തളിപ്പറമ്പ: 1970കളിലെ കലാലയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ കിട്ടിയ അടിയുടെയും കല്ലേറിന്റെയും നീറുന്ന ഓര്‍മ്മ ഒരു മധുരനൊമ്പരമായി ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു എന്നും പറഞ്ഞു കൊണ്ടാണു കേരള രാഷ്ട്രിയത്തിലെ അതികായനും വ്യവസായ വകുപ്പ് മന്ത്രിയുമായ കുഞ്ഞാലികുട്ടി, സര് സയ്ദ് കോളേജ് അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍, കോളേജ് പി.ജി സെമിനാര്‍ ഹാളില്‍ വെച്ചു നടത്തിയ ' സര് സയ്യ്ദ് കോളേജില്‍ ഇത്തിരിനേരം കുഞ്ഞാലിക്കുട്ടിയോടൊപ്പം ' എന്ന സംവാദം ഉല്‍ഘാടനം ചെയ്തതു. ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തി തുടങ്ങിയ പ്രസംഗം അതിവേഗം സദസില്‍ ചിരിപടര്‍ത്തി. നിലയ്ക്കാത്ത കരഘോഷത്തിനിടയിലും മന്ത്രി കലാലയ ഓര്‍മ്മകള്‍ പൊടിതട്ടിയെടുത്തു. തുടക്കം മുതല്‍ മന്ത്രിയെ അല്ല സദസ്യര്‍ കണ്ടതു, പാര്‍ട്ടിയും രാഷ്ട്രിയവുമെല്ലാം മാറ്റിവെച്ചു തമാശകള്‍ വാരിവിതറി കലാലയ ഓര്‍മ്മകളിലേയ്ക്കു തിരിച്ചു നടന്ന ഒരു പൂര്വവിദ്യാര്ത്ഥിയെയായിരുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
യാദൃശ്ചികമായിട്ടാണു സര് സയ്യ്ദ് കോളേജില്‍ എത്തിയത് എന്നും രാഷ്ട്രിയം എന്നത് മനസ്സില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല എന്നും സംവാദത്തിനിടയില്‍ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരനാകാന്‍ പ്ലാന്‍ ചെയ്ത് വന്നതല്ല സര് സയ്യ്ദ് കോളേജാണു എന്നെ ഇങ്ങിനെയാക്കിയത് തിരഞ്ഞെടുപ്പിന്റെ രസം പകര്‍ന്നതും ഈ കലാലയമാണു. മന്ത്രി ഓര്‍മ്മപുതുക്കി. പഠിക്കുന്ന കാലത്ത് ചെയ്ത എല്ലാകാര്യങ്ങളും പുറത്തു പറയാന്‍ പറ്റില്ലെന്നു ഒരു കള്ളച്ചിരിയോടെ മന്ത്രി പറഞ്ഞു.
1971ല്‍ കോളേജില്‍ എം.എസ്.എഫ് നടത്തിയ സമരത്തിനെതിരെ കെ.എസ്.യു രംഗത്തു വരുകയും ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം നടക്കുകയും ചെയ്യുന്നതിനിടയില്‍ ആണു അടി നടക്കുന്നതു കണ്ട് ആവേശം മൂത്ത് അന്ന് പി.ഡി.സി വിദ്യാര്‍ത്ഥിയായ മൂസാന്‍കുട്ടിയും സുഹൃത്തുകളും സമരക്കാരുടെ നേരെ കല്ലേറു നടത്തിയത്. മൂസാന്‍കുട്ടിയുടെ ഏറു കേരള രാഷ്ട്രിയത്തിന്റെ ഭാഗദേയം നിര്‍ണ്ണയിച്ച ഒന്നായിരുന്നു എന്നു അന്ന് അതു എറിഞ്ഞ ആളിനോ കൊണ്ട ആളിനോ അറിയില്ലയിരുന്നു. പിന്നീട് കോളേജില്‍ നടന്ന സമരങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും ആണു കുഞ്ഞാലികുട്ടി രാഷ്ട്രിയത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയതു. മൂസാന്‍ കുട്ടി പിന്നീട് കോളേജ് യൂണിയന് ചെയ്യര്‍മാനായി. പ്രീഡിഗ്രിയ്ക്കു മാര്‍ക്കു കുറഞ്ഞതു മൂലമാണു ഫാറൂഖ് കോളേജില്‍ നിന്നും സര് സയ്യ്ദ് കോളേജിലേയ്ക്കു കുഞ്ഞാലികുട്ടിയ്ക്കു വരേണ്ടി വന്നതു. ഫാറൂഖ് കോളേജില്‍ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നുവെങ്കിലും രാഷ്ട്രിയം ഉണ്ടായിരുന്നില്ല. സര് സയ്യ്ദ് കോളേജില്‍ ബീകോമിനു ചേര്‍ന്നപ്പോഴാണു ആദ്യമായി രാഷ്ട്രിയത്തില്‍ ഇറങ്ങിയത് എന്നും സര് സയ്യ്ദില് വെച്ചു കിട്ടിയ ആദ്യ അടിയും ആക്രമണവും ആണു തന്നെ രാഷ്ട്രിയമായി വളര്‍ത്തിയതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
സംവാദത്തിനിടയില്‍ ആണു മന്ത്രി പരാതി കൊടുക്കില്ലെങ്കില്‍ ഒരു കാര്യം പറയാമെന്നും പറഞ്ഞു മൂസാന്‍കുട്ടി നാലു പതിറ്റാണ്ടുകള്‍ക്കു മുന്‍പുള്ള കല്ലേറിന്റെ സത്യം വെളിപ്പെടുത്തിയതു. അന്ന് തങ്കള്‍ക്ക് നേരെ ഉണ്ടായ അക്രമണത്തില്‍ താങ്കളുടെ ദേഹത്തുകൊണ്ട ആദ്യത്തെ കല്ലെറിഞ്ഞതു ഞാനയിരുന്നു എന്ന മൂസാന്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഒരു പൊട്ടിച്ചിരിയോടെ ആണു മന്ത്രിയും സദസ്സും സ്വീകരിച്ചതു.
