ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായി മാറിയ വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിന് 100 കോടിയോളം രൂപ മതിക്കുന്ന റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളുള്ളതായി കണ്ടെത്തി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
നായിക്കുമായി ബന്ധപ്പെട്ട 78 ബാങ്ക് അക്കൗണ്ടുകളും റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളും ദേശീയാന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പരിശോധിച്ചുവരികയാണ്. ഇദ്ദേഹവുമായി ബന്ധപ്പെട്ട 23 വ്യക്തികളും കോര്‍പ്പറേറ്റ് കമ്പനികളും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ തെളിവു ലഭിച്ചിട്ടുണ്ടെന്ന് എന്‍.ഐ.എ. വൃത്തങ്ങള്‍ പറഞ്ഞു.
ആദായനികുതി സമര്‍പ്പിച്ചതുമായി സംബന്ധിച്ച രേഖകള്‍ പരിശോധിക്കുകയാണെന്നും ഇതിനുശേഷം ആവശ്യമെങ്കില്‍ സാക്കിര്‍ നായിക്കിനെ നേരിട്ടുവിളിപ്പിക്കാമെന്നുമാണ് എന്‍.ഐ.എ. തീരുമാനം. ബാങ്കുകളോട് നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
മതസ്പര്‍ധ വളര്‍ത്തുന്നതരത്തില്‍ പ്രവര്‍ത്തിക്കുന്നെന്നാരോപിച്ച് കഴിഞ്ഞ നവംബറിലാണ് നായിക്കിനും അനുയായികള്‍ക്കുമെതിരെ ഏജന്‍സി കേസെടുത്തത്.
ഭീകരവാദം പ്രചരിപ്പിക്കുന്നതായി ആരോപിക്കപ്പെടുന്ന പീസ് ടി.വി. എന്ന ആഗോള ഇസ്ലാമിക ചാനലുമായി ഐ.ആര്.എഫിനു ബന്ധമുണ്ടെന്ന്
കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നിയമവിരുദ്ധപ്രവൃത്തികള്‍ തടയുന്ന നിയമപ്രകാരം നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. കൂടാതെ യു.കെ, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഇയാളുടെ പ്രസംഗങ്ങള്‍ നിരോധിച്ചിട്ടുണ്ട്.