Friday August 23rd, 2019 - 1:44:am
topbanner
topbanner

രാജ്യസഭയില്‍ അംഗബലം വര്‍ധിപ്പിക്കാന്‍ ബി.ജെ.പി. നീക്കം

Raji Mejo
 രാജ്യസഭയില്‍ അംഗബലം വര്‍ധിപ്പിക്കാന്‍ ബി.ജെ.പി. നീക്കം

ന്യൂഡല്‍ഹി: രാജ്യസഭയില്‍ അംഗബലം വര്‍ധിപ്പിക്കാന്‍ ബി.ജെ.പി. നീക്കം ശക്തമാക്കി. എതിര്‍പാളയത്തില്‍ നിന്ന് അംഗങ്ങളെ അടര്‍ത്തിയെടുത്തോ രാജിവെപ്പിച്ചോ ബി.ജെ.പി. പ്രാതിനിധ്യം വര്‍ധിപ്പിക്കാനാണു ശ്രമം. മുത്തലാഖ്, പൗരത്വ ഭേദഗതി ബില്ലുകള്‍ സഭയില്‍ എത്തുന്നതിനുമുമ്പ് അംഗബലം ഇനിയും കൂട്ടാനാണ് കേന്ദ്രനേതൃത്വം നീക്കം നടത്തുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസങ്ങളിലായിരിക്കും ഈ നിര്‍ണായകബില്ലുകള്‍ അവതരിപ്പിക്കുക.

245 അംഗ രാജ്യസഭയില്‍ ബി.ജെ.പി.ക്കു നിലവില്‍ 78 അംഗങ്ങളാണുള്ളത്. വിവിധ പാര്‍ട്ടികളില്‍ നിന്നായി ഈയിടെ ചേക്കേറിയ അംഗങ്ങളുടെ എണ്ണം ഉള്‍പ്പെടെയാണിത്. തെലുഗുദേശം പാര്‍ട്ടിയിലെ നാല് അംഗങ്ങള്‍ കഴിഞ്ഞമാസം ബി.ജെ.പി.യില്‍ ചേര്‍ന്നിരുന്നു. സമാജ്വാദി പാര്‍ട്ടി അംഗമായ നീരജ് ശേഖര്‍ കഴിഞ്ഞയാഴ്ച രാജ്യസഭാംഗത്വം രാജിവെച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നിരുന്നു.

സമാജ്വാദി പാര്‍ട്ടിയില്‍ ഇനിയും അതൃപ്തരായ അംഗങ്ങളുണ്ടെന്നും കൂടുതല്‍പേര്‍ ബി.ജെ.പി.യില്‍ ചേരാന്‍ സാധ്യതയുണ്ടെന്നും നീരജ് ശേഖര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഉത്തര്‍പ്രദേശില്‍നിന്നുള്ള മറ്റ് പാര്‍ട്ടി അംഗങ്ങള്‍ രാജിവെച്ചാല്‍ അവരെ ബി.ജെ.പി. ടിക്കറ്റില്‍ രാജ്യസഭയിലേക്ക് ജയിപ്പിക്കാനാണു തന്ത്രം.

2020-ല്‍ എന്‍.ഡി.എ.യ്ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണു ബി.ജെ.പി.യുടെ കണക്കുകൂട്ടല്‍. എന്നാല്‍, അതിനുമുമ്ബുതന്നെ രാജ്യസഭയില്‍ എന്‍.ഡി.എ.യ്ക്ക് സുഗമമായ നില ലഭിക്കാന്‍ ഇരുപക്ഷത്തും പ്രത്യക്ഷമായി ചേരാതെ നില്‍ക്കുന്ന പാര്‍ട്ടികള്‍ പിന്തുണയ്ക്കുമെന്ന് ഒരു മുതിര്‍ന്നനേതാവ് പറഞ്ഞു. ബി.ജെ.ഡി., വൈ.എസ്.ആര്‍.കോണ്‍ഗ്രസ് പാര്‍ട്ടി, ടി.ആര്‍.എസ്. തുടങ്ങിയ പാര്‍ട്ടികളില്‍നിന്ന് വിഷയാധിഷ്ഠിത പിന്തുണയാണു ബി.ജെ.പി. പ്രതീക്ഷിക്കുന്നത്.

മുത്തലാഖ്, പൗരത്വ ഭേദഗതി ബില്ലുകള്‍ എങ്ങനെയെങ്കിലും രാജ്യസഭയുടെ കടമ്ബ കടത്തുക എന്നതാണ് ബി.ജെ.പി.യുടെ അജന്‍ഡ. ലോക്സഭയില്‍ അനായാസം പാസാകുമെങ്കിലും രാജ്യസഭയിലെ അംഗബലം പ്രധാന തടസ്സമാണ്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലും രാജ്യസഭയുടെ കടമ്ബ കടക്കാന്‍ മുത്തലാഖ് ബില്ലിനു കഴിഞ്ഞില്ല. തുടര്‍ന്ന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുകയായിരുന്നു.

Read more topics: BJP, increase, Rajya Sabha
English summary
BJP to increase Rajya Sabha seat Remove
topbanner

More News from this section

Subscribe by Email