ന്യൂഡല്‍ഹി: ബാങ്കുകളില്‍നിന്ന് 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി അധ്യക്ഷനായ ചന്ദ്രബാബു നായിഡു സമിതിയാണ് ശുപാര്‍ശ നല്‍കിയത്. ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ്, പൊതുവിതരണ സമ്പ്രദായം, വളം-കീടനാശിനി, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവയ്ക്കുള്ള ഇടപാടുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കണം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഈടാക്കുന്ന മര്‍ച്ചന്റ് ഡിസ്ക്കൗണ്ട് റേറ്റ് ഇല്ലാതെയാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു. 2000 രൂപവരെ 0.75 ശതമാനവും അതിനുമുകളിലാണെങ്കില് ഒരു ശതമാനവുമാണ് ഡെബിറ്റ് കാര്‍ഡിലെ എംഡിആര്‍. മാര്‍ച്ച് 31 വരെ ഇത് യഥാക്രമം 0.25 ശതമാനവും 0.5 ശതമാനവുമായി റിസര്‍വ് ബാങ്ക് നിയന്ത്രിച്ചിട്ടുണ്ട്.
ചെറുകിട വ്യാപാരികള്‍ക്കും ആദായ നികുതിയുടെ പരിധിയില്‍പ്പെടാത്തവര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ 1,000 രൂപ സബ്സിഡി നല്കാന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. രാജ്യത്തെ 1,54,000 പോസ്റ്റോഫീസുകളില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള മൈക്രോ എ.ടി.എമ്മുകള്‍ സ്ഥാപിക്കാന്‍ സൗകര്യമൊരുക്കണം, കെ.വൈ.സിക്കുള്ള തിരിച്ചറിയല്‍ കാര്‍ഡായി ആധാര്‍ നിര്‍ബന്ധമാക്കണം, മൈക്രോ എ.ടി.എമ്മുകള്‍ക്ക് നികുതി ഇന്‍സെന്റീവ് ഏര്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.