Wednesday July 17th, 2019 - 10:13:am
topbanner
topbanner

ജയിലിലെ ബിരിയാണി ഇനി ഓണ്‍ലൈനിലും കിട്ടും

JB
 ജയിലിലെ ബിരിയാണി ഇനി ഓണ്‍ലൈനിലും കിട്ടും

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തേയ്ക്ക് കടന്ന് ഒറ്റ ദിവസം കൊണ്ട് വിയ്യൂര്‍ ജയിലിലെ ബിരിയാണി കോമ്പോ സൂപ്പര്‍ ഹിറ്റ്. ബിരിയാണിയും ചപ്പാത്തിയും ചിക്കന്‍ കറിയും ഉള്‍പ്പെടുന്ന കോമ്പോ ഞെട്ടിക്കുന്ന വിലയില്‍ വീട്ടിലെത്തുമെന്നായപ്പോള്‍ മിനിട്ടുകള്‍ക്കകം ഓണ്‍ലൈന്‍ ബിരിയാണിച്ചെമ്പ് കാലി!

കഴിഞ്ഞ എട്ട് വര്‍ഷമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ കേന്ദ്രീകരിച്ച് ബിരിയാണിയും ചപ്പാത്തിയും ഉള്‍പ്പെടുന്ന ഭക്ഷണസാധനങ്ങളുടെ ഉത്പാദനവും വില്‍പ്പനയും നടക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഭക്ഷണം ഓണ്‍ലൈന്‍ ഡെലിവറി ആപ്പുകള്‍ വഴി വില്‍ക്കുന്നത്. ഓണ്‍ലൈന്‍ മുഖാന്തിരം ഭക്ഷണവില്‍പ്പന നടത്തുന്ന കേരളത്തിലെ ആദ്യ ജയിലുമാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. 300 ഗ്രാം ബിരിയാണി, 3 ചപ്പാത്തി, ചിക്കന്‍ കറി, ഒരു കപ്പ് കേക്ക്, ഒരു കുപ്പി വെള്ളം, ഭക്ഷണം വിളമ്പാനുള്ള വാഴയില എന്നിവ പേപ്പര്‍ ക്യാരി ബാഗിലാക്കിയാണ് ഓണ്‍ലൈന്‍ വഴി വില്‍പ്പനയ്‌ക്കെത്തിയത്. വില വെറും 127 രൂപ. തൃശ്ശൂരിലെ ഏറ്റവും ലാഭകരമായ കോമ്പോ എന്നാണ് ഒരു ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനി ജയില്‍ ബിരിയാണി കോമ്പോയെ വിളിച്ചത്. ഓണ്‍ലൈന്‍ വില്‍പ്പന തുടങ്ങിയ ആദ്യ രണ്ട് ദിവസങ്ങളിലും അര മണിക്കൂര്‍ കൊണ്ട് കോമ്പോ വിറ്റു തീരുകയായിരുന്നു. ഓണ്‍ലൈന്‍ ആപ്പുകളില്‍ കോമ്പോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും വരും ദിവസങ്ങളില്‍ കൂടിയ അളവില്‍ ഭക്ഷണം വില്‍പ്പനയ്ക്ക് എത്തിക്കുമെന്നും വിയ്യൂര്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് അനില്‍ കുമാര്‍ സമയം മലയാളത്തോട് പറഞ്ഞു.

'ആളുകളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതിന്റെ അടിസ്ഥാന വരും ദിവസങ്ങളില്‍ കോമ്പോ ലഭ്യമാക്കാനാണ് ശ്രമം. ഇതിനു പുറമെ രാവിലെ പ്രാതല്‍ വിഭവങ്ങള്‍ അടങ്ങിയ ബ്രേക്ക്ഫാസ്റ്റ് കോമ്പോയും കൂടാതെ മധുര പലഹാരങ്ങളടങ്ങിയ ബ്രൗണി കോമ്പോയും ഓണ്‍ലൈന്‍ വിപണിയിലെത്തിക്കാനുമാണ് ശ്രമം.' അനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് വലിയ ഭക്ഷണ നിര്‍മാണ യൂണിറ്റുകളുള്ള 12 ജയിലുകളിലും പദ്ധതി നടപ്പാക്കാനുള്ള സാധ്യതാപഠനം നടത്താന്‍ ജയില്‍ എഡിജിപി ഋഷിരാജ് സിങ് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ തൃശ്ശൂര്‍ നഗരത്തില്‍ ലഭ്യമായതില്‍ ഏറ്റവും ലാഭകരമായ ബിരിയാണി കോമ്പോയാണിതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഓണ്‍ലൈനില്‍ ഭക്ഷണവിഭവങ്ങള്‍ക്ക് വലിയ വിപണിയുണ്ടെന്നും ജയിലില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വിഭവങ്ങള്‍ വില്‍ക്കാന്‍ ഈ മാര്‍ഗം ഉപയോഗപ്പെടുത്തുകയാണെന്നും ജയില്‍ സൂപ്രണ്ട് നിര്‍മലാനന്ദന്‍ നായര്‍ ഒരു ഇംഗ്ലീഷ് വെബ്‌സൈറ്റിനോട് പ്രതികരിച്ചിരുന്നു.

നിലവില്‍ 500 മുതല്‍ 700 പ്ലേറ്റ് വരെ ബിരിയാണിയാണ് പ്രതിദിനം ജയിലില്‍ നിന്ന് വിറ്റഴിക്കുന്നത്. ഇതിനു പുറമെ കുറഞ്ഞത് 300 പാക്കറ്റ് ബിരിയാണിയെങ്കിലും ഓണ്‍ലൈന്‍ വഴി വില്‍ക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സെന്‍ട്രല്‍ ജയിലിലെ നൂറോളം ജയില്‍പുള്ളികളാണ് ഭക്ഷണോത്പാദനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ തനതു പലഹാരങ്ങള്‍ ഉണ്ടാക്കാനായി ഒരു വനിതാ വിഭാഗവും ജയിലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

Read more topics: JAIL FOOD, SALE ON ONLINE,
English summary
JAIL FOOD SALE ON ONLINE
topbanner

More News from this section

Subscribe by Email