Friday August 23rd, 2019 - 11:40:pm
topbanner
topbanner

തലസ്ഥാനം സംഘര്‍ഷഭരിതം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ച് അക്രമാസക്തം

Raji Mejo
തലസ്ഥാനം സംഘര്‍ഷഭരിതം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ച് അക്രമാസക്തം

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളേജ് സമരത്തില്‍ കെ.എസ്.യുവിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പൊലീസ് ടിയര്‍ഗ്യാസും, ലാത്തിച്ചാര്‍ജും, ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ സമരക്കാര്‍ കല്ലും കുപ്പികളും എറിഞ്ഞിരുന്നു. സംഘര്‍ഷത്തില്‍ സി.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകര്‍ എം.ജി റോഡ് ഉപരോധിക്കുകയാണ്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്ത മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് എത്തിയപ്പോള്‍ മുതല്‍ സംഘര്‍ഷമായിരുന്നു. പോലീസ് ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ ഒരുഭാഗത്ത് പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. കെഎസ്യുവിന്റെ സമരപ്പന്തലിന് മുന്നില്‍ പ്രതിഷേധക്കാര്‍ തടിച്ചതോടെ പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു.

പോലീസിന് നേരെ കല്ലും കന്പും കുപ്പികളും പ്രതിഷേധക്കാര്‍ വലിച്ചെറിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നതിനാല്‍ വന്‍ പോലീസ് സന്നാഹം സെക്രട്ടറിയേറ്റിന്റെ എല്ലാ കവാടത്തിനു മുന്നിലും നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കെ.എസ്. യു പ്രവര്‍ത്തകര്‍ പോലീസിന്റെ കണ്ണു വെട്ടിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ വരെ എത്തിയ സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു കനത്ത സുരക്ഷ.

ഇതിനിടെ സമരപ്പന്തലിന് നേരെ പോലീസ് കണ്ണീര്‍വാതകം എറിഞ്ഞുവെന്ന് ആരോപിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷും വനിതാ നേതാക്കളും പോലീസിന് നേരെ തിരിഞ്ഞു. പ്രകോപിതരായ പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും അരമണിക്കൂറോളം സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമായി മാറി.

English summary
Youth Conflict March: Violence in the Capital: Youth Congress Secretariat
topbanner

More News from this section

Subscribe by Email