Monday September 16th, 2019 - 5:52:am
topbanner
Breaking News
jeevanam

പുരസ്കാര തിളക്കവുമായി കണ്ണൂർ സ്വദേശി ജോഫിന്‍ ജെയിംസ്

NewsDesk
പുരസ്കാര തിളക്കവുമായി കണ്ണൂർ സ്വദേശി ജോഫിന്‍ ജെയിംസ്

കണ്ണൂർ: നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സും സാമുവല്‍ ആറോണ്‍ ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ ഡ്യൂട്ടി കോണ്‍ഷ്യസ് സിറ്റിസണ്‍ അവാര്‍ഡ് 2019 അന്നപൂര്‍ണ്ണ ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ജോഫിന്‍ ജെയിംസിന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ സമ്മാനിച്ചു.

സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ജോഫിന്‍ ജെയിംസ് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സിന്‍റെ സ്ഥാപക പ്രസിഡണ്ട് സാമുവല്‍ ആറോണിന്‍റെ സ്മരണാര്‍ത്ഥമാണ് ഡ്യൂട്ടി കോണ്‍ഷ്യസ് സിറ്റിസണ്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. സന്നദ്ധരക്തദാനം, സൗജന്യ മെഡിസിന്‍ ബാങ്ക്, വൃക്കരോഗികള്‍ക്കുള്ള സൗജന്യ യാത്രാ സേവനം, സൗജന്യ ഫുഡ് ഫ്രീസര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അന്നപൂര്‍ണ്ണയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ് ജോഫിന്‍ ജെയിംസ്.

ജില്ലയിലെ പ്രമുഖ കോളേജുകളായ തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ്, കണ്ണൂര്‍ എസ്.എന്‍.കോളേജ്, കൃഷ്ണ മേനോന്‍ സ്മാരക ഗവ.വനിതാ കോളേജ്, വിറാസ് കോളേജ് എന്നിവയുമായി സഹകരിച്ച് അന്നപൂര്‍ണ്ണ ആരംഭിച്ച 'ബ്ലഡ് കണ്ണൂര്‍ ഇനീഷ്യേറ്റീവ്' രോഗികള്‍ക്ക് ഏറെ ആശ്വാസമാണ്. രക്തം ആവശ്യമായി വരുന്ന സന്ദര്‍ഭത്തില്‍ രോഗി ചികിത്സയില്‍ കഴിയുന്ന ആശുപത്രിക്ക് സമീപമുള്ള കോളേജില്‍ നിന്നും വിദ്യാര്‍ത്ഥികളെ അന്നപൂര്‍ണ്ണയുടെ കാറില്‍ ആശുപത്രിയില്‍ എത്തിച്ച് രക്തദാനം നല്‍കി തിരികെ കോളേജില്‍ എത്തിക്കുകയും ചെയ്യുന്നതാണ് ബ്ലഡ് കണ്ണൂര്‍ ഇനീഷ്യേറ്റീവ്.

ഇതിനു മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഡ്രൈവറും വാഹന സൗകര്യവും അന്നപൂര്‍ണ്ണയ്ക്കുണ്ട്. ജില്ലയിലെ വിവിധ കോളേജുകളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും എന്‍.സി.സി കേഡറ്റുകളും ഉള്‍പ്പെടെ ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് ബ്ലഡ് കണ്ണൂര്‍ ഇനീഷ്യേറ്റീവില്‍ നിലവില്‍ അംഗമായിട്ടുള്ളത്.

ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികള്‍ക്കായുള്ള അന്നപൂര്‍ണ്ണയുടെ ജീവന്‍ രേഖാ പദ്ധതിയും ഏറെ ശ്രദ്ധേയമാണ്. ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഡയാലിസിസ് ചെയ്യുന്ന സ്വന്തമായി വാഹനമില്ലാത്ത നിര്‍ധന വൃക്കരോഗികള്‍ക്ക് വീട്ടില്‍ നിന്ന് ആശുപത്രിയിലേക്കും ഡയാലിസിസിനു ശേഷം തിരിച്ച് വീട്ടിലേക്കും സൗജന്യമായി യാത്രാസൗകര്യം ഒരുക്കുന്നതാണ് അന്നപൂര്‍ണ്ണ ജീവന്‍ രേഖാ പദ്ധതി.

annapoorna charitable trust kannur secretary Jofin James

കിഡ്നി രോഗം മൂലം അന്തരിച്ച പ്രശസ്ത സിനിമാ താരം മുന്‍ഷി വേണുവിനെ ചികിത്സയ്ക്കായി സ്വന്തം വീട്ടില്‍ കൊണ്ടുവരാനുള്ള ശ്രമത്തിനിടയിലാണ് ജോഫിന്‍ ജെയിംസിന് കിഡ്നി രോഗികള്‍ക്ക് ഡയാലിസിസിനു വേണ്ടിയുള്ള ഭാരിച്ച സാമ്പത്തിക ചെലവും യാത്രാക്ലേശവും നേരിട്ട് മനസ്സിലായത്.

