Monday September 20th, 2021 - 7:59:am

വയനാട്ടില്‍ രാഹുല്‍ വരുമ്പോള്‍....

BI
വയനാട്ടില്‍ രാഹുല്‍ വരുമ്പോള്‍....

സി.വി.ഷിബു

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉത്തരേന്ത്യയിലാകെ യു.പി.എ. തരംഗം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാം സീറ്റിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തി. ഇതിനു മുന്നോടിയായി യു.ഡി.എഫ്. നേതാക്കളും പ്രതിപക്ഷ കക്ഷികളും എന്‍.ഡി.എ.യും വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. രാജ്യത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിത മണ്ഡലങ്ങളിലൊന്ന് എന്ന് കോണ്‍ഗ്രസുകാര്‍ വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്ന വയനാട് പാര്‍ലമെന്റ് സീറ്റില്‍ കളത്തിലിറങ്ങി കളം നിറഞ്ഞ് ശക്തമായ പോരാട്ടം കാഴ്ചവെക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍.ഡി.എ.യുടെ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെള്ളാപ്പള്ളിയും എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായ പി.പി.സുനീറും രംഗത്തിറങ്ങിയിട്ടുള്ളത്. രാഹുല്‍ മത്സരിക്കുന്നതോടെ ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ് വയനാട് എന്ന കൊച്ചു ജില്ല. ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളുടെ നിരവധി സംഘങ്ങള്‍ ഇതിനോടകം വയനാട്ടില്‍ എത്തിക്കഴിഞ്ഞു. വയനാടിന്റെ മുക്കിലും മൂലയിലും നിന്നുള്ള തരംഗങ്ങളും പ്രതികരണങ്ങളും ഒപ്പിയെടുക്കുന്ന അവര്‍ സാധാരണക്കാരന്റെ പ്രശ്നങ്ങളും അടുത്തറിയാന്‍ ശ്രമിക്കുന്നുണ്ട്. രാഹുലിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് നിരവധി സംഘടനകളാണ് ഇതിനോടകം തന്നെ വയനാടിന്റെ പ്രശ്നങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദിയും വയനാട്ടില്‍ എത്തുമെന്നുള്ളതിനാല്‍ വയനാടിന്റെ മുഴുവന്‍ പ്രശ്നങ്ങളും അവതരിപ്പിക്കാന്‍ പറ്റിയ ഏക അവസരമായാണ് പതിറ്റാണ്ടുകളായി അവഗണന നേരിടുന്ന ഈ ജില്ല കണക്കുകൂട്ടുന്നത്.

വയനാട് എന്നാണ് പാര്‍ലമെന്റ് മണ്ഡലത്തിന്റെ പേരെങ്കിലും കൂടുതല്‍ വോട്ടര്‍മാരും വയനാട് ജില്ലക്ക് പുറത്താണ്. അതായത് ആകെയുള്ള 1325788 വോട്ടര്‍മാരില്‍ 581245 വോട്ടര്‍മാരാണ് വയനാട് ജില്ലയിലുള്ളത്. ബാക്കിയുള്ളവര്‍ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ മണ്ഡലങ്ങളില്‍ പെട്ടവരാണ്. എങ്കിലും രാഹുല്‍ വന്നാല്‍ നേട്ടം വയനാടിനായിരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. ഈ ഒരു പ്രതീക്ഷ തന്നെയാണ് വയനാട്ടില്‍ രാഹുല്‍ അനുകൂല തരംഗമുണ്ടാക്കുന്നത്. കാര്‍ഷിക പ്രശ്നങ്ങള്‍ പൂര്‍ണമായും കാര്‍ഷിക ജില്ലയായ വയനാട്ടില്‍ കാര്‍ഷിക പ്രശ്നങ്ങള്‍ തന്നെയാണ് ഇവിടുത്തെ ജനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വിലത്തകര്‍ച്ചയും വിളത്തകര്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും ഇവിടുത്തെ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. കാപ്പി, കുരുമുളക്, നെല്ല്, വാഴ, ഇഞ്ചി തുടങ്ങി നാണ്യവിളകളും ഭക്ഷ്യവിളകളും ധാരാളമായി കൃഷിചെയ്യുന്ന ഇവിടെ ഭൂരിഭാഗം കര്‍ഷകരും വലിയ കടബാധ്യതയിലാണ്. മുന്‍പ് വിദര്‍ഭ കര്‍ഷക ആത്മഹത്യകള്‍ക്ക് രാജ്യത്ത് തന്നെ ഏറ്റവും പേരുകേട്ട ജില്ലകളിലൊന്നാണ് വയനാട്. വീണ്ടും അടുത്തിടെയായി കര്‍ഷക ആത്മഹത്യകള്‍ ആവര്‍ത്തിച്ചിട്ടുണ്ട്.


