Monday July 13th, 2020 - 9:09:pm

'സി എം ഐ അച്ചന്റെ കാഴ്ചപ്പാടുകൾ എല്ലാ വൈദീകർക്കും ആത്മീയ തിമിരത്തിനുള്ള ഒരു ഓപ്രേഷൻ ആകട്ടെ' : സിസ്റ്റർ ലൂസി കളപ്പുരക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

princy
'സി എം ഐ അച്ചന്റെ കാഴ്ചപ്പാടുകൾ എല്ലാ വൈദീകർക്കും  ആത്മീയ തിമിരത്തിനുള്ള ഒരു ഓപ്രേഷൻ ആകട്ടെ' : സിസ്റ്റർ ലൂസി കളപ്പുരക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

കോട്ടയം:ഫാ. പോള്‍ ആച്ചാണ്ടി സി.എം.ഐ കാഴ്ചപ്പാടുകൾ എല്ലാ വൈദീകർക്കും ആത്മീയ തിമിരത്തിനുള്ള ഒരു ഓപ്രേഷൻ ആകട്ടെ എന്ന് സിസ്റ്റർ ലൂസി കളപ്പുരക്കിൽ. ജോണ്‍ കില്ലിംഗറിന്റെ സെമിനാരിയില്‍ പഠിപ്പിക്കാത്ത 7 കാര്യങ്ങള്‍ എന്ന പുസ്തത്തെ കുറിച്ച് ഫാ. പോള്‍ ആച്ചാണ്ടി സി.എം.ഐ എഴുതിയ ചില കാര്യങ്ങൾ ചൂണ്ടി കാട്ടികൊണ്ടാണ് വൈദീകർ ആർജ്ജിച്ചെടുക്കേണ്ട ഗുണങ്ങളെ കുറിച്ച് സിസ്റ്റർ ലൂസി സൂചിപ്പിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജനങ്ങൾക്ക് വൈദീകരോടുള്ള വിശ്വാസ്യത നഷ്ടമായി കൊണ്ടിരിക്കുന്നു. അഴിമതി, കോഴ എന്നിവയൊക്ക ഇതിനൊരു കാരണമായിട്ടുണ്ട്. വിശ്വാസ്യതയുടെയും സത്യസന്ധതയുടെയും മാതൃകകളായി നില്‍ക്കേണ്ടതു വൈദികരാണ്. ദൈവത്തെ ആവശ്യമുണ്ട്, സഭയെ ആവശ്യമില്ല എന്നു പറയുന്ന നിരവധി മനുഷ്യര്‍ ഇന്നുണ്ട്. ആത്മീയത വേണം, അതിനു കത്തോലിക്കാസഭയുടെ ആവശ്യമില്ല എന്ന കാഴ്ചപ്പാട്.

കത്തോലിക്കാസഭ ആളുകള്‍ക്കു സ്വീകാര്യമായ ഒരു രീതിയിലേയ്ക്കു വരണം. സഭ ഇന്ന് സാമുദായിക, സാമ്പത്തിക, രാഷ്ട്രീയ ശക്തിയായിട്ടുണ്ടെങ്കിലും ആത്മീയ, ധാര്‍മ്മിക ശക്തിയല്ലെന്ന അഭിപ്രായം ജെസ്യൂട്ട് പ്രൊവിന്‍ഷ്യല്‍ ഫാ. എം കെ ജോര്‍ജ് മുമ്പ് സത്യദീപത്തില്‍ പങ്കുവച്ചിരുന്നു. അതു വളരെ ശരിയാണ്.

കേരള സഭ ഇന്നു ഒരു ധാര്‍മ്മിക ശക്തിയായി മാറണമെന്നും ഫാ .സി.എം.ഐ പറയുന്നതായി സിസ്റ്റർ ലൂസി കളപ്പുരക്കൽ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു. സഭയെ വിമര്‍ശിക്കുന്നത് സഭയോടുള്ള സ്നേഹം കൊണ്ടു തന്നെയാണ്. പ്രശ്നത്തിന്‍റെ ഭാഗമാകുന്നതിനു പകരം പരിഹാരത്തിന്‍റെ ഭാഗമായി മാറുകയാണാവശ്യമെന്ന വാക്കുകളും സിസ്റ്റർ ലൂസി പോസ്റ്റിനൊപ്പം കൂട്ടിച്ചേർത്തു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം 

