Thursday August 13th, 2020 - 11:13:pm

കണ്ണൂര്‍ വിമാനത്താവളം: അനുബന്ധ മേഖലകളില്‍ നിക്ഷേപത്തിന് ആളുകള്‍ മുന്നോട്ടുവരണം : മുഖ്യമന്ത്രി പിണറായി വിജയന്‍

Anusha Aroli
കണ്ണൂര്‍ വിമാനത്താവളം: അനുബന്ധ മേഖലകളില്‍ നിക്ഷേപത്തിന് ആളുകള്‍ മുന്നോട്ടുവരണം : മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂർ : ഏത് വികസന പദ്ധതിയുടെയും വിജയം പൊതുജനപങ്കാളിത്തത്തിലാണെന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും നിക്ഷേപം നടത്താന്‍ നാട്ടുകാരും വിദേശ മലയാളികളും പ്രവാസി സംഘടനകളും മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിമാനത്താവളം യാഥാര്‍ഥ്യമായതോടെ വലിയ വികസന സാധ്യതകളാണ് നമുക്ക് മുമ്പിലുള്ളത്. അഴീക്കല്‍ തുറമുഖം കൂടി പ്രവര്‍ത്തനക്ഷമമാവുന്നതോടെ വലിയ വികസനക്കുതിപ്പിനാവും ഉത്തരമലബാര്‍ സാക്ഷിയാവുക. വിമാനത്താവള പരിസരത്ത് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരുന്നു. അത് തീരുമാനത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്.ഇതിനായി ഭൂമി ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളം തുറന്നിടുന്ന വികസനം പൂര്‍ണതയിലെത്തണമെങ്കില്‍ റോഡ് വികസനം കൂടി അനിവാര്യമാണ്. ആറ് വിമാനത്താവള റോഡുകളുടെ വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായി വരികയാണ്. ഉത്തരമലബാറുകാര്‍ക്ക് ഏറ്റവും ഉപകാരപ്രദമായ വിമാനത്താവളമായി കണ്ണൂര്‍ എയര്‍പോര്‍ട്ട് മാറിക്കഴിഞ്ഞതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിമാനത്താവളത്തില്‍ 2000ത്തിലേറെ പേര്‍ക്ക് നേരിട്ടും അതിന്റെ ഇരട്ടിയിലധികം പേര്‍ക്ക് അല്ലാതെയും തൊഴില്‍ ലഭ്യമാക്കാന്‍ ഇതിനകം സാധിച്ചു. ആഭ്യന്തര- വിദേശ സര്‍വീസുകള്‍ ഉള്‍പ്പെടെ 50ഓളം സര്‍വീസുകളാണ് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇപ്പോഴുള്ളത്.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദമാമിലേക്കുള്ള ഗോ എയര്‍ സര്‍വീസ് ഡിസംബര്‍ 19ന് ആരംഭിക്കും. ജിദ്ദയിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ മുന്നോട്ടുവന്നിട്ടുണ്ട്. എമിറേറ്റ്‌സ്, ഇത്തിഹാദ് തുടങ്ങിയ വലിയ വിദേശ വിമാനങ്ങള്‍ കണ്ണൂരിലേക്ക് സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് സംസ്ഥാന സര്‍ക്കാരും കിയാലും നിരവധി തവണ വിദേശവിമാനകമ്പനികള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അനുമതി ലഭിച്ചിട്ടില്ല. കേന്ദ്രത്തില്‍ നിന്നുള്ള അനുമതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

20 വിമാനങ്ങള്‍ ഒരേസമയം നിര്‍ത്തിയിടാനുള്ള ഏപ്രണ്‍ സൗകര്യം ഇപ്പോള്‍ കണ്ണൂരിലുണ്ട്. 40 വിമാനങ്ങള്‍ നിര്‍ത്തിയിടാന്‍ പാകത്തില്‍ ഏപ്രണിന്റെ വിസ്തൃതി വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. ആരംഭിച്ച് ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ 10 ലക്ഷം യാത്രക്കാര്‍ എന്ന നേട്ടം കൈവരിക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിന് സാധിച്ചുവെന്നത് ചെറിയ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തന വിജയം കണ്ണഞ്ചിപ്പിക്കുന്നതാണ്. നാലാമതൊരു വിമാനത്താവളത്തിന്റെ ആവശ്യം കേരളത്തിലുണ്ടോ എന്ന് നേരത്തേ സംശയം പ്രകടിപ്പിച്ചവരുടെ കണ്ണു തുറപ്പിക്കുന്നതാണ് ഒരു വര്‍ഷത്തിനിടയില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് കൈവരിച്ച നേട്ടങ്ങള്‍.

യാത്രക്കാര്‍ക്ക് അനായാസം ഉപയോഗിക്കാവുന്ന വിധത്തിലാണ് ടെര്‍മിനലിലെ സൗകര്യങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. 2000 യാത്രക്കാര്‍ക്ക് ഒരേ സമയം ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാനാവും.യാത്രാ ആവശ്യങ്ങള്‍ക്കു മാത്രമല്ല, ചരക്കുഗതാഗതത്തിലും വന്‍ വളര്‍ച്ചയാണ് വ്യോമയാന രംഗത്ത് വരുംകാലങ്ങളില്‍ ഉണ്ടാവാന്‍ പോവുന്നത്. അതിനാവശ്യമായ അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളും കണ്ണൂരിലുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് അഞ്ചാമതൊരു വിമാനത്താവളം കൂടി ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു.

