Tuesday December 1st, 2020 - 2:17:pm

ജയരാജന്റെ ശരിയാക്കല്‍ വീണ്ടും; ക്ലേസ് ആന്‍ഡ് സിറാമിക്‌സില്‍ ജി എംആയി മന്ത്രിയുടെ ബന്ധു

NewsDesk
ജയരാജന്റെ ശരിയാക്കല്‍ വീണ്ടും; ക്ലേസ് ആന്‍ഡ് സിറാമിക്‌സില്‍ ജി എംആയി മന്ത്രിയുടെ ബന്ധു

സ്വന്തം ലേഖകൻ 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വ്യവസായവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ മന്ത്രി ഇ പി ജയരാജന്റെ മറ്റൊരു ബന്ധുവിനു കൂടി നിയമനം. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്‌ഐഇ) മാനേജിംഗ് ഡയറക്ടറായി മന്ത്രി ഇ പി ജയരാജന്റെ ഭാര്യാ സഹോദരി കൂടിയായ പാര്‍ലമെന്റംഗം പി കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചത് വിവാദം സൃഷ്ടിച്ചതിനു പിന്നാലെ കേരള ക്ലേസ് ആന്‍ഡ് സിറാമിക്‌സ് ലിമിറ്റഡിന്റെ ജനറല്‍ മാനേജരായി കണ്ണൂര്‍ മൊറാഴ സ്വദേശിനി ദീപ്തി നിഷാദിനെ വ്യവസായമന്ത്രി ഇടപെട്ട് നിയമിച്ചിരിക്കുകയാണ്. ഇ പി ജയരാജന്റെ സഹോദരന്‍ ഭാര്‍ഗവന്റെ മകനായ നിഷാദിന്റെ ഭാര്യയാണ് ദീപ്തി.

മുമ്പ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതി ടീച്ചര്‍ മകന്‍ സുധീറിന്റെ ഭാര്യ ധന്യ എം.നായരെ തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചിരുന്നു. കുക്കായി നിയമനം നല്‍കിയ മരുമകളെ പിന്നീട് അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റാക്കി പ്രമോഷനും നല്‍കി. പതിനേഴായിരം രൂപയായിരുന്നു ശമ്പളം. രണ്ടു വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ പെന്‍ഷനും അര്‍ഹത നേടും. ഇതിനുള്ള തന്ത്രമാണ് നടന്നത്. മകന്റെ ഭാര്യയാണെന്ന കാര്യം മറച്ചുവച്ചാണ് ധന്യയെ അന്ന് പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചത്. ജയരാജന്റെ മകനേയും ശ്രീമതി ടീച്ചര്‍ സ്റ്റാഫിലെടുത്തിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തനവുമായി കാര്യമായി ബന്ധങ്ങളൊന്നുമില്ലാത്ത മകന്റെ ഭാര്യയെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതില്‍ ശ്രീമതിക്കെതിരേ പാര്‍ട്ടിക്കുള്ളിലും പുറത്തും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ വിവാദത്തില്‍ നിന്ന് തലയൂരാന്‍ നിയമനം റദ്ദാക്കുകയായിരുന്നു.

കേരള ക്ലേസ് ആന്‍ഡ് സിറാമിക്‌സ് ലിമിറ്റഡില്‍ ജനറല്‍ മാനേജരായിരുന്ന നീലേശ്വരം സ്വദേശി ആനക്കെ ബാലകൃഷ്ണന് സംസ്ഥാന പിന്നോക്ക വിഭാഗ കോര്‍പറേഷന്റെ ജനറല്‍ മാനേജരായി സ്ഥലംമാറ്റം നല്‍കിയിരുന്നു. സുശീല ഗോപാലന്‍ ധനകാര്യമന്ത്രിയായിരിക്കുമ്പോള്‍ സ്റ്റാഫിലുണ്ടായിരുന്ന ബാലകൃഷ്ണന്‍ സി പി എമ്മിലെ ഔദ്യോഗികപക്ഷത്തെ വിശ്വസ്തനാണ്. ബാലകൃഷ്ണന്റെ ഒഴിവിലേക്കാണ് വ്യവസായമന്ത്രിയുടെ ബന്ധുവായ ദീപ്തിക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നല്‍കിയത്.

