹായിക്കണം. ജനറൽ ബോഡിയിൽ വന്ന് പാർവതിക്കു മൽസരിക്കണമെന്നു പറയാമായിരുന്നു. ആർക്കും സംഘടനയുടെ ഭാരവാഹിയാകാം.
ആഗ്രഹമുണ്ടെങ്കിൽ അവർക്ക് ഇപ്പോഴും വരാം. ഇതു വളരെ ചെറിയ സംഘടനയാണ്. 248 പുരുഷൻമാരും 236 സ്ത്രീകളുമാണ് ഈ സംഘടനയിലുള്ളത്. 133 പേർക്ക് മാസം 5000 രൂപ വച്ച് കൈനീട്ടം നൽകുന്നുണ്ട്. 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകുന്നുണ്ട്. സംഘടനയുടെ പുറത്തുള്ളവർക്കും നിരവധി സഹായങ്ങൾ ചെയ്യുന്നുണ്ട്. അക്ഷര വീടെന്ന പേരിൽ 51 പേർക്കു വീടുവച്ചു നൽകുന്നുണ്ട്. ഇത്രയും കാര്യങ്ങൾ ചെയ്യുന്ന ഒരു സംഘടന ഒരിക്കലും പിരിച്ചു വിടാൻ പാടില്ല. ആരുമറിയാതെ വളരെയധികം സഹായങ്ങൾ ഞങ്ങൾ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഇതുപോലൊരു താരസംഘടനയില്ല.

തിലകൻ ചേട്ടനുമായി നല്ല സൗഹൃദമുണ്ടായിരുന്നു. അദ്ദേഹത്തെ പല രീതിയിലും സഹായിച്ചിട്ടുണ്ട്. മോഹൻലാൽ എന്ന വ്യക്തി ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. അതോടൊപ്പം നടനുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നുണ്ട്, അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടേ, അദ്ദേഹം കൂട്ടിച്ചേർത്തു.

Read more topics: amma, dileep, mohanlal,
English summary
amma executive mohanalal press meet
topbanner

More News from this section

Subscribe by Email