ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. രാജ്യത്തെ ഓരോ 'സാധാരണ താമസക്കാരന്റെയും' സമഗ്രമായ തിരിച്ചറിയല്‍ വിവര ശേഖരം (ഡാറ്റാബേസ്) സൃഷ്ടിക്കുകയാണ് എന്‍പിആറിന്റെ ലക്ഷ്യമെന്ന് സെന്‍സസ് കമ്മീഷന് അറിയിച്ചു. എന്‍പിആറിനും സെന്‍സസിനുമായി കേന്ദ്ര സര്‍ക്കാര്‍ 13,000 കോടി രൂപ അനുവദിച്ചതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. സെന്‍സസിന് 8,754 കോടി രൂപയും എന്‍പിആറിന് 3941 കോടി രൂപയും അനുവദിച്ചു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
എന്‍പിആറില്‍ ചേര്‍ക്കുന്ന 'സാധാരണ താമസക്കാരന്' എന്നത് ഒരു പ്രദേശത്ത് കുറഞ്ഞത് ആറുമാസമോ അതില്‍ കൂടുതലോ താമസിച്ച വ്യക്തിയാണ്, അല്ലെങ്കില്‍ അടുത്ത ആറുമാസമോ അതില്‍ കൂടുതലോ ഒരു പ്രദേശത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഇന്ത്യയിലെ ഓരോ 'സാധാരണ താമസക്കാരും' എന്‍പിആറില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാണ്.
'എന്‍.പി.ആറിന് നീണ്ട ഫോം ഉണ്ടായിരിക്കില്ല. ആളുകള്‍ക്ക് അവരുടെ വിശദാംശങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിന് ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാകും. ഇത് സ്വയം പ്രഖ്യാപനമാണ്. ഒരു രേഖയും ആവശ്യമില്ല. തെളിവ് ആവശ്യമില്ല. ബയോമെട്രിക് ആവശ്യമില്ല. ഇത് ഇതിനകം എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ചിട്ടുണ്ട് എല്ലാ സംസ്ഥാനങ്ങളും ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറക്കിയിട്ടുണ്ട്, 'പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. സെന്‍സസുമായി ബന്ധപ്പെടുത്തിയിരിക്കുന്ന എന്‍പിആര്‍ ദേശീയ പൗരന്മാരുടെ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പിലാക്കുന്നതിനുള്ള രാജ്യവ്യാപക പ്രക്രിയയുടെ ആദ്യപടിയായിട്ടാണ് കാണപ്പെടുന്നത്. എന്‍പിആര്‍ പ്രക്രിയ 2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ അസമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടക്കും, അസമില്‍ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനുള്ള ദേശീയ പൗരത്വ പട്ടിക ഇതിനകം തയ്യാറാക്കിയിട്ടുണ്ട്.