സര് സയ്യ്ദില് കെ.എസ്.യു ഒരു ഭാഗത്തും മറുഭാഗത്ത് കെ.എസ്.എഫ് ( എസ്.എഫ്.ഐ യുടെ പഴയ രൂപം ) എം.എസ്.എഫ് സഖ്യവുമായിട്ടായിരുന്നു തിരെഞ്ഞെടുപ്പിനെ നേരിട്ടിരുന്നതു. കെ.എസ്.എഫുമായി സഖ്യമുണ്ടാക്കിയതിനു ലീഗ് നേതൃത്വത്തില്‍ നിന്നും പഴിയേറെ കേള്‍ക്കേണ്ടി വന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു. അന്നുണ്ടായ രാഷ്ട്രിയ അനുഭവങ്ങള്‍ ആണു തനിയ്ക്കു പിന്നീട് ഉള്ള രാഷ്ട്രിയ വളര്‍ച്ചയ്ക്ക് സഹായമായതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. ഹോസ്റ്റലില്‍ താമസിച്ചിരുന്ന ചുരുക്കം ചില കെ.എസ്.യു ക്കാരുടെ സംരക്ഷകന്‍ ആയിരുന്നു മന്ത്രി എന്നു സഹപാഠികള്‍ ഓര്‍ത്തു.
കോളേജ് യൂണിയന് തിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥമുള്ള പഴയൊരു കാര്‍ഡുമായിട്ടായിരുന്നു കീച്ചേരി സ്വദേശി ലക്ഷ്മി പഴയ സഹപാഠിയെ കാണാനെത്തിയതു. സദസ്യരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ചെറുപുഞ്ചിരിയോടെ മറുപടി പറഞ്ഞു. ഓരോരുത്തരും ജീവിതത്തില്‍ എന്താകണമെന്നു തീരുമാനിച്ചിട്ടുണ്ട് എനിക്ക് രാഷ്ട്രീയമാണു വിധിച്ചതു എന്ന് നന്നായി പഠിച്ചിരുനെങ്കില് എന്താകുമായിരുന്നു എന്ന ചോദ്യത്തിനു അദേഹം മറുപടി പറഞ്ഞു.
സി.ആര്.പി.എഫ് റിട്ട. ഐജി കെ.വി.മധുസൂദനന്, പ്രൊഫ. കുഞ്ഞിരാമന്, അഡ്വ. മുഹമ്മദ്, റിട്ട. പ്രിന്‍സിപ്പാള്‍ ഡോ. ഖലീല്‍ ചൊവ്വ, ഷാഹുല്‍ ഹമീദ്, അബ്ദുള്‍ ജലീല്‍, ഹസ്സന്‍കുട്ടി, മൂസാന്‍കുട്ടി, മുഹമ്മദ് ബഷീര്‍.കെ തുടങ്ങിയവര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു. സര് സയ്യ്ദ് കോളേജില്‍ പുതുതായി നിര്‍മ്മിക്കാന്‍ പോകുന്ന പി.ജി ബ്ലോക്കിനു എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തു കൊണ്ടാണു സംവാദം അവസാനിച്ചത്.
ചടങ്ങില്‍ അസോസിയേഷന് പ്രസിഡ്ന്റ് സി.വി. ജയചന്ദ്രന് അധ്യക്ഷത വഹിച്ചു. സി.ഡി.എം.ഇ പ്രസിഡ്ന്റ് കെ. അബ്ദുള്‍ കാദര്‍, സി.ഡി.എം.ഇ സെക്രട്ടരി കെ.വി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, മാനേജര്‍ പി.മഹമ്മൂദ്, നഗരസഭ ചെയര്‍ മാന്‍ അള്ളാംകുളം മഹമ്മൂദ്, പ്രിന്‍സിപ്പാള്‍ ഡോ. പി.ടി. അബ്ദുള്‍ അസീസ്, എന്‍. ഷാന്‍ എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന് സെക്രട്ടരി അഡ്വ കെ അബ്ദുള്‍ റസാഖ് നന്ദി പറഞ്ഞു.