Tuesday October 27th, 2020 - 8:53:am

ബ്രിട്ടണിൽ മേയറായി മലയാളി ടോം ആദിത്യ

princy
ബ്രിട്ടണിൽ മേയറായി മലയാളി ടോം ആദിത്യ

ബ്രിട്ടനിൽ കഴിഞ്ഞ ദിവസം നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് നഗരത്തിന്റെ മേയറായി മലയാളിയായ ടോം ആദിത്യ തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ ആദ്യത്തെ തെക്കേ ഇന്ത്യക്കാരനായ ജനപ്രതിനിധിയാണ് ടോം ആദിത്യ. സൗത്ത് വെസ്റ്റ് ഇംഗ്ളണ്ടിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ വംശജൻ മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. സൌത്ത് വെസ്റ് ഇംഗ്ളണ്ടിലെ ബ്രിസ്റ്റോൾ സിറ്റിയും ഒന്‍പതു സമീപ ജില്ലകളും ഉള്‍പ്പെടുന്ന പോലീസ് ബോർഡിൻറെ വൈസ് ചെയർമാനായും, ബ്രിസ്റ്റോൾ സിറ്റി കൗൺസിലിന്റെ സാമുദായിക സൗഹാർദ സമിതിയുടെ ചെയർമാനായും ടോം ആദിത്യ പ്രവർത്തിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

റാന്നി ഇരൂരിയ്ക്കല്‍ ആദിത്യപുരം തോമസ് മാത്യുവിന്റെയും ഗുലാബി മാത്യുവിന്റെയും മകനാണ്  ടോം. ഭാര്യ: ലിനി; മക്കൾ: അബിഷേക്, അലീന, ആല്‍ബെര്‍ട്ട്, അഡോണ, അല്‍ഫോന്‍സ്. റോസ് പ്രീനാ, സിറിൽ പ്രണാബ് എന്നിവര്‍ സഹോദരങ്ങളാണ്.ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്കു ബ്രെക്സിറ്റ്‌ വിഷയത്തിലെ പ്രതിസന്ധി കാരണം ഇംഗ്ലണ്ടിൽ 1335 ൽ അധികം കൗൺസിലർമാരെ നഷ്ടപ്പെട്ട് കാലിടറിയപ്പോഴും, പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ 2007 മുതൽ ഇക്വാലിറ്റീസ് കമ്മീഷൻ ചെയർമാനായും, പിന്നീട് കൗൺസിലറായും, 2017 മുതൽ ഡെപ്യൂട്ടി മേയർ ആയും പ്രവർത്തിച്ച മലയാളിയായ ടോം ആദിത്യ എല്ലാ കൊടുംകാറ്റുകളെയും അതിജീവിച്ചു വീണ്ടും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു. പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ആദ്യത്തെ ഏഷ്യൻ കൗൺസിലർ കൂടിയാണ് അദ്ദേഹം.

തികഞ്ഞ മലയാള ഭാഷാസ്നേഹിയായ ടോം ആദിത്യ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇംഗ്ളണ്ടിൽ മാനേജ്‌മെന്റ് കൺസൾട്ടന്റൻറ്റായും, പ്രഭാഷകനായും, മനുഷ്യാവകാശപ്രവർത്തകനായും, സാമൂഹ്യശാസ്ത്രഗവേഷകനായും കർമരംഗത്തുണ്ട്. ജീവിതത്തിൽ വെല്ലുവിളികളെയും ബുദ്ധിമുട്ടുകളെയും തൃണവൽഗണിച്ചു മുന്നേറിയ വ്യക്തിത്വമാണ് പാലായിൽ ജനിച്ച്, റാന്നിയിൽ വളർന്ന ടോമിൻറ്റെത്. സ്വദേശത്തും, തിരുവനന്തപുരത്തും, ചങ്ങനാശേരിയിലും, എറണാകുളത്തും, ബാംഗ്ലൂരുമായി അദ്ദേഹം വിദ്യാഭ്യാസകാലഘട്ടം കഴിച്ചുകൂട്ടി. നിയമപഠനവും, എംബിഎയും പൂര്‍ത്തിയാക്കിയ ടോം അമേരിക്കയിലെ പ്രൊജക്ട് മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നും, ലണ്ടനിൽ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കിയാണ് ഇംഗ്ലണ്ടിൽ കർമ്മപഥത്തിനു തുടക്കം കുറിച്ചത്. പ്രവൃത്തിമേഖലയിലും, സാമൂഹ്യപ്രവര്‍ത്തനത്തിലും ശ്രദ്ധയും, അര്‍പ്പണമനോഭാവവും, പ്രതിബദ്ധതയുമാണ് റ്റോമിന്റെ വിജയക്കൂട്ട്.