"സമയത്ത് തിരുത്താത്ത തെറ്റ് കുറ്റകരവും വീഴ്ചയുമാണ്"."സി എം ഐ അച്ചന്റെ കാഴ്ചപ്പാടുകൾ എല്ലാ വൈദീകർക്കും സി എം ഐ അടക്കമുള്ളവരുടെയും ആത്മീയ തിമിരത്തിനുള്ള ഒരു ഓപ്രേഷൻ ആകട്ടെ."സെമിനാരിയില്‍ പഠിപ്പിക്കാത്ത 7 കാര്യങ്ങള്‍ ഫാ. പോള്‍ ആച്ചാണ്ടി സി.എം.ഐ."സെമിനാരിയില്‍ പഠിപ്പിക്കാത്ത 7 കാര്യങ്ങള്‍" എന്നൊരു പുസ്തകമുണ്ട്. ജോണ്‍ കില്ലിംഗറാണ് ഗ്രന്ഥകാരന്‍. അദ്ദേഹം പറയുന്ന 7 കാര്യങ്ങള്‍ ഇവയാണ്:

1, ഇടവക പള്ളി ഒരു സ്ഥാപനം മാത്രമാണ്, ആത്മീയ കേന്ദ്രമല്ല. കല്യാണങ്ങളും മാമോദീസകളും കുറിക്കമ്പനികളും സാംസ്കാരിക പ്രവര്‍ത്തനങ്ങളും ഒക്കെ നടക്കുന്ന ഒരു സ്ഥാപനം. ഇങ്ങനെയൊരു സ്ഥാപനം/കാര്യാലയം എന്നതില്‍ നിന്ന് ഒരു ധ്യാനകേന്ദ്രത്തിനു സമാനമായ ആത്മീയാന്തരീക്ഷത്തിലേയ്ക്ക് ഇടവകപ്പള്ളികള്‍ രൂപം മാറണം. വിവിധ ആവശ്യങ്ങള്‍ക്കായി ഇടവകയില്‍ പോകുന്നവര്‍ തങ്ങളുടെ യഥാര്‍ത്ഥമായ ആത്മീയാവശ്യങ്ങള്‍ക്കായി ധ്യാനകേന്ദ്രങ്ങളിലേയ്ക്കു പോകുന്ന സ്ഥിതിയുണ്ട്. അതൊരു വിടവാണ്.

2, ബാഹ്യരൂപങ്ങള്‍ക്കാണ് യാഥാര്‍ത്ഥ്യങ്ങളേക്കാള്‍ പ്രാധാന്യം. പള്ളികളിലൊക്കെ നടക്കുന്നത് കൂടുതലും ഒരു തരം കാട്ടിക്കൂട്ടലുകളാണ്. ആത്മാവും അര്‍ത്ഥവും നഷ്ടമായ നിരവധി കാര്യങ്ങള്‍ പള്ളികള്‍ തോറും നടക്കുന്നുണ്ട്. അതു നിര്‍മ്മാണപ്രവര്‍ത്തനങ്ങളാകാം, ആഘോഷങ്ങളാകാം, മറ്റെന്തെങ്കിലുമാകാം.

3, വിജയിക്കുന്ന ആളുകള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് നിസ്സാരമായ കാര്യങ്ങളാണ്. ഇത്രമാത്രം പഠനവും പരിശീലനവും സിദ്ധിച്ചു വരുന്ന വൈദികര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് എന്താണ്? അത്ര മൂല്യവത്തായ കാര്യങ്ങളൊന്നുമല്ല എന്നു നമുക്കറിയാം. ചെറിയ ചെറിയ കാര്യങ്ങളില്‍ മുഴുകി ദിവസം മുഴുവന്‍ പാഴാക്കുകയാണു പലരും. മുന്‍ഗണന നിശ്ചയിക്കുന്നതില്‍ പാളിച്ചകള്‍ വരുന്നു. ഒരു ഡോക്ടര്‍ ചെയ്യേണ്ട കാര്യം മാത്രമേ ഡോക്ടര്‍ ചെയ്യേണ്ടതുള്ളൂ. നഴ്സും കമ്പൗണ്ടറും വാച്ച്മാനും ചെയ്യേണ്ടതും അവര്‍ക്കു ചെയ്യാവുന്നതുമായ കാര്യങ്ങള്‍ ഡോക്ടര്‍ ചെയ്യുമ്പോള്‍ അതു പരാജയമാണ്. അല്മായര്‍ക്കു ചെയ്യാവുന്ന കാര്യങ്ങള്‍ വൈദികര്‍ ചെയ്യേണ്ടതില്ല. എന്നാല്‍, വൈദികരുടെ ജീവിതത്തില്‍ പലപ്പോഴും 80 ശതമാനം സമയവും ചെലവാകുന്നത് ഇത്തരം കാര്യങ്ങള്‍ ചെയ്യാനാണ്. വൈദികരുടെ ഏറ്റവും പ്രധാനമായ ഒരു കടമയാണ് വചനപ്രഘോഷണം. പക്ഷേ വചനം പഠിക്കാനും ഒരുങ്ങാനും വൈദികര്‍ എത്ര സമയം ചിലവാക്കുന്നുണ്ട്? ഇടവകയിലെ മനുഷ്യരുടെ ആവശ്യങ്ങള്‍ കണ്ടെത്താന്‍ സമയം ചെലവഴിക്കുന്നവരുണ്ടോ?

