Thursday June 17th, 2021 - 11:00:pm

കാലിയ റഫീഖ് ക്രൂരതയുടെ പര്യായം; കൊല്ലപ്പെട്ടത് മുത്തലീബിനെ കൊലപ്പെടുത്തിയ രീതിയില്‍

NewsDesk
കാലിയ റഫീഖ് ക്രൂരതയുടെ പര്യായം; കൊല്ലപ്പെട്ടത് മുത്തലീബിനെ കൊലപ്പെടുത്തിയ രീതിയില്‍

മംഗളുരു: അമ്പതോളം കേസുകളില്‍ പ്രതിയായ കാലിയ റഫീഖ് ക്രൂരതയുടെ അപരനാമമാണെന്ന് പോലീസ്. അടിപിടി, ഗുണ്ടായിസം, പിടിച്ചുപറി, ഗുണ്ടാ പിരിവ്, മോഷണം, വധശ്രമം, കൊലപാതകം എന്നിങ്ങനെ കാലിയയ്‌ക്കെതിരായ കുറ്റകൃത്യങ്ങളുടെ പട്ടിക നീളും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാസര്‍കോട് മംഗളുരു ദേശീയ പാതയില്‍ ഉള്ളാള്‍ കോട്ടേക്കറില്‍വെച്ച് റഫീഖ് കൊല്ലപ്പെട്ടത് നേരത്തെ മുത്തലീബിനെ കൊലപ്പെടുത്തിയ അതേ രീതിയിലാണെന്ന് പോലീസ് പറഞ്ഞു.

രാത്രി കാറില്‍ മടങ്ങുകയായിരുന്ന മുത്തലിബ്ബിനെ വീടിനുമുന്നില്‍ സ്വന്തം കാറുകൊണ്ട് തടഞ്ഞിട്ട് വെടിവെച്ച് വീഴ്ത്തുകയും തുടര്‍ന്ന് ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് വെട്ടിക്കൊല്ലുകയുമാണ് കാലിയ ചെയ്തത്.

കോട്ടേക്കറിലെ പെട്രോള്‍പമ്പിനു മുന്നില്‍ എതിരെവന്ന ടിപ്പര്‍ ലോറി റഫീഖ് സഞ്ചരിച്ച കാറില്‍ ഇടിച്ചു. റോഡിന്റെ വലതുവശം ചേര്‍ന്ന് വന്നലോറി
തന്നെ ലക്ഷ്യംവെച്ചാണെന്ന് മനസ്സിലാക്കിയ റഫീഖ് കാറില്‍നിന്ന് പുറത്തേക്ക് ഇറങ്ങി പെട്രോള്‍ പമ്പിലേക്ക് ഓടി.

എന്നാല്‍, കാറിലുണ്ടായിരുന്ന അജ്ഞാതര്‍ കാലിയയെ വെടിവെച്ച് വീഴ്ത്തി, വടിവാള്‍കൊണ്ട് തലങ്ങും വിലങ്ങും വെട്ടി. വെടിയേറ്റുവീണ റഫീഖിന്റെ മരണത്തിനിടയാക്കിയത് കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണെന്ന് പോലീസ് പറഞ്ഞു.

കൊലയാളികള്‍ പിന്തുടരുന്നുണ്ടെന്ന് ഉറപ്പുള്ളതിനാല്‍ മഞ്ചേശ്വരത്ത് റഫീഖും സംഘവും കാര്‍ മാറിക്കയറിയതായാണ് വിവരം. മുത്തലീബിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് സംഭവത്തിനുപിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടന്ന പെട്രോള്‍പമ്പിലെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിന്റെ സംശയത്തിന് ബലം പകരുന്നതായി സൂചനയുണ്ട്.

മുത്തലീബനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ റഫീഖിനുമേല്‍ 'കാപ്പ' ചുമത്തിയതിനാല്‍ ജാമ്യം കിട്ടാതെ ജയിലിലായിരുന്നു. പിന്നീട് പുറത്തിറങ്ങിയ റഫീഖ് മുത്തലിബ്ബിന്റെ സഹോദരനെയും ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് സംശയിക്കുന്നു.

1994ല്‍ തുടങ്ങുന്നതാണ് കാലിയ റഫീഖിന്റെ കുറ്റകൃത്യങ്ങളുടെ പരമ്പര. കേരളത്തില്‍ ചാരായനിരോധനം വന്നതിനെത്തുടര്‍ന്ന് കര്‍ണാടകത്തില്‍നിന്ന് പായ്ക്കറ്റ് ചാരായം കടത്തിക്കൊണ്ടായിരുന്നു തുടക്കം.

ജയിലിലായിരുന്നപ്പോഴും പുറത്തായിരുന്നപ്പോഴും കാലിയ റഫീഖ് വ്യാപാരികളെ നിരന്തരം ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയിരുന്നു. പലപ്പോഴും കാലിയയുടെ ഭീഷണിക്ക് ഇരയായത് സ്വര്‍ണവ്യാപാരികളായിരുന്നു. ഉപ്പളയിലെ രാജധാനി ജ്വല്ലറിയില്‍നിന്ന് പണം കൈക്കലാക്കാന്‍ നടത്തിയ ശ്രമം വിഫലമായതിനെത്തുടര്‍ന്ന് ദക്ഷിണ കാനറയിലുള്ള അവരുടെ കടയ്ക്കുനേരെ റഫീഖും സംഘവും വെടി ഉതിര്‍ക്കുകയുണ്ടായി.

പോലീസിന് തന്നെ ഒറ്റുകൊടുത്തെന്ന സംശയത്തില്‍ കൂട്ടാളിയായ ഹമീദിനെ കൊലപ്പെടുത്തുകയും മൃതദേഹം ചിക്മഗലൂരില്‍ കൊണ്ടുചെന്ന് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു. ഇങ്ങനെ ഒട്ടേറെ കേസുകള്‍ റഫീഖിനെതിരെ കര്‍ണാടകയിലുമുണ്ട്. എതിരാളികളെ വകവരുത്താന്‍ പുതിയ ആയുധം വാങ്ങാന്‍ കൂട്ടാളികളുമൊത്ത് മുംബൈക്ക് പോകുംവഴിയാണ് കാലിയ റഫീഖ് കൊല്ലപ്പെട്ടത് എന്നാണ് പോലീസിന് ലഭിച്ച വിവരം.

Read more topics: Gang, leader, Kalia Rafeeq, murder
English summary
Gang leader Kalia Rafeeq murdered
topbanner

More News from this section

Subscribe by Email