കഴിഞ്ഞ 1000 ദിവസത്തിനുള്ളില്‍ 13 കര്‍ഷകരാണ് വയനാട്ടില്‍ കടബാധ്യത മൂലം ആത്മഹത്യ ചെയ്തത്. സര്‍ഫാസി നിയമം മൂലംകര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതിനുള്ള ജപ്തിലേല നടപടികളും ധനകാര്യ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനെതിരെ ചെറിയ തോതിലുള്ള കര്‍ഷക പ്രക്ഷോഭങ്ങള്‍ നടന്നുവരുന്നുണ്ടെങ്കിലും ഏകീകൃതമായ ഒരു പ്രക്ഷോഭം ഉണ്ടായിട്ടില്ല. ഈ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ കര്‍ഷകരുടെ കടബാധ്യത മുഖ്യവിഷയമാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. രാത്രികാല ഗതാഗത നിരോധനം കേരള-കര്‍ണാടക അതിര്‍ത്തിയില്‍ രാത്രികാല ഗതാഗതനിരോധനമാണ് വയനാട് ജില്ലയടക്കമുള്ള മലബാറിലെ വിവിധ പ്രദേശങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. കര്‍ണാടകത്തിലെ ചാമരാജ് നഗര്‍ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം മൈസൂര്‍-കോഴിക്കോട് ദേശീയപാതയില്‍ ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രി 9 മണിമുതല്‍ രാവിലെ 6 മണിവരെ ഗതാഗതം നിരോധിച്ചിരുന്നു. ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും രാത്രികാല ഗതാഗതനിരോധനം പിന്‍വലിക്കാത്തത് ഈ മേഖലയിലുള്ള വികസനത്തിന് വലിയ വിലങ്ങുതടിയാണ്. വന്യമൃഗങ്ങളുടെ ജീവന് ഭീഷണിയാകും എന്ന കാരണം കൊണ്ടാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ദേശീയ വനംവന്യജീവി മന്ത്രാലയത്തിന്റെ കാര്യക്ഷമമായ ഇടപെടലുണ്ടെങ്കില്‍ മാത്രമേ കേരള-കര്‍ണാടക സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ഇതിനൊരു പരിഹാരമുണ്ടാകൂ. ദേശീയ നേതൃത്വത്തിന്റെ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടാവണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.


നിലമ്പൂര്‍-നഞ്ചങ്കോട്-വയനാട് റെയില്‍വേ യാത്രാപ്രശ്നം രൂക്ഷമായ വയനാടിന് തൊട്ടടുത്തുള്ള റെയില്‍വേ ലൈന്‍ കര്‍ണാടകത്തിലെ മൈസൂരും കോഴിക്കോട് ജില്ലയിലെ കോഴിക്കോടും കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയുമാണ്. വയനാട് വഴി നഞ്ചന്‍കോട് നിന്ന് നിലമ്പൂരിലേക്ക് ഒരു റെയില്‍വേ ലൈന്‍ ആരംഭിക്കുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ശ്രമം നടന്നതാണ്. ഇതിനുള്ള സര്‍വ്വേയും പൂര്‍ത്തിയായി. എന്നാല്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാത്തതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. വനത്തിലൂടെയുള്ള റെയില്‍വേ ലൈനായതിനാല്‍ പ്രായോഗിക തടസ്സങ്ങള്‍ പറഞ്ഞാണ് റെയില്‍വേ ലൈന്‍ യാഥആര്‍ത്ഥ്യമാകാതിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിലവില്‍ കേസും നിലനില്‍ക്കുന്നുണ്ട്. കേസ് പിന്‍വലിക്കുന്നതിനും റെയില്‍വേ ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നതിനും കേന്ദ്രഗവണ്‍മെന്റിന്റെ ശക്തമായ ഇടപെടലാണാവശ്യം. കേരള കര്‍ണാടക സര്‍ക്കാരുകള്‍ അനുകൂല നയം സ്വീകരിക്കുന്നുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍തീരുമാനമുണ്ടായിട്ടില്ല. രാഹുല്‍ഗാന്ധി വരുന്നതോടെ കേരളം കര്‍ണാടക സംസ്ഥാനങ്ങളുടേയും ദേശീയ നേതൃത്വത്തിന്റെയും ശ്രമഫലമായി ഈ റെയില്‍വേ ലൈന്‍ യാഥാര്‍ത്ഥ്യമാവുമെന്ന് ഇവിടുത്തെ സാധാരണ ജനങ്ങള്‍ സ്വപ്നം കാണുന്നു. വയനാട് മെഡിക്കല്‍ കോളേജ് ആധുനിക രീതിയിലുള്ള ചികിത്സാ സംവിധാനങ്ങള്‍ ഒന്നുമില്ലാത്ത കൊച്ചുജില്ലയാണ് വയനാട്. ആകെയുള്ളത് കല്‍പ്പറ്റയ്ക്കടുത്ത ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ് മാത്രമാണ്. വയനാട്ടില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന് യു.ഡി.എഫ്. സര്‍ക്കാരിന്റെ അവസാന കാലത്ത് തറക്കല്ലിടുകയും നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമായില്ല. മെഡിക്കല്‍ കോളേജിനായി കണ്ടെത്തിയ ഭൂമി അനുയോജ്യമല്ലെന്ന് അടുത്തിടെ ഭൗമപഠനവിഭാഗം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതോടെ മെഡിക്കല്‍ കോളേജ് എന്ന സ്വപ്നം അനിശ്ചിതത്വത്തിലായി. മാനന്തവാടിയില്‍ ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതും നടപ്പായില്ല. ഗുരുതരാവസ്ഥയിലായ രോഗികളെ ചുരം ഇറക്കി കോഴിക്കോട് കൊണ്ടുപോകും വഴി വഴിമധ്യേ മരിക്കുന്നത് നിത്യസംഭവമാണ്. ഇതിന് ശാശ്വതമായ ഒരു പരിഹാരം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.

