കിളിമാനൂർ:ഫേസ്ബുക്ക് ഹാക്കർമാരുടെ നിരന്തരമായ ഭീഷണിയെ തുടർന്ന് പ്രവാസി ജീവനൊടുക്കി. കുവൈത്തിലെ മാരിയറ്റ് ഇന്റർനാഷണൽ ഹോട്ടലിലെ സെക്യൂരിറ്റി സൂപ്പർവൈസറായി ജോലിചെയ്യുന്ന ആൽത്തറ ആലുവിള വീട്ടിൽ സുനിൽ കുമാറിനെ (43) ആണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ചാണക്യൻ ചാണക്യൻ എന്ന ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് സുനിൽ കുമാറിന്റെ അക്കൗണ്ട് ഹാക്ക് ചെയിത ശേഷം. സുനിൽ കുമാറിന്റെ നാട്ടിലെ സുഹൃത്തുക്കൾക്കും മറ്റും റിക്വസ്റ്റ് അയച്ച ഹാക്കർമാർ അക്കൗണ്ട് ദുരുപയോഗം ചെയ്യ്ത് നിരന്തരം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയായിരുന്നെന്ന് സുനിൽ കുമാറിന്റെ സുഹൃത്തുക്കൾ പറയുന്നു.ഓണത്തിന് സുനിൽകുമാറും ഭാര്യയും ഒന്നിച്ചുള്ള ഫോട്ടോ സുനിൽകുമാറിന്റെ ഫേസ് ബുക്കിൽ നിന്നും എടുത്തശേഷം ഹാക്കർ സുനിൽ കുമാറിന്റെ പേരിൽ മറ്റൊരു അക്കൗണ്ട് തുടങ്ങിയതായും ഇവർ പറയുന്നു.
സുനിൽ കുമാറിന്റെ മൃതദേഹത്തിൽ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിൽ ഈ കാര്യങ്ങൾ വ്യക്തമാക്കിയിരുനെന്നും തന്റെ ജീവിതം തകർത്ത വ്യാജ അക്കൗണ്ട് ഹാക്കർമാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും തന്റെ ഗതി മറ്റാർക്കും ഉണ്ടാവരുതെന്നും ആത്മഹത്യാകുറിപ്പിൽ സൂചിപ്പിച്ചതായും മൃതദേഹത്തെ അനുഗമിച്ച് നാട്ടിലെത്തിയ സുഹൃത്ത് അറിയിച്ചു.
കഴിഞ്ഞ ആറുമാസങ്ങളിലായി സുനിൽ കുമാർ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും മരിക്കുന്നതിന് തൊട്ടുമുൻപ് ഭാര്യയെയും മകനെയും വിളിച്ച് സോഷ്യൽ മീഡിയകളെ വിശ്വസിക്കരുതെന്നും ചതിക്കുഴികൾ നിറഞ്ഞതാണെന്ന് പറഞ്ഞതായും ബന്ധുക്കൾ കേരളാ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഹാക്കർ ഒരു മലയാളിയാന്നെന്നും ഇയാൾ ഇസ്രായേലിൽ ആണെന്നും വിവരം ലഭിച്ചതായും പറയുന്നു . എന്നാൽ പോലീസ് അന്വേഷണത്തിലൂടെ മാത്രമേ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാകുകയുള്ളു.
കുവൈത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച രാവിലെ നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഭാര്യ: സുഷമ (മഞ്ജു), മകൻ: എസ്.സഞ്ജയ്. സുനിൽ കുമാറിന്റെ മരണത്തിലെ ദുരൂഹതകൾ നീക്കി എംബസിതല അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി തുടങ്ങിയവർക്ക് നിവേദനം നൽകാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കൾ.ബന്ധുക്കൾ ഇന്ന് ലോക്കൽ സ്റ്റേഷനിലും ഐജി ക്കും പരാതി നൽകും.