കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് തലവേദന സൃഷ്ടിച്ച പിന്നോക്ക സമുദായ പ്രക്ഷോഭങ്ങളുടെ നേതാവ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. അല്‍പേഷ് താക്കൂര്‍ ഉള്‍പ്പെടെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള രാജിവെയ്ക്കല്‍ പാര്‍ട്ടിയുടെ സംസ്ഥാനത്തെ സാധ്യതകളെ നേരിട്ട് ബാധിക്കും.
എന്നാല്‍ തങ്ങള്‍ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകളെ താക്കൂറും സംഘവും തള്ളി. സഭയില്‍ സ്വതന്ത്ര എംഎല്‍എമാരായി തുടരും. കൂറുമാറ്റം തടയല്‍ നിയമപ്രകാരം ഒരു എംഎല്‍എ സ്വതന്ത്രനായി തുടര്‍ന്നാല്‍ അയോഗ്യത കല്‍പ്പിക്കപ്പെടില്ല. 2017 നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാധന്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് സെക്രട്ടറിയായി നിയമിതനായ താക്കൂറിനെ ബിഹാര്‍ യൂണിറ്റിന്റെ ചുമതലയും നല്‍കിയിരുന്നു.
അല്‍പേഷ് താക്കൂറിന് പുറമെ ബയാദ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ധാവല്സിംഹ് സാല, വാവ് എംഎല്‍എ ജെനിബെന്‍ താക്കോര്‍ എന്നിവരും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. 'നിയമസഭയില്‍ നിന്നും രാജിവെയ്ക്കില്ല, ബിജെപിയില്‍ ചേരുന്നുമില്ല. ഇനി സഭയിലെ സ്വതന്ത്ര എംഎല്‍എമാരുടെ കൂട്ടത്തില്‍ കാണും', താക്കൂര്‍ വ്യക്തമാക്കി. തന്റെ സമൂഹത്തെ കോണ്‍ഗ്രസ് പാര്‍ട്ടി വഞ്ചിച്ചെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അയച്ച രാജിക്കത്തില്‍ എംഎല്‍എ കുറിച്ചു. തന്റെ സമൂഹത്തെ ഒഴിവാക്കുകയും, വഞ്ചിക്കുകയും ചെയ്യുന്ന പാര്‍ട്ടിക്കൊപ്പം തുടരാനാകില്ല. 2017 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച 77 സീറ്റുകളില്‍ 33 എണ്ണത്തിലും താക്കൂര്‍ സേനയുടെ റോള്‍ സുപ്രധാനമാണ്. എന്നിട്ടും സേനാ അംഗങ്ങള്‍ക്ക് കോണ്‍ഗ്രസ് താലൂക്ക്, ജില്ലാ തലങ്ങളില്‍ സ്ഥാനം ലഭിച്ചില്ല, അല്‍പേഷ് പറയുന്നു.
താക്കൂര്‍ സ്ഥാപിച്ച ക്ഷത്രിയ താക്കൂര്‍ സേനയില്‍ നിന്നും കനത്ത സമ്മര്‍ദം നേരിട്ടതോടെയാണ് അല്‍പേഷ് രാജിവെച്ചത്. 2018 ജൂലൈ മുതല്‍ കോണ്‍ഗ്രസില്‍ നിന്നും ഏഴ് എംഎല്‍എമാരാണ് രാജിവെച്ചത്. ഇതോടെ ഒബിസി വിഭാഗങ്ങളുടെ വോട്ട് പിടിക്കാനാണ് ബിജെപിയുടെ ശ്രമം. ഗുജറാത്ത് ജനസംഖ്യയില്‍ 12 ശതമാനമാണ് താക്കൂറിന്റെ ഒബിസി വിഭാഗങ്ങളുള്ളത്.