ടി-20 ലോകകപ്പില്‍ പാകിസ്താന്‍ ഇന്ത്യയെ കീഴടക്കും: ഷൊഐബ് അക്തര്‍

google news
ടി-20 ലോകകപ്പില്‍ പാകിസ്താന്‍ ഇന്ത്യയെ കീഴടക്കും: ഷൊഐബ് അക്തര്‍

ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പില്‍ പാകിസ്താന്‍ ഇന്ത്യയെ കീഴടക്കുമെന്ന് മുന്‍ പാക് താരം ഷൊഐബ് അക്തര്‍. പാകിസ്താനാണ് മികച്ച ടി-20 ടീം എന്നും ഇന്ത്യന്‍ മാധ്യമങ്ങളാണ് ടീമിനു മേല്‍ അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാക്കുന്നതെന്നും അക്തര്‍ പറഞ്ഞു. ഒക്ടോബര്‍ 23ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ചാണ് ഇന്ത്യ പാകിസ്താന്‍ മത്സരം.

‘ഞങ്ങള്‍ വീണ്ടും ഇന്ത്യയെ മെല്‍ബണില്‍ കീഴടക്കും. ടി-20യില്‍ ഇന്ത്യയെക്കാള്‍ നല്ല ടീം പാകിസ്താനാണ്. ഇന്ത്യന്‍ മാധ്യമങ്ങളാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുമ്പോഴെല്ലാം ഇന്ത്യന്‍ ടീമിനു മേല്‍ അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാക്കുന്നത്. ഇന്ത്യ തോല്‍ക്കുക എന്നത് വളരെ സ്വാഭാവികമായ ഒരു കാര്യമാണ്.”- അക്തര്‍ പറഞ്ഞു.

വരുന്ന ലോകകപ്പ് സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയും പാകിസ്താനും ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനുമൊപ്പം ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളും യോഗ്യതാമത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകളും കൂടി ഗ്രൂപ്പില്‍ ഉണ്ടാവും. ഗ്രൂപ്പ് ഒന്നില്‍ ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ക്കൊപ്പം യോഗ്യതാ മത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകള്‍ ഉണ്ടാവും.

ഒക്ടോബര്‍ 16നാണ് ആദ്യഘട്ട മത്സരങ്ങള്‍ ആരംഭിക്കുക. ശ്രീലങ്ക, നമീബിയ മത്സരമാണ് ആദ്യത്തേത്. ഒക്ടോബര്‍ 22ന് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ തുടങ്ങും. കഴിഞ്ഞ എഡിഷനിലെ ഫൈനലിസ്റ്റുകളായ ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. ഈ മത്സരം സിഡ്‌നിയില്‍ നടക്കും. ഇന്ത്യ-പാകിസ്താന്‍ മത്സരം എംസിജിയിലാണ്. നവംബര്‍ 13ന് എംസിജിയില്‍ ഫൈനല്‍. സിഡ്‌നിയും അഡലെയ്ഡുമാണ് സെമിഫൈനലുകള്‍ക്ക് വേദിയാവുക.

The post ടി-20 ലോകകപ്പില്‍ പാകിസ്താന്‍ ഇന്ത്യയെ കീഴടക്കും: ഷൊഐബ് അക്തര്‍ first appeared on Keralaonlinenews.

Tags