രൂക്ഷമായ വന്യമൃഗശല്യം

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ വന്യമൃഗശല്യത്തില്‍ മരിച്ചത് വയനാട് ജില്ലയിലെ തിരുനെല്ലി ഗ്രാമപഞ്ചായത്തിലാണ്. ഇന്ന് തിരുനെല്ലി മാത്രമല്ല ജില്ലയുടെ പ്രധാനപ്പെട്ട എല്ലാ പഞ്ചായത്തുകളിലും വന്യമൃഗശല്യം രൂക്ഷമാണ്. ആന, കാട്ടുപോത്ത്, കുരങ്ങ് എന്നിവയുടെ ശല്യമായിരുന്നു ആദ്യമൊക്കെ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ കടുവയുടേയും പുലിയുടേയും ആക്രമണവും സാന്നിധ്യവും പതിവായിരിക്കുകയാണ്. കാര്‍ഷിക മേഖലയെ മാത്രമല്ല ജനങ്ങളുടെ ജീവന് തന്നെയും ഭീഷണിയായിരിക്കുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിന് വനത്തിലുള്ളവരുടെ പുനരധിവാസം, വനാതിര്‍ത്തികളില്‍ റെയില്‍ ഫെന്‍സിംഗ് പോലുള്ളവയുടെ നിര്‍മ്മാണം എന്നിവ കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഇതിന് വലിയതോതിലുള്ള സാമ്പത്തിക ബാധ്യത വരും. കേന്ദ്രഗവണ്‍മെന്റിന്റെ സഹായമില്ലാതെ ഒരുതരത്തിലും വന്യമൃഗശല്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയില്ല. ഇതിന് പരിഹാരം കണ്ടെത്താന്‍കഴിഞ്ഞാല്‍ കാര്‍ഷികമേഖലക്ക് ഉണര്‍വ്വുണ്ടാകുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു. ചുരുക്കത്തില്‍ ആഗോളതലത്തിലുള്ളതോ ദേശീയതലത്തിലുള്ളതോ ആയ വിഷയങ്ങളില്‍ ഒരു തീരുമാനം പ്രതീക്ഷിച്ചല്ല വയനാട്ടിലെ സാധാരണ ജനം രാഹുലിനെ കാത്തിരിക്കുന്നത്. മറിച്ച് അവരുടെ ചെറിയചെറിയ ആവശ്യങ്ങളില്‍ നിര്‍ണായകമായ ഒരു തീരുമാനം എടുക്കാനും സ്വാധീനം ചെലുത്താനും വികസനകാര്യത്തില്‍ വയനാടിനെ മുന്നോട്ട് നയിക്കാനും കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. കര്‍ഷകര്‍, പട്ടികജാതി പട്ടികവര്‍ഗവിഭാഗക്കാര്‍ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവര്‍ അടങ്ങിയ പൊതുസമൂഹം ദേശീയ രാഷ്ട്രീയത്തില്‍ വലിയ ശ്രദ്ധയൊന്നും നല്‍കുന്നില്ല.

 

English summary
rahul gandhi in wayanad
topbanner

More News from this section

Subscribe by Email