Monday October 21st, 2019 - 3:04:am
topbanner

മഹാരാഷ്ട്രയിലും ഹരിയാണയിലും 'ന്യായ്' പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു

Raji Mejo
 മഹാരാഷ്ട്രയിലും ഹരിയാണയിലും 'ന്യായ്' പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു

ന്യൂഡല്‍ഹി:ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ ആകര്‍ഷിക്കാനായില്ലെങ്കിലും 'ന്യായ്' (ന്യൂനതം ആയ് യോജന) പദ്ധതി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രചാരണായുധമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഹരിയാണ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ 'ന്യായ്' ഉള്‍പ്പെടുത്തുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 25 കോടി ജനങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി ലോക്സഭാ തിരഞ്ഞെടുപ്പുവേളയിലെ കോണ്‍ഗ്രസിന്റെ പ്രധാനവാഗ്ദാനമായിരുന്നു. അഞ്ചുകോടി കുടുംബങ്ങള്‍ക്ക് (25 കോടിയാളുകള്‍) വര്‍ഷം 72,000 രൂപ നേരിട്ട് ബാങ്കക്കൗണ്ട് വഴി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 'ന്യായ്' പ്രഖ്യാപിച്ചത് വളരെ വൈകിയാണെന്നും താഴെത്തട്ടില്‍ ഇക്കാര്യം എത്തിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. 'ഇപ്പോഴത്തെ സാമ്പത്തിക രീതിയില്‍ നടപ്പാക്കാനാവുന്ന രീതിയിലാണിത് തയ്യാറാക്കിയിട്ടുള്ളത്'- അദ്ദേഹം പറഞ്ഞു.

ലോക്സഭ പോലല്ല നിയമസഭാ തിരഞ്ഞെടുപ്പെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. 'അന്ന് മോദിക്കനുകൂലമായി വലിയ വിഭാഗം ചിന്തിച്ചു. നിയമസഭയില്‍ പക്ഷേ, പ്രാദേശിക പ്രശ്‌നങ്ങളാണ് ചര്‍ച്ചയാവുക. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതിനു കാരണം അതാണ്'- മറ്റൊരു നേതാവ് പറഞ്ഞു.

ഹരിയാണയിലെ 19 ശതമാനത്തോളം ദളിത് വിഭാഗക്കാരെ ന്യായ് ആകര്‍ഷിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഡല്‍ഹി തുഗ്ലക്കാബാദിലെ ദളിതരുടെ പ്രാര്‍ഥനാലയമായ സന്ത് രവിദാസ് ക്ഷേത്രം ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി (ഡി.ഡി.എ.) പൊളിച്ചതടക്കം പ്രചാരണപത്രികയില്‍ പരാമര്‍ശിച്ചേക്കും. ക്ഷേത്രം പൊളിച്ചതില്‍ പ്രതിഷേധിക്കാന്‍ ഹരിയാണയില്‍നിന്ന് നൂറുകണക്കിന് ദളിതരാണ് ഡല്‍ഹിയിലെത്തിയത്.

 

Read more topics: Congress , Maharashtra, Haryana
English summary
Congress plans to spread Naik in Maharashtra and Haryana
topbanner

More News from this section

Subscribe by Email