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന്റെ മാനേജ്മെൻറ് കൺസൾട്ടൺറ്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.യു.കെ മലയാളികളുടെ പല ന്യായമായ ആവശ്യങ്ങളും നേടിയെടുക്കുന്നതിന് വേണ്ടി പ്രധാനമന്ത്രിയുമായും, മന്ത്രിമാരുമായും ചർച്ചചെയ്ത് പരിഹാരം കാണുന്നതിലും, അതുപോലെ ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേരിട്ടു ഇടപ്പെട്ട് സേവനങ്ങൾ ചെയ്തുകൊടുക്കുന്നതിലും ബ്രിട്ടനിലെ മലയാളികൾക്കിടയിൽ മുൻപന്തിയിൽ നിൽക്കുന്ന നല്ലൊരു സാമൂഹ്യ പ്രവർത്തകനാണ് ടോം ആദിത്യ. ബ്രിട്ടനിലെ സ്‌കൂളുകളിൽ മലയാള ഭാഷ ഒരു പാഠ്യവിഷയമായി ചേർക്കുന്ന പദ്ധതിക്കു അദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്. പ്രദേശത്തെ വികസനപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തതിനു പുറമെ ബ്രിട്ടനിലെ പ്രവാസികളുടെ വിസാ പ്രശ്നങ്ങളിലും, തൊഴില്‍ വിഷയങ്ങളിലും, സുരക്ഷാ പ്രശ്നങ്ങളിലും ഇടപെട്ട് അത്തരക്കാര്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതിനും ബ്രിട്ടനിലേയ്ക്ക് പുതുതായി കുടിയേറുന്ന മലയാളികള്‍ക്കു മാത്രമല്ല ഇതര രാജ്യക്കാര്‍ക്കും നിസ്തുലമായ സേവനം നല്‍കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്.

കൂടാതെ ബ്രിട്ടനില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം അനന്തരകര്‍മ്മങ്ങള്‍ക്കായി നാട്ടില്‍ എത്തിയ്ക്കുന്നതിനുള്ള പ്രക്രിയകള്‍ക്കും ടോം നിശബ്ദ പങ്കാളിയായി പ്രവര്‍ത്തിയ്ക്കുന്നു.ബ്രിട്ടനിൽ മാത്രമല്ല ഗൾഫ് രാജ്യങ്ങളിൽ കഷ്ടപ്പെടുന്ന മലയാളി സഹോദരങ്ങളിലേക്കും അദ്ദേഹത്തിന്റെ കാരുണ്യസ്പർശം ഉണ്ടായിട്ടുണ്ട്. സൗദി അറേബ്യയിൽ വീട്ടുവേലക്കു പോയിട്ട് നരകയാതന അനുഭവിച്ച മലയാളി സ്ത്രീകൾക്ക് മോചനം നൽകുവാനും, അവരെ നാട്ടിൽ എത്തിക്കുവാനും, അതുപോലെ അബുദാബിയിൽ വധശിക്ഷക്ക് വിധിക്കപെട്ട മലപ്പുറം സ്വദേശി ഗംഗാധരനെ തൂക്കുകയറിൽ നിന്ന് മോചനം നൽകുന്നതിന് അന്താരാഷ്ട്ര തലത്തിൽ നേതൃത്വം നൽകിയതും ടോം ആദിത്യയാണ്. അങ്ങനെ അനവധി നിരവധി സാമൂഹ്യ, സാംസ്‌കാരിക വിഷയങ്ങളിൽ അദ്ദേഹം ദിവസേന ഇടപെടാറുണ്ട്. പക്ഷെ മാധ്യമ ശ്രദ്ധയിൽ നിന്ന് പൊതുവെ മാറി നില്കുന്ന സ്വഭാവക്കാരനാണ് അദ്ദേഹം. തന്നെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഏറ്റവും നല്ല ഭരണം കാഴ്ചവെക്കാൻ ആത്മാർഥമായി ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ മേയർ ടോം ആദിത്യ അഭ്യർത്ഥിക്കുകയും ചെയ്തു.

Read more topics: UK, Mayor, Tom Aditya
English summary
Tom Aditya Mayor in the UK
topbanner

More News from this section

Subscribe by Email