Friday July 19th, 2019 - 1:55:pm
topbanner
topbanner

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് പോസ്റ്റ്‌മോര്‍ട്ടം തുടങ്ങി; ചതിച്ചത് കള്ളക്കണക്കുകള്‍

suji
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് പോസ്റ്റ്‌മോര്‍ട്ടം തുടങ്ങി; ചതിച്ചത് കള്ളക്കണക്കുകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെക്കുറിച്ചുള്ള പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണക്കുകള്‍ കേന്ദ്രീകരിച്ചുള്ള തീരുമാനങ്ങളിലേക്ക് പോയത് വന്‍പരാജയമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ നിഗമനം. പുതുതായി ആരംഭിച്ച ഡാറ്റ അനലിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് നേര്‍ക്കാണ് ഇവര്‍ വിരല്‍ ചൂണ്ടുന്നത്. 2019 തെരഞ്ഞെടുപ്പ് പ്രചരണങ്ങളെ പോലും സ്വാധീനിച്ച ഈ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകൂട്ടല്‍ പ്രകാരമാണ് റഫാല്‍ കരാറിലെ അഴിമതി ആരോപണവും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ന്യായ് സ്‌കീമും വരെ കോണ്‍ഗ്രസ് എടുത്ത് പ്രയോഗിച്ചത്.

ഈ വകുപ്പ് നല്‍കുന്ന അനുമാനങ്ങളെയും, കണക്കുകളെയും പൂര്‍ണ്ണമായി വിശ്വസിച്ചാണ് പാര്‍ട്ടിയുടെ ഉന്നത നേതൃത്വം പ്രവര്‍ത്തിച്ചത്. തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രവചനങ്ങള്‍ നടത്തുന്ന അത്ഭുതമായി ഇവര്‍ മാറി. എന്നാല്‍ ശക്തി എന്നുപേരിട്ട ഈ പ്ലാറ്റ്‌ഫോമില്‍നിന്നുമുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി സ്ഥാനാര്‍ത്ഥികളെ വരെ നിശ്ചയിച്ചത് അടിതെറ്റിച്ചെന്ന് ഒരു മുതിര്‍ന്ന നേതാവ് പറയുന്നു.

അഭിപ്രായങ്ങള്‍ അറിയാനുള്ള ഉപകരണമാക്കുന്നതിന് പകരം തീരുമാനം കൈക്കൊള്ളാന്‍ ഇതിനെ ആശ്രയിച്ചതിന്റെ ഫലം പാര്‍ട്ടി അനുഭവിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബിജെപിയുടെ പകുതി സീറ്റ് ചോരുമെന്നും, കോണ്‍ഗ്രസ് 2014നേക്കാള്‍ മൂന്നിരട്ടി വളരുമെന്ന പ്രവചനം അന്തിമഫലം വന്നപ്പോള്‍ വെറും പുകയായി മാറി. രാഹുല്‍ അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആരംഭിച്ച ഈ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് ഇപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ ചോദ്യം ഉയര്‍ത്തുന്നത്.

മുന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറും, റിസേര്‍ച്ചറുമായ പ്രവീണ്‍ ചക്രവര്‍ത്തിയാണ് ഈ വകുപ്പ് നയിക്കുന്നത്. എന്നാല്‍ ശക്തിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ 7580 ശതമാനവും വ്യാജമാണെന്ന് ഒരു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആഭ്യന്തര കുറിപ്പ് നല്‍കിയെന്നും ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് നേരിട്ട് രാഹുലിന് കൈമാറുകയായിരുന്നു. തെറ്റായ കണക്കിനെ അടിസ്ഥാനമാക്കി തീരുമാനങ്ങളും, പ്രചരണവും നടത്തിയതോടെ കാര്യങ്ങള്‍ കൈവിട്ട് പോയി.

ബിജെപിയും ഇത്തരം ഡാറ്റ സ്വരൂപിച്ച് ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് ഫില്‍റ്റര്‍ ചെയ്യാനുള്ള സംവിധാനവും അവര്‍ക്കുണ്ടെന്ന് സെന്റര്‍ ഫോര്‍ പോളിസി റിസേര്‍ച്ചിലെ സീനിയര്‍ ഫെല്ലോ നീലാഞ്ജന്‍ സിര്‍കാര്‍ പറയുന്നു. ആളുകളുടെ മനസ്സറിയാതെ ഡാറ്റയെ മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ച കോണ്‍ഗ്രസിന് ഇതിന്റെ തിക്തഫലം നേരിടേണ്ടി വരികയും ചെയ്തു.

 

Read more topics: congress, election failure
English summary
congress about election failure
topbanner

More News from this section

Subscribe by Email