Thursday August 13th, 2020 - 2:46:pm

ആലപ്പുഴയില്‍ കാമുകന്റെ കാറില്‍ യുവതി ആത്മഹത്യ ചെയ്ത കേസ്: പ്രതിക്ക് അഞ്ചുവര്‍ഷം തടവ്

rajani v
ആലപ്പുഴയില്‍ കാമുകന്റെ കാറില്‍ യുവതി ആത്മഹത്യ ചെയ്ത കേസ്: പ്രതിക്ക് അഞ്ചുവര്‍ഷം തടവ്

ആലപ്പുഴ: വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കപ്പെട്ട യുവതി കാമുകന്റെ കാറില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതിക്ക് അഞ്ചുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും.കനാല്‍ വാര്‍ഡില്‍ ദര്‍ശന (ആഞ്ഞിലിപ്പറമ്പ്)യില്‍ സുകുമാരന്റെയും പി കെ ശ്യാമളയുടെയും മകള്‍ സീമ (32) മരിച്ച കേസിലാണ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് ആറാട്ടുകുളം രാജു തോമസിനെ ആലപ്പുഴ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി പി കെ മോഹന്‍ദാസ് ശിക്ഷിച്ചത്.2008 ഡിസംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സൗത്ത് പൊലീസ് സ്റ്റേഷന് പടിഞ്ഞാറ് കണ്ണന്‍വര്‍ക്കി പാലത്തിന് സമീപം രാജുതോമസിന്റെ കാറിന്റെ മുന്‍സീറ്റില്‍ സീമയെ മരിച്ച നിലയില്‍ കാണുകയായിരുന്നു.രാജു തോമസിന്റേതായി ഒരു കത്തും കാറില്‍ ഉണ്ടായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാജു തോമസിന്റെ പങ്ക് വ്യക്തമായത്.1994 മുതല്‍ രാജുതോമസും സീമയും സ്നേഹത്തിലായിരുന്നു.2000ല്‍ മുഹമ്മ സ്വദേശി സന്തോഷ്‌കുമാറുമായി സീമ വിവാഹിതയായി.രാജു തോമസിന്റെ പ്രേരണയില്‍ 2004ല്‍ വിവാഹബന്ധം വേര്‍പെടുത്തിയ സീമ ആറുവര്‍ഷത്തോളം രാജു തോമസുമായി ഭാര്യാ ഭര്‍ത്താക്കന്മാരെപ്പോലെ കഴിഞ്ഞു.

ഇതിനിടയില്‍ സീമയുടെ വീട്ടുകാരും നാട്ടുകാരുമെല്ലാം ഇവര്‍ വിവാഹിതരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പലതവണ രജിസ്റ്റര്‍ വിവാഹം എന്ന് വാഗ്ദാനം നല്‍കിയെങ്കിലും സമയമാകുമ്പോള്‍ രാജുതോമസ് ഒഴിഞ്ഞുമാറി.ഇയാളുടെ വീട്ടുകാര്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു.

ഒടുവില്‍ 2008ല്‍ ഡിസംബര്‍ 11ന് തൃപ്പൂണിത്തുറ സബ്രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ വിവാഹം നടത്താമെന്ന് രാജുതോമസ് സീമയ്ക്ക് ഉറപ്പുനല്‍കി.രാവിലെ കല്ലുപാലത്തിന് സമീപം എത്തണമെന്നും താന്‍ കാറുമായി എത്താമെന്നും ഇയാള്‍ പറഞ്ഞു.

വിവാഹത്തിന് തയാറായി സ്‌കൂട്ടറില്‍ പറഞ്ഞ സ്ഥലത്ത് സീമ എത്തി. രാജു തോമസ് കാറുമായി എത്തുകയും ചെയ്തു. മുമ്പ് പലപ്പോഴും തന്നെ പറഞ്ഞുപറ്റിച്ചതിനാല്‍ ഇനി വാക്കുമാറിയാല്‍ ആത്മഹത്യചെയ്യുമെന്ന് സീമ ഭീഷണിപ്പെടുത്തിയിരുന്നു

ഇതിനായി പൊട്ടാസ്യം സയനൈഡും സീമ കൈയില്‍ കരുതിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.പതിവുപോലെ ഇക്കുറിയും രജിസ്റ്റര്‍ വിവാഹം നടക്കില്ലെന്ന് രാജു തോമസ് പറഞ്ഞു.ഇരുവരും തമ്മില്‍ പിണങ്ങുകയും സീമ കാറിന്റെ മുന്‍സീറ്റില്‍ വന്നിരുന്ന് സയനൈഡ് കഴിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

സംഭവസ്ഥലത്തുനിന്നും ഒരു കിലോമീറ്റര്‍ പോലും ദൂരമില്ലാത്ത മെഡിക്കല്‍ കോളേജ് ആശുപത്രിയിലോ മറ്റേതെങ്കിലും ആശുപത്രികളിലോ എത്തിച്ച് സീമയുടെ ജീവന്‍ രക്ഷിക്കാന്‍ രാജു തോമസ് ശ്രമിച്ചില്ല. പകല്‍ മുഴുവന്‍ സീമയുടെ മൃതദേഹവുമായി രാജുതോമസ് കാറില്‍ ചുറ്റിത്തിരിഞ്ഞു.

താന്‍ വിവാഹം കഴിക്കാത്ത ഭാര്യയാണ് ഇതെന്നും ഇവരുടെ മരണത്തിന് തനിക്ക് പങ്കില്ലെന്നും കത്തെഴുതിവച്ച് രാത്രി കണ്ണന്‍വര്‍ക്കി പാലത്തിന് സമീപം കാര്‍ ഉപേക്ഷിച്ച് രാജുതോമസ് കടന്നുകളഞ്ഞു. പ്രതിയുടെ അമ്മ പറഞ്ഞാണ് പൊലീസ് സംഭവമറിയുന്നത്.രാജുതോമസ് കൊലപ്പെടുത്തി എന്ന നിലയിലായിരുന്നു കേസ് അന്വേഷണം ആരംഭിച്ചത്.

ഡിസിആര്‍ബി ഡിവൈഎസ്പി അശോക്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കേസ് കോടതിയിലെത്തിയെങ്കിലും പ്രോസിക്യൂഷന്‍ നടപടി അനന്തമായി നീണ്ടു. തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സീമയുടെ അമ്മ പി കെ ശ്യാമള മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നല്‍കി.സംസ്ഥാന സര്‍ക്കാര്‍ അഡ്വ. എ മുഹമ്മദിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടറായി നിയമിച്ചതോടെയാണ് പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനായത്.

 

Read more topics: women, suicide, boyfriend,car, alappuzha
English summary
women suicide boyfriend car alappuzha
topbanner

More News from this section

Subscribe by Email