കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ ആദ്യ കോച്ചുകള്‍ ആലുവയിലെത്തി. ഇന്നലെ പകല്‍ മൂന്നോടെ ആലുവ പുളിഞ്ചുവട് ജംങ്ഷനില്‍ എത്തി. ഇന്ന് രാവിലെ 8.30ന് കോച്ചുകള്‍ മുട്ടം യാര്‍ഡിലേക്ക് മാറ്റും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് പരിശോധനകള്‍ക്കുശേഷം ആദ്യ കോച്ച് അണ്‍ലോഡിങ് പ്ലാറ്റ്ഫോമിലേക്ക് മാറ്റും. മറ്റു രണ്ടെണ്ണം തിങ്കളാഴ്ചയായിരിക്കും മാറ്റുക.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഈ മാസം രണ്ടിനാണ് ആദ്യഘട്ടത്തിലെ മൂന്നു കോച്ചുകള്‍ ആന്ധ്രയിലെ നിര്‍മാതാക്കളായ അല്‍സ്റ്റോം കെ.എം.ആര്.എലിന് കൈമാറിയത്. പ്രത്യേക ട്രെയ്ലര് ലോറികളിലാണ് കൊണ്ടുവന്നത്. വെള്ളിയാഴ്ച കോച്ചുകള്‍ വാളയാര്‍ ചെക്പോസ്റ്റില്‍ എത്തി. രാത്രി മാത്രമായിരുന്നു ട്രെയ്ലറുകള് ഓടിയിരുന്നതെങ്കിലും ശനിയാഴ്ച ഗതാഗത പ്രശ്നമൊന്നും ഉണ്ടാകാതിരുന്നതിനാല്‍ പകല്‍ തന്നെ ആലുവയില്‍ എത്തിക്കുകയായിരുന്നുവെന്ന് കെ.എം.ആര്.എല്‍ അധികൃതര്‍ പറഞ്ഞു.
പരീക്ഷണ ഓട്ടത്തിനുള്ള ക്രമീകരണങ്ങള്‍ മെട്രോ യാര്‍ഡില്‍ പൂര്‍ത്തിയായെന്ന് ഡി.എം.ആര്.സി. അറിയിച്ചു. ഡി.എം.ആര്.സി: എം.ഡി മങ്കു സിങ്ങും കെ.എം.ആര്.എല്‍ എം.ഡി ഏലിയാസ് ജോര്‍ജും ഉള്‍പ്പെട്ട സംഘം ഇന്നലെ മുട്ടം യാര്‍ഡിലെ മറ്റ് ക്രമീകരണങ്ങള്‍ പരിശോധിച്ചു. ഇതിനുശേഷം ആലുവ മുതല്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വരെയുള്ള മെട്രോ പാതയില്‍ മങ്കു സിങ്ങിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി.