Thursday June 4th, 2020 - 4:18:pm

മൃതദേഹങ്ങള്‍ ഏറ്റെടുക്കാതെ ബന്ധുക്കള്‍; ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Jikku Joseph
മൃതദേഹങ്ങള്‍ ഏറ്റെടുക്കാതെ ബന്ധുക്കള്‍; ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ തയാറാകാതെ ബന്ധുക്കള്‍. ബിഹാറിലെത്തിച്ച അഞ്ചു മൃതദേഹങ്ങളില്‍ രണ്ടു പേരുടേതാണു ബന്ധുക്കള്‍ ഏറ്റുവാങ്ങാതിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു എക്‌സ്‌ഗ്രേഷ്യാ തുകയായി പത്തു ലക്ഷം രൂപ നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് പഞ്ചാബ് സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും. ഇതിന് പുറമെ നിലവില്‍ തുടരുന്ന 20,000 രൂപ മാസ ധനസഹായം തുടരുമെന്നും പഞ്ചാബ് കാബിനറ്റ് മന്ത്രി നവ്‌ജോത് സിങ് സിദ്ദു അറിയിച്ചു.

ഐ.എസ് വധിച്ച 39 പൗരന്മാരില്‍ 38 പേരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ചയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചത്. കൊല്ലപ്പെട്ടവരില്‍ 27 പേര്‍ പഞ്ചാബ് സ്വദേശികളും നാലുപേര്‍ ഹിമാചല്‍ പ്രദേശുകാരുമാണ്. ഇവരുടെ മൃതദേഹങ്ങള്‍ അമൃത്സര്‍ വിമാനത്താവളത്തില്‍ വെച്ച് ബന്ധുക്കള്‍ ഏറ്റുവാങ്ങി. ശേഷിക്കുന്നവരുടെ മൃതദേഹങ്ങള്‍ പട്‌ന, കൊല്‍ക്കത്ത എന്നിവിടങ്ങളിലെത്തിച്ചു.

ഇറാഖിലെ മൊസൂളില്‍ 2014-ല്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 40 ഇന്ത്യന്‍ ജോലിക്കാരില്‍ 39 പേരെയും വധിച്ചു കുഴിയില്‍ മൂടുകയായിരുന്നു. ബന്ദികളില്‍ ഒരാള്‍ ബംഗ്ലദേശി ആയി നടിച്ചു രക്ഷപ്പെട്ടു നാട്ടില്‍ തിരിച്ചെത്തി. ഇയാളില്‍നിന്നു ലഭിച്ച വിവരമനുസരിച്ചു നടത്തിയ അന്വേഷണത്തില്‍ മൊസൂളിലെ ഒരു ഗ്രാമത്തില്‍ കൂട്ടക്കുഴിമാടം കണ്ടെത്തുകയായിരുന്നു. മൃതദേഹാവശിഷ്ടം പുറത്തെടുത്തു ഡി.എന്‍.എ പരീക്ഷണം നടത്തി സ്ഥിരീകരിച്ച ശേഷമാണു സര്‍ക്കാര്‍ മരണവിവരം പുറത്തുവിട്ടത്.

ഡി.എന്‍.എ പരിശോധനയില്‍ തീര്‍പ്പാകാത്തതിനാലാണ് ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കാതിരുന്നത്. ഇതിന് കൂടുതല്‍ സമയം ആവശ്യമായി വരും. ഇറാഖില്‍ ഐഎസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി ഇക്കഴിഞ്ഞ മാര്‍ച്ച് 20-നാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റിനെ അറിയിച്ചത്.

എന്നാല്‍ ഇറാഖിലേക്കു ജോലിക്കായി പോയ 39 പേരും നിയമവിരുദ്ധമായാണ് അവിടെയെത്തിയതെന്നു കേന്ദ്ര മന്ത്രി വി.കെ. സിങ് അറിയിച്ചു. ഇവരെക്കുറിച്ചുള്ള യാതൊരു വിവരവും സര്‍ക്കാരിന്റെ പക്കലുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഇവരെ സഹായിക്കാനും കഴിഞ്ഞില്ല. സുരക്ഷയും പരിശീലനവും ഇല്ലാതെ ഇന്ത്യക്കാര്‍ വിദേശത്തു പോകുന്നത് ശരിയല്ല. പരിശോധനകള്‍ നടത്തിയപ്പോള്‍ ചിലര്‍ വെടിയേറ്റു മരിച്ചെന്നാണ് മനസിലായത്. എന്നാല്‍ മറ്റു ചിലര്‍ എങ്ങനെയാണു മരിച്ചതെന്നു വ്യക്തമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

English summary
iraq deaths: kin refuse to accept bodies, demand compensation
topbanner

More News from this section

Subscribe by Email