സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡില്ല. ഏഴ് പേർ രോഗമുക്തി നേടി. കോട്ടയത്ത് ആറും പത്തനംതിട്ടയിൽ ഒരാളുമാണ് രോഗമുക്തി നേടിയത്. കോട്ടയത്ത് രോഗമുക്തി നേടിയ ഒരാൾ ഇടുക്കി സ്വദേശിയാണ്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
നിലവിൽ സംസ്ഥാനത്താകെ കൊവിഡ് ബാധിച്ച് 30 പേരാണ് ചികിത്സയിലുള്ളത്. 502 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 14,670 പേരാണ് നിരീക്ഷണത്തിലുണ്ട്. ഇതിൽ 268 പേർ ആശുപത്രികളിലാണ്. ഇന്ന് 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 34,599 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് പരിശോധന നടത്തിയത് 1104 സാമ്പിളുകളാണ്. സംസ്ഥാനത്തെ 6 ജില്ലകളിൽ മാത്രമാണ് നിലവിൽ കൊവിഡ് രോഗികളുള്ളത്. 8 ജില്ലകൾ കൊവിഡ് മുക്തമായി. പുതിയ ഹോട്ട് സ്പോട്ടില്ലാത്തതും സംസ്ഥാനത്തിന് ആശ്വാസമാണ്.
മുൻഗണനാ ഗ്രൂപ്പിലെ 2947 സാമ്പിളുകൾ ശേഖരിച്ചത് 2147 എണ്ണം നെഗറ്റീവായി. നമ്മുടെ സംസ്ഥാനത്ത് ആറ് ജില്ലകളിൽ മാത്രമാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.കണ്ണൂരിൽ 18 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. കൊവിഡ് മുക്തമായി എട്ട് ജില്ലകളുണ്ട്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം കോട്ടയം പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം. പുതുതായി ഇന്ന് ഹോട്ട്സ്പോട്ടുകളില്ല. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്, ആശ്വാസം
ലോക്ക് ഡൗൺ കാരണം വിദേശരാജ്യങ്ങളിൽ പെട്ട് പോയ കേരളീയർ നാളെ മുതൽ കേരളത്തിലെത്തും. നടപടിക്രമങ്ങൾ കേന്ദ്രത്തിൽ നിന്ന് ലഭിച്ചു. ഏവിയേഷൻ മന്ത്രാലയം ഏർപ്പെടുത്തിയ വിമാനങ്ങളും പ്രതിരോധ വകുപ്പ് ഏർപ്പെടുത്തിയ കപ്പലുകളിലാണ് ഇവർ വരുന്നത്. നാളെ രണ്ട് വിമാനങ്ങൾ വരുമെന്നാണ് ഔദ്യോഗിക വിവരം. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും സൗദിയിൽ നിന്ന് കോഴിക്കോട്ടേക്കും. നാട്ടിലേക്ക് വരുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കണമെന്ന് ആരോഗ്യകാരണം മുൻനിർത്തി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ മറുപടി ലഭിച്ചിട്ടില്ല.
മടങ്ങി വരുന്ന ഓരോ മലയാളിയുടെയും കാര്യത്തിൽ കരുതലോടെ ഇടപെടും. വരുന്നവർ താമസസ്ഥലം മുതൽ യാത്രാവേളയിൽ ഉടനീളം ജാഗ്രത പാലിക്കണം. വിമാനത്താവളം മുതൽ ആ ജാഗ്രത ഉണ്ടാകണം. അവർക്ക് വേണ്ട സൗകര്യങ്ങൾ തയ്യാറാണ്. രാജ്യത്ത് പല കേന്ദ്രങ്ങളിലും വിദ്യാർത്ഥികളടക്കം കുടുങ്ങിക്കിടക്കുന്നുണ്ട്.
ദില്ലി ജാമിയ മിലിയയിലെ മലയാളി വിദ്യാർത്ഥികൾ അവർക്ക് ലഭിച്ച ഒരു നിർദേശം ഈ മാസം 15-ന് മുമ്പ് ഹോസ്റ്റൽ ഒഴിയണമെന്നാണ്. അവ നിരീക്ഷണകേന്ദ്രങ്ങളാക്കുകയാണ്. ഇതൊരു ഉദാഹരണം മാത്രമാണ്. ഇത്തരത്തിൽ നിരവധി പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ദില്ലി, പഞ്ചാബ്, ഹിമാചൽ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ കാരണം കുടുങ്ങിയ വിദ്യാർത്ഥികളെ കേരളത്തിലെത്തിക്കാൻ ഊർജിതമായ ശ്രമം കേരളം നടത്തുന്നു. പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിൻ വേണമെന്നാണ് ആവശ്യം. ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് കത്തയച്ചിട്ടുണ്ട്.
സംസ്ഥാനത്തിന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് 1200-ഓളം മലയാളി വിദ്യാർത്ഥികൾ തിരിച്ച് വരാൻ ഈ നാല് സംസ്ഥാനങ്ങളിലുണ്ട്. 723 പേർ ദില്ലിയിൽ, 348 പേർ പഞ്ചാബിൽ, 89 പേർ ഹരിയാനയിൽ, ഹിമാചലിൽ 17 പേർ ഉണ്ട്. ദില്ലിയിൽ നിന്ന് പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ദില്ലിയിലെത്തി യാത്ര തുടങ്ങാനാകും.