സ്വന്തമായി വാഹനമില്ലാത്ത മിക്ക കിഡ്നി രോഗികളും യാത്രയ്ക്കായി ആശ്രയിക്കുന്നത് ഓട്ടോറിക്ഷയാണ്. എന്നാല്‍ ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസിനു വേണ്ടി ആശുപത്രിയില്‍ പോകുന്ന രോഗികള്‍ക്ക് ചികിത്സയ്ക്കു പുറമെയുള്ള യാത്രാ ചെലവ് വന്‍ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നു. ചിലര്‍ ഓട്ടോറിക്ഷയ്ക്കു പകരം ബസ്സിനെയാണ് ആശ്രയിക്കുന്നത്. നാല് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഡയാലിസിസിനു ശേഷം ബസ്സില്‍ യാത്ര ചെയ്യുന്നത് അപകടകരമാണ് എന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ഇതിനു പരിഹാരമായാണ് അന്നപൂര്‍ണ്ണ ജീവന്‍ രേഖ പദ്ധതി ആരംഭിച്ചത്. നിരവധി സന്നദ്ധ സംഘടനകള്‍ സൗജന്യ ഡയാലിസിസ് നല്‍കുന്നുണ്ടെങ്കിലും ഇത്തരത്തില്‍ സൗജന്യ യാത്രാ സേവനം ഒരുക്കുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ്.

ഇതിനു പുറമെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അന്നപൂര്‍ണ്ണ ആയുഷ് രേഖ മെഡിസിന്‍ ബാങ്ക് പദ്ധതിയിലൂടെ സൗജന്യ മരുന്ന് ലഭ്യമാക്കുന്നുണ്ട്. സുരക്ഷ ഹെല്‍ത്ത് ലൈന്‍, നവഭാരത് ഐ.എ.എസ് അക്കാദമി എന്നിവരുമായി സഹകരിച്ചാണ് ആയുഷ് രേഖ മെഡിസിന്‍ ബാങ്ക് നടപ്പിലാക്കുന്നത്.

ജില്ലകളിലെ ഇരുന്നൂറ്റമ്പതോളം ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്.  സാമൂഹ്യ ജീവകാരുണ്യ മേഖലയ്ക്കു പുറമെ പരിസ്ഥിതി പ്രവര്‍ത്തനത്തിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ അന്നപൂര്‍ണ്ണ കാഴ്ച വെച്ചിട്ടുണ്ട്. സീറോ വേസ്റ്റ് പയ്യാമ്പലം, പ്ലാസ്റ്റിക് വിമുക്ത പയ്യാമ്പലം എന്നീ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് ഫെബ്രുവരി മാസം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ബി.പി.സി.എല്‍ എന്നിവരുമായി സഹകരിച്ച് അന്നപൂര്‍ണ്ണ നടത്തിയ ക്ലീന്‍ പയ്യാമ്പലം കാമ്പയിന്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റി. 

അന്നപൂര്‍ണ്ണയുടെ നാനൂറോളം വളണ്ടിയര്‍മാര്‍ പങ്കെടുത്ത ക്ലീന്‍ പയ്യാമ്പലം ക്യാമ്പയിനിനു ഐക്യരാഷ്ട്ര സഭയുടെ ലണ്ടന്‍ ആസ്ഥാനമായുള്ള ഓഷ്യന്‍ ആക്ഷന്‍ ക്യാമ്പയിന്‍ പ്രോഗ്രാമിന്‍റെ അനുമോദനം ലഭിച്ചു. അന്നപൂര്‍ണ്ണ ചീഫ് കോര്‍ഡിനേറ്റര്‍ നവീന്‍.ആര്‍.ടി, ഗവ.ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.കെ.ഫല്‍ഗുനന്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ഹബീബ് റഹ്മാന്‍, തോമസ് ആലക്കോട്, ഷിനു തോമസ് എന്നിവരാണ് അന്നപൂര്‍ണ്ണയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡണ്ട് വിനോദ് നാരായണന്‍, സെക്രട്ടറി സജ്ജയ്.എ.പി, വൈസ് പ്രസിഡണ്ട് ജോസഫ് ബെനവന്‍, ട്രഷറര്‍ ഷമീം പുനത്തില്‍, ജോയിന്‍റ് സെക്രട്ടറി കെ.വി.ഹനീഷ്, മുന്‍ പ്രസിഡണ്ടുമാരായ മഹേഷ് ചന്ദ്ര ബാലിഗ, സി.വി.ദീപക്, സാമുവല്‍ ആറോണ്‍ ട്രസ്റ്റ് ചെയര്‍മാന്‍ സുശീല്‍ ആറോണ്‍, മുന്‍ വൈസ് പ്രസിഡണ്ട് പി.പി.റൗഫ്, ഡയരക്ടര്‍ വാസുദേവ പൈ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അന്നപൂര്‍ണ്ണ ചാരിറ്റബിള്‍ ട്രസ്റ്റ് ഫോണ്‍: 9847 000 499

English summary
annapoorna charitable trust kannur secretary Jofin James
topbanner

More News from this section

Subscribe by Email