കുറവിലങ്ങാട്: പ്രസവവേദനയോട് മല്ലിട്ട് പാതിരാത്രിയില്‍ ചികിത്സ തേടിയെത്തിയ തൊഴിലാളി സ്ത്രീക്ക് മുന്നില്‍ ആശുപത്രിയുടെ വാതിലുകള്‍ തുറന്നില്ല. ഒടുവില്‍ ആശുപത്രി പരിസരത്തുനിന്ന് നൂറ് മീറ്ററിനുള്ളില്‍ ഓട്ടോറിക്ഷയില്‍ പെണ്‍കുഞ്ഞിന് ജന്മംനല്കി. വിനീത സജി എന്ന സ്ത്രീക്കാണ് ഈ ദുരനുഭവം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ താഴാണ് ഞായറാഴ്ച അര്‍ധരാത്രി പ്രസവവേദനയുമായെ ത്തിയ വിനീതയ്ക്കുമുന്നില് തുറക്കാഞ്ഞത്. തോട്ടുവാ സ്വദേശിയായ വി.സി.സജിയും ഭാര്യ വിനീതയും(19) മക്കളായ വിനായകനും വിനീതും കുറുപ്പന്തറ കവലയിലെ കടത്തിണ്ണകളിലാണ് രാത്രികാലം കഴിച്ചു കൂട്ടുന്നത്. പകല്‍ ആക്രിവസ്തുക്കള്‍ പെറുക്കിവിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തും.
ഞായറാഴ്ച രാത്രി 12 മണിയോടെ കുറുപ്പന്തറ കവലയിലുണ്ടായിരുന്ന അവസാനത്തെ ഓട്ടോറിക്ഷ ഡ്രൈവറായ മോനിപ്പള്ളിയില്‍ അനില്‍ കുമാറിനെ, ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന അപേക്ഷയുമായാണ് സജി സമീപിച്ചത്. പാലാ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോകണം എന്നതായിരുന്നു ഇവരുടെ ആവശ്യം.
കുറവിലങ്ങാട് സര്‍ക്കാര്‍ ആശുപത്രിക്കു മുന്നിലെത്തിയപ്പോഴേക്കും രക്തം വാര്‍ന്ന് വിനീത അവശനിലയിലായതായി ഓട്ടോറിക്ഷ ഡ്രൈവര്‍ അനില്‍കുമാര്‍ പറഞ്ഞു. കുറവിലങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി ഏറെനേരം വിളിച്ച ശേഷമാണ് നഴ്സും സെക്യൂരിറ്റി ജീവനക്കാരനും എത്തിയത്.
പലതവണ വിനീതയുടെ അവസ്ഥ പറഞ്ഞ് അപേക്ഷിച്ചിട്ടും ആശുപത്രിയുടെ വാതില്‍പോലും തുറന്നില്ല. ഗൈനക്ക് വിഭാഗം ഇല്ലാത്തതിനാല്‍ പാലാ ആശുപത്രിയില്‍ പോകാനായിരുന്നു നിര്‍ദേശം. ചികിത്സ ലഭിക്കില്ലെന്ന് ഉറപ്പാവുകയും വിനീതയുടെ അവസ്ഥ മോശമെന്ന് തിരിച്ചറിയുകയും ചെയ്തതോടെയാണ് പാലായിലേക്ക് തിരിക്കാന്‍ തീരുമാനിച്ചതെന്നും അനില്‍കുമാര്‍ പറഞ്ഞു.
ആശുപത്രിയില്‍നിന്നിറങ്ങി നൂറ് മീറ്റര്‍ പിന്നിടുംമുമ്ബ് വിനീത ഓട്ടോറിക്ഷയുടെ പ്ലാറ്റ് ഫോമിലേക്ക് വീണു. ഇതോടെ ഓട്ടോറിക്ഷ നിര്‍ത്തി. ഈ സമയം വിനീതയുടെ പ്രസവം നടന്നു. ആശുപത്രി വളപ്പില്‍ 108 ആംബുലന്‍സ് കിടക്കുന്നത് കണ്ട അനില്‍കുമാര്‍ തന്നെ ആബുലന്‍സ് വിളിച്ചുവരുത്തി. ആംബുലന്‍സിലെ പുരുഷ നഴ്സിന് പ്രസവ പരിചരണത്തില്‍ പരിചയമില്ലായിരുന്നു. ഇവിടെത്തന്നെ പൊക്കിള്‍ക്കൊടിയും മുറിച്ച ശേഷമാണ് വിനീതയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.
അന്വേഷണം ആരംഭിച്ചു
സംഭവം അറിഞ്ഞപ്പോള്‍ ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന തോമസ് ടി.കീപ്പുറം പറഞ്ഞു. ചികിത്സ വേണമെന്ന ആവശ്യവുമായി ഭര്‍ത്താവാണ് ആശുപത്രിയിലെത്തിയത്. ഗൗരവസ്ഥിതി അറിയാന്‍ കഴിഞ്ഞില്ല. പാലായിലാണ് ചികിത്സിച്ചിരുന്നത് എന്ന് ഭര്‍ത്താവ് പറഞ്ഞതിനാലാണ് പാലായില്‍ പോകാന്‍ നിര്‍ദേശിച്ചതെന്നാണ് സൂപ്രണ്ട് നല്കിയ വിശദീകരണമെന്ന് തോമസ് ടി.കീപ്പുറം പറഞ്ഞു.