ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിന് ചികിത്സ നിഷേധിക്കുന്നതിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ഡൽഹി കോടതി. ആസാദിന് എത്രയും വേഗം ഡൽഹി എയിംസിൽ ചികിത്സ നൽകണമെന്ന് കോടതി നിർദേശിച്ചു. മതിയായ നടപടി സ്വീകരിക്കാത്ത തിഹാർ ജയിൽ അധികൃതരെ കോടതി വിമർശിച്ചു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ചന്ദ്രശേഖർ ആസാദിന് പോളിസൈത്തീമിയ ആണെന്നും ദിവസവും പരിശോധന ആവശ്യമാണെന്നും കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ആസാദിന് എയിംസിൽ ചികിത്സ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ആസാദിന് മതിയായ ചികിത്സ നൽകുന്നില്ല. ഹൃദയാഘാതത്തിന് വരെ സാധ്യതയുണ്ട്. ആസാദിന് അടിയന്തര ചികിത്സ ആവശ്യമാണെന്നതിനെ കുറിച്ച് ജയിൽ അധികൃതർക്ക് അറിയില്ല. ആസാദിന് മറ്റ് പലതിനുമാണ് ചികിത്സ നൽകുന്നത്. ആസാദിനെ എത്രയും വേഗം എയിംസിൽ എത്തിക്കണമെന്നും ആസാദ് ക്രിമിനലല്ല, രാഷ്ട്രീയക്കാരനാണെന്നും അഭിഭാഷകൻ മെഹ്മൂദ് പ്രാച്ച ഹർജിയിൽ വ്യക്തമാക്കി.
ഡൽഹി ജുമാ മസ്ജിദിലെ പ്രതിഷേധത്തിനെ തുടർന്നാണ് ചന്ദ്രശേഖർ ആസാദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ആസാദിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ ഹർജിത് സിംഗ് ഭാട്ടിയ രംഗത്തെത്തിയിരുന്നു. ആസാദിന് ഏത് നിമിഷവും ഹൃദയാഘാതമുണ്ടാകാമെന്നും ചികിത്സക്കായി എത്രയും വേഗം എയിംസിൽ പ്രവേശിപ്പിക്കണമെന്നും ഡോക്ടർ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.