Monday June 1st, 2020 - 10:21:am

ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പുതിയ പ്രതിമ അനാച്ഛാദനം ചെയ്ത് മമതാ ബാനര്‍ജി

Raji Mejo
 ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പുതിയ പ്രതിമ അനാച്ഛാദനം ചെയ്ത് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമബംഗാളിന്റെ നവോത്ഥാനനായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പതിമ തകര്‍ക്കപ്പെട്ടതിന് ഒരു മാസത്തിനുള്ളില്‍ പുതിയ പ്രതിമ സ്ഥാപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പി പശ്ചിമബംഗാളിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ബംഗാള്‍ ഗുജറാത്തല്ലെന്ന് ഓര്‍ക്കണമെന്നും അനാച്ഛാദനച്ചടങ്ങിലെ പ്രസംഗത്തില്‍ ഗവര്‍ണറോട് മമതാ ബാനര്‍ജി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

''ഇതൊരു പ്രതിമ തകര്‍ക്കുന്നതില്‍ അവസാനിക്കുന്നില്ല. അവര്‍ ബംഗാളിന്റെ സംസ്‌കാരമാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. എനിക്ക് ഗവര്‍ണറുടെ പദവിയോട് ബഹുമാനം മാത്രമേയുള്ളൂ. പക്ഷേ എല്ലാ പദവിക്കും ഭരണഘടനാപരമായി പരിമിതികളുണ്ട്. ബംഗാളിനെ ഗുജറാത്താക്കി മാറ്റാനുള്ള ഗൂഢ പദ്ധതിയാണ് നടക്കുന്നത്.

ബംഗാള്‍ ഗുജറാത്തല്ലെന്ന് ഒരു നിമിഷം ഓര്‍ക്കണം. ബംഗാള്‍ സംസ്‌കാരത്തിനൊപ്പമാണ് നിങ്ങള്‍ നടക്കാനുദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്കൊപ്പം വരൂ'', എന്നും ഗവര്‍ണറോട് മമതാ ബാനര്‍ജി പറയുന്നു.

കൊല്‍ക്കത്തയിലെ ഒരു സ്‌കൂളില്‍ വച്ചാണ് പുതിയ പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ പിന്നീട് സംഘര്‍ഷം നടന്ന വിദ്യാസാഗര്‍ കോളേജില്‍ സ്ഥാപിക്കും. പശ്ചിമബംഗാളില്‍ ബിജെപി - തൃണമൂല്‍ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെയാണ് പുതിയ പ്രതിമയുടെ അനാച്ഛാദനം മമതാ ബാനര്‍ജി നടത്തുന്നത്.

'ജയ് ശ്രീറാം' എന്ന് വിളിച്ച് റാലി നടത്തുമെന്നും മമത എന്ത് ചെയ്യുമെന്ന് കാണട്ടെ എന്നും വെല്ലുവിളിച്ചുകൊണ്ട് മെയ് 14-ന് തെരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷാ നടത്തിയ 'സേവ് റിപ്പബ്ലിക്' റാലി അക്രമാസക്തമായിരുന്നു.

രാമന്റെയും ഹനുമാന്റെയും വേഷങ്ങള്‍ ധരിച്ച പ്രവര്‍ത്തകര്‍ കാവി ബലൂണുകളുമായി കൊല്‍ക്കത്തയില്‍ റാലിയില്‍ അണി നിരന്നു. കൊല്‍ക്കത്ത നഗരമധ്യത്തില്‍ ഇരുപാര്‍ട്ടി പ്രവര്‍ത്തകരും ഏറ്റുമുട്ടി. വഴിയരികില്‍ നിരവധി സ്ഥാപനങ്ങളും ബോര്‍ഡുകളും തകര്‍ക്കപ്പെട്ടു. ബംഗാളില്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും തകര്‍ക്കപ്പെട്ടു.

ഇതേത്തുടര്‍ന്ന് 'പ്രതിമ'യെച്ചൊല്ലി വന്‍ രാഷ്ട്രീയവിവാദങ്ങളാണ് പശ്ചിമബംഗാളിലുണ്ടായത്. പ്രതിമ തകര്‍ത്തത് ബി.ജെ.പിയാണെന്ന് തൃണമൂലും മറിച്ചാണെന്ന് ബി.ജെ.പിയും പരസ്പരം ആരോപിച്ചു. അക്രമം പരിധി വിട്ടപ്പോള്‍ പശ്ചിമബംഗാളില്‍ ഒരു ദിവസം നേരത്തേ പരസ്യപ്രചാരണം അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

പ്രചാരണം വെട്ടിച്ചുരുക്കിയതിനെച്ചൊല്ലി പ്രധാനമന്ത്രി നരേന്ദ്രമോദിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കൊമ്പു കോര്‍ത്തിരുന്നു. അക്രമത്തില്‍ തകര്‍ക്കപ്പെട്ട ബംഗാള്‍ നവോത്ഥാന നായകന്‍ ഈശ്വര്‍ ചന്ദ്രവിദ്യാസാഗറിന്റെ പതിമ പുനര്‍നിര്‍മിക്കുമെന്ന് മോദി ഉത്തര്‍പ്രദേശില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രഖ്യാപിച്ചു.

പ്രതിമ തകര്‍ത്തത് എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വീഡിയോകള്‍ പുറത്തു വിട്ടിരുന്നു. ബംഗാള്‍ ജനതയുടെ വികാരപ്രശ്‌നം കൂടിയായ പ്രതിമ തകര്‍ക്കല്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞാണ് പുതിയ പ്രതിമ പഞ്ചലോഹങ്ങള്‍ ചേര്‍ത്ത് നിര്‍മിക്കുമെന്ന് മോദി പ്രഖ്യാപിച്ചത്.

എന്നാല്‍ ബംഗാളിന്റെ സ്വന്തം ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ പുനര്‍നിര്‍മിക്കാന്‍ മോദിയുടെ സഹായം വേണ്ടെന്ന് മമതാ ബാനര്‍ജി പറഞ്ഞു. ''ബി.ജെ.പി തന്നെ തകര്‍ത്ത പ്രതിമ വീണ്ടും നിര്‍മിക്കാന്‍ ബംഗാളിനറിയാം. അതിന് മോദിയുടെ പണം ആവശ്യമില്ല'', മമത പറഞ്ഞു. പ്രതിമ നിര്‍മിക്കുമെന്ന് പ്രഖ്യാപിക്കുന്ന മോദി 200 വര്‍ഷത്തെ സംസ്‌കാരവും ചരിത്രവും തിരിച്ചു തരുമോ എന്നും മമത ചോദിച്ചിരുന്നു.

അന്നത്തെ അക്രമങ്ങള്‍ക്ക് ഇപ്പോഴും പശ്ചിമബംഗാളില്‍ അയവില്ല. കഴിഞ്ഞ ദിവസം 24 നോര്‍ത്ത പര്‍ഗാനാസ് ജില്ലയിലുണ്ടായ വെടിവെപ്പിലും സംഘര്‍ഷത്തിലും നാല് പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയും ഇതേ ഇടത്ത് ക്രൂഡ് ബോംബേറുണ്ടായി. രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

English summary
Mamata Banerjee unveiled a new statue of Ishwar Chandra Vidyasagar
topbanner

More News from this section

Subscribe by Email