വികസനത്തിന്റെ വിശാല ലോകത്തേക്ക് നാടിനെ കൈപിടിച്ചുയര്‍ത്തുന്ന വലിയ സംരംഭമാണ് കണ്ണൂര്‍ വിമാനത്താവളം. അതിന്റെ ഗുണഫലങ്ങള്‍ എല്ലാ ജനങ്ങള്‍ക്കും അനുഭവിക്കാനാവും വിധമുള്ള പ്രവര്‍ത്തനങ്ങളാണ് കിയാല്‍ ആവിഷ്‌ക്കരിക്കേണ്ടത്. അതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായവും ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ വരവോടെ നമ്മുടെ കാഴ്ചയ്ക്കപ്പുറത്തേക്ക് നാട് വളരുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. നാടിന്റെ കാര്‍ഷിക-വ്യാവസായിക-ആരോഗ്യ രംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിന് വിമാനത്താവളം വഴിയൊരുക്കും. മറ്റ് വിമാനത്താവളങ്ങള്‍ പതിറ്റാണ്ടുകളെടുത്ത് കൈവരിച്ച നേട്ടങ്ങളാണ് ഒരു വര്‍ഷത്തിനിടയില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് സ്വന്തമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളേജ് മികവിന്റെ കേന്ദ്രമായി ഉയരുകയും കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം യാഥാര്‍ഥ്യമാവുകയും ചെയ്യുന്നതോടെ ആരോഗ്യ മേഖലയിലും വലിയ പ്രതീക്ഷയാണ് കണ്ണൂരിനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. വിമാനത്താവളം വഴിയുള്ള വിദേശ സന്ദര്‍ശകരുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പോരാട്ട വീര്യത്തിന്റെ തലയെടുപ്പുമായി മിഗ് 27 എയര്‍പോര്‍ട്ടില്‍

കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമപോരാട്ടത്തിന്റെ മുന്‍നിരയില്‍ തിളങ്ങിയ മിഗ് 27 പോര്‍വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പൂമുഖത്ത് തിളങ്ങും. വിമാനത്താവളത്തില്‍ പ്രദര്‍ശനത്തിനായി വ്യോമസേന നല്‍കിയ മിഗ് 27 പോര്‍വിമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അനാഛാദനം ചെയ്തു. വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് വ്യോമസേന ഉപയോഗം നിര്‍ത്തിയ ബഹദൂര്‍ മിഗ് വിമാനം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിനൊരുക്കിയത്. ഇനി വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് പാര്‍ക്കിംഗ് ഏരിയയ്ക്കു സമീപം ഈ പോരാളി വീരനെ കണ്‍നിറയെ കാണാം.

ഡല്‍ഹിയില്‍ നിന്ന് അവസാനമായി പറന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പോര്‍ വിമാനം വ്യോമസേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അഴിച്ചെടുത്ത ശേഷം പ്രദര്‍ശന സ്ഥലത്തെത്തിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. കേരളത്തിലെ വിമാനത്താവളത്തില്‍ യുദ്ധവിമാനം പ്രദര്‍ശനത്തിനായി വ്യോമസേന വിട്ടുനല്‍കുന്നത് ഇതാദ്യമായാണ്. യുദ്ധവിമാനം പ്രദര്‍ശനത്തിനായി വിട്ടുനല്‍കിയ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. കേരളത്തിലെ യുവാക്കളില്‍ ഇന്ത്യന്‍ വ്യോമസേനയോടുള്ള ആഭിമുഖ്യം വളര്‍ത്താനും സേനയില്‍ ചേരുന്നതിന് അവര്‍ക്ക് പ്രചോദനമാവാനും മിഗിന്റെ പ്രദര്‍ശനം സഹായകമാവുമെന്ന് വ്യോമസേനയുടെ ദക്ഷിണ കമാണ്ടന്റ് എയര്‍മാര്‍ഷല്‍ അമിത് തിവാരി പ്രത്യാശ പ്രകടിപ്പിച്ചു. ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലെത്തിച്ച യുദ്ധവിമാനം ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രദര്‍ശനത്തിനായി ഒരുക്കിയ വ്യോമസേന ഉദ്യോഗസ്ഥരുടെ മികവിനെ അദ്ദേഹം പ്രശംസിച്ചു.


വാര്‍ഷിക സമ്മാനമായി കുട്ടികള്‍ക്ക് വിമാനയാത്ര

അനാഥ മന്ദിരങ്ങളിലെ അന്തേവാസികളായ കുഞ്ഞുങ്ങള്‍ക്ക് ആകാശ യാത്രയുടെ ആനന്ദമേകി കണ്ണൂര്‍ വിമാനത്താവളം. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള വാര്‍ഷികത്തിന്റെ ഭാഗമായാണ് ജില്ലയിലെ നാല് അനാഥ മന്ദിരങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യ വിമാനയാത്ര ഒരുക്കിയത്. തലശ്ശേരി ഗവ. ചില്‍ഡ്രന്‍സ് ഹോം, പാലോട്ട് പള്ളി നൂറുല്‍ ഇസ്ലാം, സാന്ത്വന ഭവനം, കൊളാരി ശ്രീ സച്ചിദാനന്ദ ബാലമന്ദിരം എന്നിവിടങ്ങളിലെ 70 കുട്ടികള്‍ക്കാണ് വിമാനയാത്രക്ക് അവസരം ലഭിച്ചത്.

20 പെണ്‍കുട്ടികളും 50 ആണ്‍കുട്ടികളുമാണ് ഇന്‍ഡിഗോ വിമാനത്തിലെ യാത്രാ സംഘത്തിലുണ്ടായിരുന്നത്. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇവരുടെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇവര്‍ക്കൊപ്പം സഞ്ചരിച്ച മജീഷ്യന്‍ മുതുകാട് കുട്ടികള്‍ക്കായി മാജിക് അവതരിപ്പിച്ചു.

English summary
CM pinarayi vijayan talking about kannur international airport 1 year clebration
topbanner

More News from this section

Subscribe by Email