ഐ എ എസ് ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്തിരുന്ന കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി മുമ്പ് ഒരു പൊതുമേഖലാ സ്ഥാപനത്തിലും സമാനപദവി വഹിച്ചിട്ടില്ലാത്ത സുധീര്‍ നമ്പ്യാരുടെ നിയമനം വിവാദമാവുകയാണ്.

പയ്യന്നൂര്‍ കോളേജില്‍ നിന്നും പ്രീ ഡിഗ്രിയും ഡിഗ്രിയും പൂര്‍ത്തിയാക്കി. പിന്നെ ബിരുദാനന്തര ബിരുദം നേടി എന്നതൊഴിച്ചാല്‍ മറ്റു യോഗ്യതകള്‍ സുധീറിനില്ല. ഇതേ സമയം സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നടത്തുന്ന പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ്ങുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്റെ മറവില്‍ വന്‍ തട്ടിപ്പു നടത്തിയതായി സുധീറിനെതിരേ ആരോപണമുയര്‍ന്നിരുന്നു.

പി.കെ ശ്രീമതി എം.പിയുടെ മകന്‍ പികെ സുധീര്‍ മാനേജിംഗ് ഡയറക്ടറായ സ്ഥാപനം പട്ടാള റിക്രൂട്ട്‌മെന്റിന്റെ മറവില്‍ തട്ടിപ്പ് നടത്തുകയാണെന്ന് സി പി എം മുഖപത്രമായ 'ദേശാഭിമാനി' തന്നെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

പികെ സുധീര്‍ മാനേജിംഗ് ഡയറക്ടറായ നാഷണല്‍ അക്കാദമി ഓഫ് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് (എന്‍ എ പി ടി) എന്ന സ്ഥാപനത്തിന്റെ മറവില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ചായിരുന്നു വാര്‍ത്ത. മേജര്‍ രവിയുടേയും മോഹന്‍ലാലിന്റേയും ചിത്രം വെച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചായിരുന്നു ഈ സ്ഥാപനം ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിച്ചിരുന്നത്.

സംസ്ഥാനത്ത് പലയിടങ്ങളിലും ഫ്രാഞ്ചൈസികള്‍ നല്‍കി വന്‍തോതില്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണംപിരിച്ച് വഞ്ചിക്കുന്നതായി സുധീര്‍ മനേജിംഗ് ഡയറക്ടറായ സ്ഥാപനത്തിനെതിരേ പരാതിയുണ്ടായിരുന്നു. 2014 ഏപ്രില്‍ 20നാണ് 'ദേശാഭിമാനി'യില്‍ മലപ്പുറത്തു നിന്നും എന്‍ എ പി ടിക്കെതിരേ വാര്‍ത്ത വന്നത്.

'ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച് സ്വകാര്യസ്ഥാപനത്തിന്റെ പ്രീറിക്രൂട്ട്‌മെന്റ് റാലി' എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത എല്ലാ എഡിഷനുകളിലും അച്ചടിച്ചു വന്നു. ഡോ. എം ബീനയാണ് നിലവില്‍ കെ എസ് ഐ ഇ യുടെ മാനേജിംഗ് ഡയറക്ടര്‍. ആരോപണവിധേയനായ എം ഡി സജി ബഷീറിനെ മാറ്റിയാണ് ബീനയെ നിയമിച്ചത്. എന്നാല്‍ ചുമതലയെടുത്ത് മാസങ്ങള്‍ക്കകം ബീനയെ മാറ്റി പി കെ സുധീറിനെ നിയമിക്കുകയാണ് ചെയ്തത്‌.

സിപിഎമ്മിന്റെ സ്വജനപക്ഷപാതം വീണ്ടും;പൊതുമേഖലാ സ്ഥാപന എം.ഡിയായി പി.കെ ശ്രീമതിയുടെ ആരോപണവിധേയനായ മകൻ

English summary
ep jayarajan relation kerala clay and ceramics
topbanner

More News from this section

Subscribe by Email