4, അജപാലനസമിതികള്‍ സത്യം പറയാറില്ല. അച്ചന്മാര്‍ ആലോചനകള്‍ക്കായി ചുറ്റും കൂട്ടുന്നവര്‍ എപ്പോഴും അനുയോജ്യരായ ആളുകളാവില്ല. സ്തുതിപാഠകരെയായിരിക്കും എടുക്കുക. ഇങ്ങനെ വരുന്നവര്‍ക്ക് പലപ്പോഴും കാര്യങ്ങള്‍ അറിയില്ല, അറിഞ്ഞാലും മുഖത്തു നോക്കി പറയുകയുമില്ല. സ്തുതിപാഠകരാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നവര്‍ക്ക് പുറത്തു നടക്കുന്നത് അറിയാനാകില്ല. സ്വയം വിമര്‍ശിക്കാത്ത, സ്വയം നവീകരിക്കാത്ത ഒരു സഭ വളരുകയില്ല എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. നാം ആരോഗ്യപരിശോധനകള്‍ക്കു പോകുന്നതുപോലെ തന്നെയാണിത്. ഇപ്പോള്‍ കുറേയൊക്കെ ആത്മവിമര്‍ശനം സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. അതുകൊണ്ട് ജനങ്ങളുടെ യഥാര്‍ത്ഥ അഭിപ്രായം കുറേയൊക്കെ പുറത്തറിയുന്നുണ്ട്.

5, എല്ലാ ഞായറാഴ്ചയും ഒരേ സമൂഹത്തോടു പ്രസംഗം പറഞ്ഞുകൊണ്ടിരിക്കുക എന്നത് എളുപ്പമല്ല. ശരിയായ പഠനവും ഒരുക്കവും ആവശ്യമാണ്. ഈശോയെ പോലെ ആധികാരികമായി പഠിപ്പിക്കാന്‍ വൈദികര്‍ക്കു സാധിക്കുന്നില്ല. പാതിരി ഭാഷ, പാതിരി മലയാളം എന്നൊക്കെയുള്ള വിമര്‍ശനം കേരളത്തില്‍ നാം കേള്‍ക്കുന്നതാണല്ലോ. പണ്ട് നല്ല പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ആളുകള്‍ക്കു മറ്റു വഴികളുണ്ടായിരുന്നില്ല. ഇന്നു ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ധാരാളം നല്ല പ്രസംഗങ്ങള്‍ ആളുകള്‍ കേള്‍ക്കുന്നു. അതുകൊണ്ടു തന്നെ ഈ രംഗത്തു വൈദികരുടെ വെല്ലുവിളികളും വര്‍ദ്ധിക്കുന്നു.

6, ചില വൈദികര്‍ തീരെ മോശമാണ്. സാമാന്യമനുഷ്യരുടെ നിലവാരം പോലും ഉണ്ടാകില്ല. അഹങ്കാരവും പിടിവാശിയും ഏകാധിപത്യവും മറ്റെല്ലാ ദുഷ്പ്രവണതകളും നിറഞ്ഞ ചില വൈദികരും അധികാരികളും ഉണ്ട്. സന്യാസസഭകളുടെ നേതൃപദവികളില്‍ കാലാകാലം മാറ്റങ്ങളുണ്ടാകും. എന്നാല്‍ സ്ഥിരമായി ഒരേ പദവി വഹിക്കുന്നവരില്‍ അഹങ്കാരം മുളയെടുക്കാന്‍ എളുപ്പമാണ്.

