Saturday January 29th, 2022 - 9:18:am

തൊഴില്‍ അവസരങ്ങള്‍ കുറയുന്നു;റിപ്പോര്‍ട്ട് നല്‍കാന്‍ ധനമന്ത്രിയോട് പ്രധാനമന്ത്രി

Raji Mejo
തൊഴില്‍ അവസരങ്ങള്‍ കുറയുന്നു;റിപ്പോര്‍ട്ട് നല്‍കാന്‍ ധനമന്ത്രിയോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്തതിലും, റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന തളര്‍ച്ചയിലും ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക രംഗത്തെ മുരടിപ്പ് ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രി നിര്‍മല സീതാരാമനും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗത്തിലാണ് മോദി സ്വരം കടുപ്പിച്ചത്.
വ്യാഴാഴ്ച വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗം. വാഹന വിപണിയിലെ തകര്‍ച്ച, തൊഴില്‍ അവസരങ്ങള്‍ വേണ്ടത്ര സൃഷ്ടിക്കാന്‍ കഴിയാത്തത്, റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രതിസന്ധികള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചയായി. ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ധനമന്ത്രിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായാണ് സൂചന.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ആശങ്കപരമായ നിലയിലാണ് കടന്നു പോകുന്നതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗമായ രഥിന്‍ റോയി അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഘടനാപരമായ തളര്‍ച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ജനസംഖ്യയിലെ പത്ത് കോടിയോളം വരുന്ന ആളുകളുടെ ഉപഭോഗത്തെ ആശ്രയിച്ചാണ് നിലവില്‍ ഇന്ത്യന്‍ സമ്പദ്ഘടന വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത് ഇപ്പോള്‍ പരമാവധിയിലെത്തി നില്‍ക്കുകയാണെന്ന പ്രതികരണമാണ് രഥിന്‍ റോയി നടത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

English summary
Prime Minister tells finance minister to report job opportunities
topbanner

More News from this section

Subscribe by Email