Friday August 23rd, 2019 - 11:24:pm
topbanner
topbanner

വിസാതട്ടിപ്പിനിരയായി യുഎഇയില്‍ കുടുങ്ങി ഒമ്പത് മലയാളികള്‍; തട്ടിപ്പിനിരയായത് വാട്‌സാപ്പ് വഴി

JB
വിസാതട്ടിപ്പിനിരയായി യുഎഇയില്‍ കുടുങ്ങി ഒമ്പത് മലയാളികള്‍; തട്ടിപ്പിനിരയായത് വാട്‌സാപ്പ് വഴി

 അബുദാബി: വിസാതട്ടിപ്പിനിരയായ ഒമ്പത് മലയാളികള്‍ യുഎഇയില്‍ കുടുങ്ങി. വാട്‌സാപ്പ് വഴിയാണ് ഇവര്‍ തട്ടിപ്പിനിരയായത്. 20-30നും ഇടയില്‍ പ്രായമുള്ള ഒമ്പതുപേരാണ് യുഎഇയില്‍ കുടുങ്ങിയിരിക്കുന്നത്. ഒരുമാസത്തിനിടെ 19 മലയാളികളാണ് തട്ടിപ്പിനിരയായത്.

കോഴിക്കോട് സ്വദേശികളായ ഐനാസ്, റഫീഖ്, മണ്ണാര്‍ക്കാട് സ്വദേശികളായ അസ്ഹറലി, നൗഫല്‍, എടപ്പാള്‍ സ്വദേശിയായ ഫാസില്‍, കുറ്റിപ്പുറത്തുനിന്നുള്ള പ്രവീണ്‍, കൊണ്ടോട്ടി സ്വദേശി അര്‍ഷല്‍, അസീസ് മണ്ണാര്‍ക്കാട്, കൊല്ലത്തുനിന്നുള്ള വിശാഖ് എന്നിവരാണ് യുഎഇയില്‍ കുടുങ്ങിയിരിക്കുന്നത്.

വാട്‌സാപ്പിലൂടെ പരിചയപ്പെട്ട ഷഫീഖ് എന്നയാളാണ് തങ്ങളെ കബളിപ്പിച്ചത്. സന്ദര്‍ശക വിസയ്ക്കായി ഇയാള്‍ക്ക് 70,000 രൂപ നല്‍കി. നിലവില്‍ അല്‍ഐനിലും അജ്മാനിലും കുടുങ്ങിക്കിടക്കുന്ന തങ്ങള്‍ക്ക് ജോലിയോ ഭക്ഷണമോ ഇല്ലെന്ന് ഇരകള്‍ പറയുന്നു.

വാട്‌സാപ്പിലൂടെ പ്രചരിച്ച ജോബ് ഓഫറില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച ഒമ്പതുപേരെ ചേര്‍ത്ത് ഷഫീഖ് വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി. ഇതുവഴിയാണ് ഷഫീഖ് ഇവരുമായി ആശയ വിനിമയം നടത്തിയിരുന്നത്. വിസ നടപടിക്രമങ്ങള്‍ക്കായി 20,000 രൂപയും അതിനുശേഷം 50,000 രൂപയും നല്‍കിയതായി തട്ടിപ്പിനിരയായവര്‍ പറഞ്ഞു. ഷെഫീഖിന്റെ പേരിലുള്ള ഫെഡറല്‍ ബാങ്ക് കൊപ്പം ശാഖയിലേക്കുള്ള അക്കൌണ്ടിലേക്കാണ് ഇവര്‍ പണം നിക്ഷേപിച്ചത്. മാവൂര്‍ സ്വദേശി അയനാസ് മാത്രം 2100 ദിര്‍ഹം അബുദാബി വിമാനത്താവളത്തില്‍ എത്തിയ ശേഷം ഷമീര്‍ എന്ന ഏജന്റിനാണ് നല്‍കിയത്.

മൂന്നുമാസത്തേക്കുള്ള വിസിറ്റ് വിസയാണ് ഇവര്‍ക്ക് നല്‍കിയത്. അജ്മാനിലെ അല്‍ഹൂത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി നല്‍കാമെന്നാണ് ഇവരെ ഷഫീക്കും ഷമീറും ചേര്‍ന്ന് വിശ്വസിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ സ്വന്തം നിലയ്ക്ക് ജോലിക്ക് ശ്രമിക്കൂ എന്നാണ് ഇവര്‍ പറയുന്നതെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. തിരിച്ചുപോകുകയാണെന്നും വിസയ്ക്കായി നല്‍കിയ പണം തിരികെ നല്‍കണമെന്ന് പറഞ്ഞപ്പോള്‍ 1000 ദിര്‍ഹം മാത്രമേ തരൂ എന്നാണ് ഏജന്റുമാര്‍ പറഞ്ഞതെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു.

Read more topics: visa blackmailing, in uae,
English summary
visa blackmailing in uae
topbanner

More News from this section

Subscribe by Email