7, ഇതൊക്കെയാണെങ്കിലും, എത്ര ബലഹീനതകളുണ്ടെങ്കിലും വിളിച്ചതു ദൈവമായതുകൊണ്ട്, ഈ ദൗത്യം നിറവേറ്റുന്നതിനുള്ള ശക്തി ദൈവം തന്നെ നല്‍കും.
ഇന്നു വ്യക്തിവാദങ്ങളും വിഭാഗീയതകളും വര്‍ദ്ധിച്ചു വരുന്ന ഒരു കാലമാണ്. ഈ കാലത്ത് കൂട്ടായ്മയുടെ മനുഷ്യരായിരിക്കുക എന്നതാണ് വൈദികര്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. കൂട്ടായ്മ വളര്‍ത്തുക എന്നത് വൈദികരുടെ വലിയൊരു ദൗത്യമാണ്. ഒരിടവകയിലെ കത്തോലിക്കര്‍ മാത്രമല്ല, മറ്റു സഭാംഗങ്ങളുമായും ഇതര മതസ്ഥരുമായും ബന്ധങ്ങള്‍ സ്ഥാപിക്കാനും വളര്‍ത്താനും വികാരിമാര്‍ക്കു കടമയുണ്ട്.

വിശ്വാസ്യതാനഷ്ടമാണ് മറ്റൊരു പ്രതിസന്ധി. നേതൃത്വം നേരിടുന്ന വിശ്വാസ്യതയുടെ പ്രതിസന്ധിയുണ്ട്. അഴിമതി, കോഴ എന്നിവയൊക്ക ഈ പ്രതിസന്ധിയ്ക്കു കാരണമായിട്ടുണ്ട്. വിശ്വാസ്യതയുടെയും സത്യസന്ധതയുടെയും മാതൃകകളായി നില്‍ക്കേണ്ടതു വൈദികരാണ്.

പാവപ്പെട്ടവരുടെ എണ്ണം ഓരോ മേഖലയിലും വര്‍ദ്ധിച്ചു വരുന്നു എന്നതാണ് ശ്രദ്ധയര്‍ഹിക്കുന്ന അടുത്ത യാഥാര്‍ത്ഥ്യം. ഇവിടെ വൈദികര്‍ അനുകമ്പയുള്ളവരായി മാറേണ്ടതുണ്ട്. ജീവിതത്തിന് അര്‍ത്ഥം തേടുന്ന യുവജനങ്ങള്‍ക്കും മറ്റും പ്രത്യാശ പകരുന്ന മനുഷ്യരാകാനും വൈദികര്‍ക്കു ബാദ്ധ്യതയുണ്ട്.

മറ്റൊരു പ്രധാനകാര്യം വൈദികരുടെ നേതൃത്വശൈലി എങ്ങനെയാകണമെന്നതാണ്. ബൈബിളില്‍ നാം കാണുന്നത് മൂന്നു തരത്തിലുള്ള നേതൃത്വശൈലികളാണ്. 1, ഇടയന്‍റെ ശൈലി. 2, ശുശ്രൂഷിക്കുന്ന നേതൃത്വം. 3, കാര്യസ്ഥത. വികാരിയച്ചന്‍ ഉടമയല്ല. മൂന്നു വര്‍ഷത്തേയ്ക്കുള്ള കാര്യസ്ഥതയാണ് ഏല്‍പിച്ചിരിക്കുന്നത്. അപ്പോള്‍ സുതാര്യതയും കണക്കു ബോധിപ്പിക്കലും പ്രധാനമാണ്. ഈ മൂന്നു ശൈലികളും സംയോജിപ്പിക്കുന്ന ഒരു നേതൃത്വമാണ് വൈദികര്‍ നല്‍കേണ്ടത്.

ജോലികളുടെ ആധിക്യത്തില്‍ മുഴുകിപ്പോകുന്ന വൈദികര്‍ ദൈവത്തെക്കുറിച്ചു മറന്നുപോകാനുള്ള സാദ്ധ്യതയേറെയാണ്. ആത്മീയതയുള്ള ഒരു വൈദികനു മാത്രമേ ഇന്നത്തെ കാലത്ത് ജനങ്ങള്‍ക്കു കരുത്ത് പകരാന്‍ സാധിക്കുകയുള്ളൂ.

സഭയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് ഈശോയുടെ പ്രാര്‍ത്ഥനയിലെ അടുത്ത ഭാഗം. ത്രിത്വകുടുംബം, തിരുക്കുടുംബം, തിരുസഭാകുടുംബം, കത്തോലിക്കാകുടുംബം (ഗാര്‍ഹികസഭ) എന്ന ദര്‍ശനം ചാവറയച്ചന്‍ അവതരിപ്പിച്ചിട്ടുണ്ട്. സഭയെന്നാല്‍ കുടുംബമാണ്. ഈശോ ശിരസ്സായി വരുന്ന ശരീരമാകുന്ന സഭ. സഭയിലെ ഏറ്റവും വലിയ ഒരു വൃണമാണ് ഐക്യമില്ലായ്മ. ഈശോ ഈ പ്രാര്‍ത്ഥനയില്‍ ഐക്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്.

പക്ഷേ സഭ ഇന്നും ഒരു വിഭജിത കുടുംബമായി തുടരുന്നു. ഇടവകയ്ക്കുള്ളിലും ഇടവകകള്‍ തമ്മിലും സന്യാസസഭകള്‍ക്കുള്ളിലും സഭകളും രൂപതകളും തമ്മിലും വിവിധ സഭകള്‍ തമ്മിലും ഒക്കെ ഐക്യമില്ലാത്ത അവസ്ഥ. സഭയിലെയും സഭകള്‍ തമ്മിലുമുള്ള അനൈക്യം വലിയൊരു ഉതപ്പാണ്. കാരണം ലോകത്തിന്‍റെ ഉപ്പും പ്രകാശവുമായി നിന്നു കൊണ്ട് ലോകത്തിന്‍റെ ഐക്യം വളര്‍ ത്താന്‍ സഭയ്ക്കു കടമയുണ്ട്.

ഇന്നത്തെ മനുഷ്യരുടെ പ്രശ്നങ്ങളോടുള്ള വിശ്വസ്തത വൈദികര്‍ക്കു പ്രധാനമാണ്. രണ്ടു വിശ്വസ്തതകളുടെ അടിസ്ഥാനത്തിലായിരിക്കണം ഇതിനുള്ള ഉത്തരങ്ങള്‍ കണ്ടെത്തേണ്ടത്. ഒന്ന്, യേശുവിനോടും അവിടുത്തെ സുവിശേഷത്തോടുമുള്ള വിശ്വസ്തത. രണ്ട്, സഭയോടും അതിന്‍റെ ദൗത്യത്തോടുമുള്ള വിശ്വസ്തത. വൈദികരെടുക്കുന്ന എല്ലാ തീരുമാനങ്ങളിലും ഈ മൂന്നു ഭാവങ്ങളും പ്രതിഫലിച്ചിരിക്കണം. അല്ലാതെ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തിലല്ല.

ദൈവത്തെ ആവശ്യമുണ്ട്, സഭയെ ആവശ്യമില്ല എന്നു പറയുന്ന നിരവധി മനുഷ്യര്‍ ഇന്നുണ്ട്. ആത്മീയത വേണം, അതിനു കത്തോലിക്കാസഭയുടെ ആവശ്യമില്ല എന്ന കാഴ്ചപ്പാട്. കത്തോലിക്കാസഭ ആളുകള്‍ക്കു സ്വീകാര്യമായ ഒരു രീതിയിലേയ്ക്കു വരണം. സഭ ഇന്ന് സാമുദായിക, സാമ്പത്തിക, രാഷ്ട്രീയ ശക്തിയായിട്ടുണ്ടെങ്കിലും ആത്മീയ, ധാര്‍മ്മിക ശക്തിയല്ലെന്ന അഭിപ്രായം ജെസ്യൂട്ട് പ്രൊവിന്‍ഷ്യല്‍ ഫാ. എം കെ ജോര്‍ജ് മുമ്പ് സത്യദീപത്തില്‍ പങ്കുവച്ചിരുന്നു. അതു വളരെ ശരിയാണ്. കേരള സഭ ഇന്നു ഒരു ധാര്‍മ്മിക ശക്തിയായി മാറണം.

സഭയെ വിമര്‍ശിക്കുന്നത് സഭയോടുള്ള സ്നേഹം കൊണ്ടു തന്നെയാണ്. പ്രശ്നത്തിന്‍റെ ഭാഗമാകുന്നതിനു പകരം പരിഹാരത്തിന്‍റെ ഭാഗമായി മാറുകയാണാവശ്യം എന്നതു വിമര്‍ശകര്‍ മറന്നു പോകരുതെന്നു മാത്രം.

English summary
Facebook post of Sister Lucy kalapurakkil
topbanner

More News from this section

Subscribe by Email